നോമിനേഷന്‍ അവസാനിപ്പിച്ച് കോണ്‍ഗ്രസില്‍ സംഘടന തെരഞ്ഞെടുപ്പ് നടത്തണം; പ്രവര്‍ത്തകര്‍ തെരുവില്‍ തമ്മില്‍ തല്ലുമെന്ന് പറഞ്ഞ് ഒഴിവാക്കരുത്: കെ മുരളീധരന്‍

തിരുവനന്തപുരം: നോമിനേഷന്‍ സംവിധാനം അവസാനിപ്പിച്ച് കോണ്‍ഗ്രസില്‍ സംഘടന തെരഞ്ഞെടുപ്പ് നടത്തണമെന്ന് കെ മുരളീധരന്‍. പ്രവര്‍ത്തകര്‍ തെരുവില്‍ തല്ലുണ്ടാക്കുമെന്ന് പറഞ്ഞ് തെരഞ്ഞെടുപ്പിനെ ഒഴിവാക്കരുത്. തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ആകണം ഇനി പാര്‍ട്ടിയെ നയിക്കേണ്ടത് എന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

പുനഃസംഘടന വേണമെന്ന കെ സുധാകരന്റെ ആവശ്യത്തെയും മുരളീധരന്‍ പിന്തുണച്ചു.പ്രവര്‍ത്തിക്കാത്ത നേതാക്കളും പ്രവര്‍ത്തകരും പാര്‍ട്ടിക്ക് ബാധ്യതയാണെന്നും തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം പുനഃസംഘടന ചര്‍ച്ച ചെയ്യണമെന്നും മുരളീധരന്‍ വ്യക്തമാക്കി.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവിലെ തന്റെ പോസ്റ്ററുകള്‍ കരമന ആറ്റില്‍ ഒഴുക്കിയിട്ടുണ്ടെന്ന് മുരളീധരന്‍ ചൂണ്ടിക്കാട്ടി. വട്ടിയൂര്‍ക്കാവ് സ്ഥാനാര്‍ഥിയുടെ പോസ്റ്ററുകള്‍ ആക്രിക്കടയിലും വാഴത്തോട്ടത്തിലും ഉപേക്ഷിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു കെ മുരളീധരന്‍. നേമത്ത് താന്‍ വിജയിക്കുമെന്നും മുരളീധരന്‍ ആവര്‍ത്തിച്ചു.

Exit mobile version