കോവിഡ് രോഗികളെ പരിചരിക്കാൻ കേരളം സജ്ജം; 50 ലക്ഷം ഡോസ് വാക്‌സിന് പകരം സംസ്ഥാനത്തുള്ളത് 5 ലക്ഷം ഡോസ് മാത്രം: കെകെ ശൈലജ

kk-shailaja_

തിരുവനന്തപുരം: സംസ്ഥാനം കോവിഡിനെതിരെ ശക്തമായ പ്രതിരോധം തീർക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. രാജ്യത്ത് കോവിഡ് വ്യാപനത്തിൽ വൻ വർധനയുണ്ടെന്നാണ് വിലയിരുത്തൽ. കേരളത്തിൽ പരിശോധനകൾ വർധിപ്പിച്ചു. കൂട്ടപ്പരിശോധനാ ഫലം വന്നാലും രോഗികളെ പരിചരിക്കാൻ കേരളം സജ്ജമാണെന്നും 50 ലക്ഷം ഡോസ് വാക്‌സിനുകൾ ഉടൻ സംസ്ഥാനത്തിനു വേണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. 50 ലക്ഷം വാക്‌സിൻ വേണ്ടിടത്ത് സംസ്ഥാനത്ത് അഞ്ചര ലക്ഷം മാത്രമേ സ്റ്റോക്കുള്ളൂവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, സംസ്ഥാനത്ത് ഇന്നലെ 1,33,836 പേരെയാണ് കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇന്നും ഇതേ നിലതുടർന്നാൽ കൂട്ടപ്പരിശോധന വിജയകരമാവും. ഇന്നു വൈകിട്ടുള്ള കോവിഡ് കണക്കിൽ ആദ്യ ദിവസത്തെ കൂട്ടപ്പരിശോധനയുടെ ഫലം ഉൾപ്പെടുത്തിയേക്കും. പരിശോധന കൂടിയതുകൊണ്ട് സ്വാഭാവികമായും പ്രതിദിന രോഗബാധ വലിയ തോതിൽ ഉയർന്നേക്കും.

കോവിഡ് കൂട്ടപ്പരിശോധനയുടെ ഫലം ഇന്ന് പ്രസിദ്ധീകരിച്ചേക്കുമെന്നാണ് വിവരം. രോഗവ്യാപന നിരക്ക് ഉയർന്നാൽ പ്രാദേശിക നിയന്ത്രണങ്ങൾ കടുപ്പിക്കും. ഇന്നലെ രണ്ട് ലക്ഷം ഡോസ് വാക്‌സിൻ കൂടി സംസ്ഥാനത്തെത്തിയതോടെ വാക്‌സിൻ ക്ഷാമത്തിനു താൽകാലിക പരിഹാരമായി. രണ്ടാം തരംഗത്തെ പ്രതിരോധിക്കാൻ കേരളം പരീക്ഷിക്കുന്ന ആദ്യ ആയുധങ്ങളാണ് കൂട്ടപ്പരിശോധനയും കൂട്ടവാക്‌സിനേഷനും. ഇവ രണ്ടും ഇതുവരെ കാര്യക്ഷമമായി പുരോഗമിക്കുന്നുണ്ട്. ഇന്നലെയും ഇന്നുമായി രണ്ട് ലക്ഷം പരിശോധനയെന്നതാണു ലക്ഷ്യം. രോഗമുള്ളവരെ വേഗത്തിൽ കണ്ടെത്തി ക്വാറന്റീനിലാക്കി വ്യാപനം തടയുകയാണ് ഉദേശിക്കുത്.

Exit mobile version