കിലോയ്ക്ക് 10 രൂപ! യുഡിഎഫ് സ്ഥാനാര്‍ത്ഥി വീണ നായരുടെ ഉപയോഗിക്കാത്ത 50 കിലോ പോസ്റ്ററുകള്‍ ആക്രിക്കടയില്‍

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വീണ എസ് നായരുടെ പോസ്റ്ററുകള്‍ ആക്രിക്കടയില്‍. ഉപയോഗിക്കാത്ത 50 കിലോ പോസ്റ്ററുകളാണ് കിലോയ്ക്ക് 10 രൂപയ്ക്ക് ആക്രിക്കടയില്‍ വിറ്റിരിക്കുന്നത്.

നന്ദന്‍കോട് വൈഎംആര്‍ ജംഗ്ഷനില്‍ ഉള്ള ആക്രിക്കടയിലാണ് പോസ്റ്ററുകള്‍ കെട്ടുകണക്കിന് കെട്ടി കിടക്കുന്നത്.

50 കിലോയിലധികം പോസ്റ്ററുകള്‍ ബാക്കിവന്നത് പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. ബിജെപിയുമായി കോണ്‍ഗ്രസ് നീക്കുപോക്കുണ്ടായെന്ന് പറയപ്പെടുന്ന മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. നിലവില്‍ എല്‍ഡിഎഫിലെ വികെ പ്രശാന്താണ് ഇവിടത്തെ എംഎല്‍എ.

മണ്ഡലത്തില്‍ യുഡിഎഫ് പുതുമുഖ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് ബിജെപിയ്ക്ക് വോട്ടുമറിക്കാനാണെന്ന് വികെ പ്രശാന്ത് ആരോപിച്ചിരുന്നു.

പ്രചരണരംഗത്ത് യുഡിഎഫ് സജീവമല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ പ്രശാന്തിന്റെ ആരോപണം തള്ളി കെ മുരളീധരന്‍ രംഗത്തെത്തിയിരുന്നു. പുതുമുഖത്തെ കോണ്‍ഗ്രസ് നിര്‍ത്തിയാല്‍ ദുര്‍ബലയെന്നും സിപിഎം നിര്‍ത്തിയാല്‍ പ്രബല എന്നും പറയുമെന്നായിരുന്നു മുരളീധരന്റെ വിമര്‍ശനം.

മണ്ഡലം രൂപീകൃതമായതിന് ശേഷമുണ്ടായ രണ്ട് തെരഞ്ഞെടുപ്പുകളില്‍ മണ്ഡലം യുഡിഎഫിനൊപ്പമായിരുന്നു. എന്നാല്‍ 2019 ലെ ഉപതെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് പിന്തുണച്ചത് എല്‍ഡിഎഫിനെയും.

നേമത്തിനുശേഷം ബിജെപി പ്രതീക്ഷ വയ്ക്കുന്ന തിരുവനന്തപുരം ജില്ലയിലെ എന്‍ഡിഎയുടെ എ പ്ലസ് മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. എന്നാല്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വികെ പ്രശാന്തിന് മികച്ച ഭൂരിപക്ഷത്തിന്റെ വിജയം നല്‍കിയ ചരിത്രവും വട്ടിയൂര്‍ക്കാവിനുണ്ട്.

Exit mobile version