തൃശ്ശൂര്‍ പൂരം: ചടങ്ങ് മാത്രമാക്കി ആഘോഷിക്കുമെന്ന് തിരുവമ്പാടി; 15 ആനകളെ എഴുന്നള്ളിച്ച് ആഘോഷമാക്കുമെന്ന് പാറമേക്കാവ്

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരം ചടങ്ങ് മാത്രമാക്കി ആഘോഷിക്കുമെന്ന് തിരുവമ്പാടി വിഭാഗം.
പ്രൗഡഗംഭീരമായ ആഘോഷങ്ങളില്‍ നിന്നും പിന്മാറുകയാണെന്ന് തിരുവമ്പാടി ദേവസ്വം അറിയിച്ചു.

പൂരം ഒരാനപ്പുറത്ത് മാത്രമായി പ്രതീകാത്മകമായി നടത്തും. ഈ പ്രാവശ്യത്തെ കുടമാറ്റത്തില്‍ നിന്നും തിരുവമ്പാടി പിന്മാറിയിട്ടുണ്ട്. മഠത്തില്‍ വരവിന്റെ പഞ്ചവാദ്യവും പേരിന് മാത്രമായിരിക്കും.

എന്നാല്‍ ഇതിനോടകം ഒരുക്കിയ വെടിക്കോപ്പുകളെല്ലാം പൊട്ടിക്കുമെന്നും തങ്ങളുടെ തീരുമാനം കളക്ടറെ അറിയിച്ചിട്ടുണ്ടെന്നും തിരുവമ്പാടി വിഭാഗം വ്യക്തമാക്കി.

കൊവിഡ് വ്യാപനത്തോത് ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പൂര്‍ണമായും അംഗീകരിക്കുമെന്ന് തിരുവമ്പാടി ദേവസ്വം ഭാരവാഹികള്‍ പറഞ്ഞു.

അതേസമയം പൂരം ആഘോഷമായി നടത്താനാണ് പാറമേക്കാവ് വിഭാഗത്തിന്റെ തീരുമാനം. 15 ആനകളെ എഴുന്നള്ളിക്കും. ഇലഞ്ഞിത്തറമേളവും വെടിക്കെട്ടും 24ലെ പകല്‍ പൂരവും നടത്തും. കുടമാറ്റവും സാമ്പിള്‍ വെടിക്കെട്ടും പ്രതീകാത്മകമാകും. അതേസമയം, ചമയപ്രദര്‍ശനം, പൂരക്കഞ്ഞി വിതരണം എന്നിവ ഒഴിവാക്കിയതായി പാറമേക്കാവ് ദേവസ്വം ഭാരവാഹികള്‍ വ്യക്തമാക്കി.

ഘടകപൂരങ്ങള്‍ക്കും ആവശ്യമായ ആനകളെ നല്‍കുമെന്നും പാറമേക്കാവ് അറിയിച്ചു. കുടമാറ്റം പ്രതീകാത്മകമായിട്ടാവും നടത്തുക. തിരുവമ്പാടി കുടമാറ്റത്തില്‍ നിന്നും പിന്മാറിയ സാഹചര്യത്തിലാണ് പാറമേക്കാവിന്റെ ഈ തീരുമാനം.

തൃശൂര്‍ പൂരം ചടങ്ങുകള്‍ മാത്രമായി നടത്താന്‍ ധാരണ ആയിരുന്നു. പൂരത്തില്‍ പൊതുജനങ്ങളെ പ്രവേശിപ്പിക്കില്ല. ചീഫ് സെക്രട്ടറിയുമായി നടന്ന യോഗത്തിലാണ് തീരുമാനം. ദേവസ്വം ഭാരവാഹികള്‍ ഈ നിര്‍ദ്ദേശം അംഗീകരിച്ചിട്ടുണ്ട്. പൂരം നടത്തിപ്പുകാര്‍, സംഘാടകര്‍, ആന പാപ്പാന്മാര്‍ തുടങ്ങിയ ആളുകള്‍ക്കാവും പൂരപ്പറമ്പിലേക്ക് പ്രവേശനം ഉണ്ടാവുക. മറ്റാര്‍ക്കും പൂരപ്പറമ്പിലേക്ക് പ്രവേശനം ഉണ്ടാവില്ല. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച അന്തിമ തീരുമാനം എടുക്കാന്‍ ഒരു മെഡിക്കല്‍ സംഘത്തെ ചീഫ് സെക്രട്ടറി നിര്‍ദ്ദേശിച്ചു.

Exit mobile version