ഭീമ ജ്വല്ലറി ഉടമയുടെ വീട്ടില്‍ വന്‍ മോഷണം: സ്വര്‍ണ്ണവും വജ്രവും നഷ്ടമായി; മോഷണം നടന്നത് അതീവ സുരക്ഷാമേഖലയില്‍

തിരുവനന്തപുരം: ഭീമ ജ്വല്ലറി ഉടമ ഡോ.ഗോവിന്ദന്റെ വീട്ടില്‍ വന്‍ മോഷണം. തിരുവനന്തപുരത്തെ കവടിയാറുള്ള കൃഷാന എന്ന വീട്ടിലാണ് മോഷണം നടന്നത്. രണ്ടര ലക്ഷം രൂപയുടെ ഡയമണ്ടും 60,000 രൂപയും മോഷണം പോയി.

അതീവ സുരക്ഷാമേഖലയില്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥരും കാവല്‍ വളര്‍ത്തുനായ്ക്കളുമുള്ള വീട്ടിലാണ് മോഷണം നടന്നത്. പ്രതിയെന്ന് സംശയിക്കുന്ന യുവാവിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. സമീപത്തെ ഏതെങ്കിലും കെട്ടിടത്തില്‍ നിന്നും യുവാവ് പുരയിടത്തില്‍ പ്രവേശിച്ചു എന്നാണ് പോലീസിന്റെ നിഗമനം.

പുലര്‍ച്ചെ ഒന്നരയ്ക്കും മൂന്നിനുമിടയിലൂമാണ് സംഭവമെന്നാണ് പോലീസ് വിശദീകരണം. ബംഗളൂരുവിലേക്ക് പോകാന്‍ മകള്‍ തയ്യാറാക്കി വച്ചിരുന്ന ബാഗില്‍ സൂക്ഷിച്ചിരുന്ന ഡയമണ്ട് ആഭരണങ്ങളും അറുപതിനായിരം രൂപയുമാണ് മോഷണം പോയത്.

വീടിന് പുറകിലുള്ള കോറിഡോര്‍ വഴിയാണ് കള്ളന്‍ അകത്ത് കയറിയതെന്നാണ് സിസിടിവി ദൃശ്യങ്ങളിലൂടെ മനസിലാകുന്നതെന്ന് പോലീസ് അറിയിച്ചു. ഒരു ജനല്‍പാളി തുറക്കാന്‍ കഴിയുമായിരുന്നു. ഇതുവഴിയാണ് കള്ളന്‍ അകത്ത് കയറിയത്. അടുത്ത വീടുവഴി ഇവരുടെ കോംബൗണ്ടിലേക്ക് ചാടിക്കടക്കാനാണ് സാധ്യതയെന്നാണ് പോലീസ് നിഗമനം.

സുരക്ഷാ സംവിധാനമുള്ള വീട്ടില്‍ കൃത്യമായ ആസൂത്രണത്തോടെയാണ് മോഷണം നടന്നതെന്നാണ് പോലീസ് നിഗമനം. വിരളടയാള വിദഗ്ദര്‍ എത്തി പരിശോധന നടത്തി. ധാരാളം ജീവനക്കാരും വലിയ സുരക്ഷയുമുള്ള വീട്ടില്‍ നടന്ന മോഷണം പോലീസിന് അതിശയിപ്പിക്കുകയാണ്.

Exit mobile version