തൃശ്ശൂര്‍ പൂരത്തിന് കാണികളെ ഒഴിവാക്കിയേക്കും: നിലപാട് മയപ്പെടുത്തി ദേവസ്വങ്ങള്‍; ദൃശ്യ, നവ മാധ്യമങ്ങളിലൂടെ തല്‍സമയം പൂരം കാണാം

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തില്‍ കാണികളെ ഒഴിവാക്കാന്‍ ആലോചന. കാണികളെ തീര്‍ത്തും ഒഴിവാക്കി ചുരുക്കം ചില സംഘാടകരും ചടങ്ങ് നടത്തുന്ന ദേവസ്വം ജീവനക്കാരും നടത്തിപ്പുകാരും ആനക്കാരും മേളക്കാരും മാത്രം പങ്കെടുത്ത് പൂരത്തിന്റെ ചടങ്ങുകള്‍ നടത്താനാണ് ആലോചന.

ഇന്നാണ് തൃശൂര്‍ പൂരം നടത്തിപ്പില്‍ നിലപാട് മയപ്പെടുത്തി ദേവസ്വങ്ങള്‍ രംഗത്തെത്തിയത്. ദൃശ്യ, നവ മാധ്യമങ്ങളിലൂടെ തല്‍സമയം പൂരം കാണാന്‍ സംവിധാനം ഒരുക്കാനും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ദേവസ്വം പ്രതിനിധികളുമായി സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥര്‍ ചര്‍ച്ചകള്‍ നടത്തുകയാണ് ഇപ്പോള്‍. ഇക്കാര്യത്തില്‍ വൈകിട്ട് ചീഫ് സെക്രട്ടറിയുമായി ദേവസ്വം പ്രതിനിധികള്‍ നടത്തുന്ന ചര്‍ച്ച നിര്‍ണായകമാകും.

പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ ദേവസ്വങ്ങളെ നിലപാട് മാറ്റി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചുവെന്നാണ് സൂചന. വലിയ ആള്‍ക്കൂട്ടം പൂരത്തിന് ഇരച്ചുവന്നാല്‍ അത് കൊവിഡിന്റെ വന്‍ വ്യാപനത്തിന് ഇടയാക്കുമെന്ന വലിയ വിമര്‍ശനങ്ങള്‍ സമൂഹമാധ്യമങ്ങളിലും പൊതുസമൂഹത്തിലും ഉയര്‍ന്നിരുന്നതാണ്.

എന്നാല്‍ പൂരം ചടങ്ങുകളടക്കം ഒഴിവാക്കാന്‍ പാടില്ലെന്ന കടുത്ത നിലപാട് സ്വീകരിച്ച് വന്നിരുന്ന ദേവസ്വങ്ങള്‍ സര്‍ക്കാര്‍ പ്രതിനിധികളുമായി നടത്തിവരുന്ന ചര്‍ച്ചകളിലാണ് നിലപാട് മയപ്പെടുത്താന്‍ തയ്യാറാകുന്നത്. പൂരം നടത്തിപ്പ് എങ്ങനെ വേണമെന്ന കാര്യത്തില്‍ ഒരു മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാമെന്ന നിര്‍ദേശം ദേവസ്വങ്ങള്‍ അംഗീകരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. പൂരം നടത്തിപ്പില്‍ വേണ്ട നിയന്ത്രണങ്ങള്‍ എന്തൊക്കെയെന്ന് ഈ മെഡിക്കല്‍ ബോര്‍ഡിന് നിര്‍ദേശിക്കാം. ആ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് ചടങ്ങുകള്‍ നടത്താന്‍ ദേവസ്വങ്ങള്‍ തയ്യാറാണ്.

ഇന്ന് വൈകിട്ട് നാല് മണിക്കാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ദേവസ്വങ്ങളുമായി പൂരം നടത്തിപ്പ് എങ്ങനെ വേണമെന്ന് തീരുമാനിക്കാന്‍ നിര്‍ണായകമായ യോഗം നടക്കുന്നത്. ഈ യോഗത്തില്‍ ഇക്കാര്യങ്ങളില്‍ അന്തിമതീരുമാനമുണ്ടാകും. പൂരം കാണികളെ ഒഴിവാക്കി നടത്താന്‍ തീരുമാനിച്ചാല്‍ അത് ആരോഗ്യവകുപ്പിനും ജില്ലാ ഭരണകൂടത്തിനും വലിയ ആശ്വാസമാകും.

പൂരത്തിന് കാണികളെ അനുവദിക്കുന്ന കാര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് ജില്ലാ ഭരണകൂടം തീരുമാനിച്ചിരുന്നത്. വാക്‌സീന്‍ എടുത്തവര്‍ക്കും ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ പൂരപ്പറമ്പിലേക്ക് പ്രവേശനമുണ്ടാകില്ല. ഇതിനായി കൊവിഡ് ജാഗ്രത പോര്‍ട്ടലിലോ ജില്ലാ ഭരണകൂടം സജ്ജീകരിച്ച പ്രത്യേക പോര്‍ട്ടലിലോ റജിസ്റ്റര്‍ ചെയ്യണം. ഇവിടെ നിന്ന് കിട്ടുന്ന പാസ് ഉപയോഗിച്ചേ റൗണ്ടുകളിലേക്ക് പ്രവേശിക്കാനാകൂ.

റൗണ്ടുകള്‍ക്ക് ചുറ്റും പോലീസ് പരിശോധനയുണ്ടാകും. റൗണ്ടുകള്‍ക്ക് ചുറ്റും നിന്ന് വെടിക്കെട്ടോ കുടമാറ്റമോ കാണാനാകില്ല. പൂരം എക്‌സിബിഷന് പകുതി സ്റ്റാളുകളേ ഉണ്ടാകൂ എന്നിങ്ങനെ കര്‍ശനനിയന്ത്രണങ്ങള്‍ നടപ്പിലാക്കാനായിരുന്നു തീരുമാനം. എന്നാല്‍ നിരവധി ആളുകള്‍ ഇരച്ചെത്തിയാല്‍ ഈ നിയന്ത്രണങ്ങള്‍ എങ്ങനെ നടപ്പിലാക്കുമെന്ന കാര്യത്തില്‍ കടുത്ത ആശങ്കയാണ് നിലനിന്നിരുന്നത്.

Exit mobile version