മകള്‍ വീണയ്ക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ് 19 സ്ഥിരീകരിച്ചു. നേരത്തെ മുഖ്യന്റെ മകള്‍ വീണയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പിപിഇ കിറ്റ് ധരിച്ചാണ് വീണ വോട്ട് രേഖപ്പെടുത്താന്‍ എത്തിയിരുന്നത്. വൈറസ് ബാധ സ്ഥിരീകരിച്ച പിണറായി വിജയനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേയ്ക്ക് ചികിത്സയ്ക്കായി മാറ്റുമെന്നാണ് ലഭിക്കുന്ന വിവരം.

വീണയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയും കൊവിഡ് നിരീക്ഷണത്തിലായിരുന്നു. അതേസമയം, സംസ്ഥാനത്ത് ഇന്ന് 4353 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,901 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.81 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,35,78,641 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ദിവസം തോറും കൊവിഡ് രോഗികളുടെ എണ്ണം കൂടിവരുന്ന സാഹചര്യമാണ് ഇപ്പോള്‍ കണ്ടുവരുന്നത്. കൊവിഡിന്റെ രണ്ടാം ഘട്ടം അതിതീവ്രമായി രാജ്യത്ത് പടര്‍ന്നുപിടിക്കുന്നത് ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്. ദിനംപ്രതി ഒരു ലക്ഷത്തിലേറെ കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

കോവിഡ് -19 സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറുകയാണ്. അടുത്ത ദിവസങ്ങളിൽ ഞാനുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകേണ്ടതാണ്.

Exit mobile version