വാക്സിനെടുത്താല്‍ നോമ്പ് മുറിഞ്ഞ് പോവില്ല: എല്ലാവരും കോവിഡ് വാക്‌സിന്‍ എടുക്കണമെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍

കോഴിക്കോട്: കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ എല്ലാവരും നിര്‍ബന്ധമായും വാക്സിന്‍ സ്വീകരിക്കണമെന്ന് സംയുക്ത മുസ്ലീം ജമാഅത്ത് ഖാസി ജിഫ്രി മുത്തുക്കോയ തങ്ങള്‍.

വ്രതം അനുഷ്ഠിച്ചു കൊണ്ട് വാക്സിന്‍ എടുക്കുന്നത് നോമ്പിന് തടസ്സമാവില്ലെന്നും നോമ്പ് മുറിഞ്ഞ് പോവില്ലെന്നും എല്ലാ വിശ്വാസികളും അറിഞ്ഞിരിക്കേണ്ടതാണെന്നും മുത്തുക്കോയ തങ്ങള്‍ വ്യക്തമാക്കി.

സംസ്ഥാനത്ത് കൊവിഡ്-19 രോഗവ്യാപനം കൂടുന്ന സാഹചര്യത്തിലാണ് അറിയിപ്പ്.
സംസ്ഥാനത്ത് ഇന്നലെ 10,031 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1560, എറണാകുളം 1391, മലപ്പുറം 882, കോട്ടയം 780, തിരുവനന്തപുരം 750, ആലപ്പുഴ 745, തൃശൂര്‍ 737, കണ്ണൂര്‍ 673, കാസര്‍ഗോഡ് 643, പാലക്കാട് 514, കൊല്ലം 454, വയനാട് 348, ഇടുക്കി 293, പത്തനംതിട്ട 261 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

അതേസമയം സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്‍ ക്ഷാമം രൂക്ഷമാവുകയാണ്. കേന്ദ്ര സര്‍ക്കാര്‍ വേണ്ടത്ര വാക്‌സിന്‍ അനുവദിക്കാത്തതിനാലാണ് സംസ്ഥാനം കടുത്ത പ്രതിസന്ധിയിലായത്.

Exit mobile version