‘ജാനകിയുടെ മാതാപിതാക്കൾ സൂക്ഷിച്ചാൽ മകൾ സിറിയയിലേക്ക് എത്തില്ല’; ഡാൻസ് ചെയ്ത് വൈറലായ മെഡിക്കൽ വിദ്യാർത്ഥികളുടെ മതം തിരഞ്ഞ് വിദ്വേഷ പ്രചാരണം; സോഷ്യൽമീഡിയയിൽ ചർച്ച

janaki and naveen

തൃശൂർ: ജോലി സമയത്തെ ക്ഷീണമകറ്റി അൽപ്പസമയത്തെ വിനോദത്തിന് വേണ്ടി ആശുപത്രി വരാന്തയിൽ ഡാൻസ് ചെയ്ത എംബിബിഎസ് വിദ്യാർത്ഥികളുടെ മതം തിരഞ്ഞ് സോഷ്യൽമീഡിയയിൽ വിദ്വേഷ പ്രചാരണം. തൃശൂർ ഗവ.മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥികളായ ജാനകി ഓംകുമാറിനും നവീൻ കെ റസാഖിനുമെതിരെയാണ് വിദ്വേഷ പ്രചരണം.

ജാനകിയുടെ പേരിനൊപ്പമുള്ള ഓം കുമാറും നവീന്റെ പേരിനൊപ്പമുള്ള റസാഖും മതപരമായി വേർതിരിച്ച് പറഞ്ഞാണ് ചിലരുടെ വിദ്വേഷ പ്രചരണം. അഡ്വ. കൃഷ്ണ രാജ് എന്നയാളുടെ വിദ്വേഷ പോസ്റ്റ് ഇതിനോടകം വലിയ ചർച്ചയായി കഴിഞ്ഞിരിക്കുകയാണ്.

ജാനകിയും നവീനും.

തൃശൂർ മെഡിക്കൽ കോളേജിലെ രണ്ട് വിദ്യാർത്ഥികളുടെ ഡാൻസ് വൈറൽ ആകുന്നു.

ജാനകി എം ഓംകുമാറും നവീൻ കെ…

Posted by Krishna Raj on Wednesday, April 7, 2021

ജാനകിയുടെ മാതാപിതാക്കൾ ഒന്ന് ശ്രദ്ധിക്കുന്നത് നന്നാവുമെന്നും സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട എന്നല്ലേ നിമിഷയുടെ അമ്മ തെളിയിക്കുന്നത് എന്നുമൊക്കെയാണ് ഇയാൾ ഫേസ്ബുക്കിലൂടെ പറയുന്നത്. ജാനകിയുടെ അച്ഛൻ ഓംകുമാറിനും അമ്മയ്ക്കും വേണ്ടി പ്രാർത്ഥിക്കുകയാണെന്നും ഇയാൾ പോസ്റ്റിൽ പറയുന്നു. ഈ പോസ്റ്റ് ഏറ്റുപിടിച്ചാണ് മറ്റ് വിദ്വേഷ കമന്റുകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞത്. പെൺകുട്ടി സിറിയയിൽ എത്താതിരുന്നാൽ മതിയായെന്നാണ് ഈ പോസ്റ്റ് ഷെയർ ചെയ്തുകൊണ്ടും പോസ്റ്റിന് അടിയിൽ കമന്റ്‌
ചെയ്തുകൊണ്ടും ചിലരുടെ അഭിപ്രായ പ്രകടനം.

കോളേജുകൾ കേന്ദ്രീകരിച്ചാണ് മതംമാറ്റം കൂടുതലും നടക്കുന്നതെന്നും, വീണ്ടും ഇര ആകാൻ മാത്രം കുറേ ഹിന്ദു ക്രിസ്ത്യൻ പെൺകുട്ടികൾ ഉണ്ടാകുമെന്നും ഇസ്‌ലാം മതത്തിലെ ഒരു പെൺകുട്ടിയെ ഇങ്ങനെയുള്ള പരിപാടികൾക്ക് കാണാത്തത് എന്തുകൊണ്ടാണെന്നുമൊക്കെ ചോദിച്ച് വഷളൻ കമന്റുകളും സമൂഹത്തെ വിഭജിക്കുന്ന തരത്തിലെ ചോദ്യങ്ങളും ഇവർ ഉന്നയിക്കുന്നു.

ഇതിനിടെ പെൺകുട്ടികളുടെ മാതാപിതാക്കളെ അധിക്ഷേപിക്കുന്ന ചില കമന്റുകളും സോഷ്യൽ മീഡിയയിൽ വരുന്നുണ്ട്. ഇത് ഈ കുട്ടിയുടെ മാതാപിതാക്കൾ അംഗീകരിച്ച ബന്ധമാകാൻ സാധ്യതയുണ്ടെന്നും പുരോഗമന-നവോത്ഥാനം തലയ്ക്കു പിടിച്ചവർ ആകാൻ സാധ്യതയുണ്ടെന്നും പറഞ്ഞാണ് ഇക്കൂട്ടരുടെ അധിക്ഷേപം. രണ്ട് കുട്ടികൾ ഒരുമിച്ച് ഡാൻസ് കളിച്ചു എന്നത് അവരെ വിമർശിക്കാൻ ഒരു കാരണമല്ലെന്നും പക്ഷേ മാറുന്ന സാഹചര്യങ്ങളിൽ ഒരു കരുതൽ എല്ലാവർക്കും നല്ലതാണെന്നുമാണ് ചിലർ എഴുതുന്നത്.

നേരത്തെ, മെഡിക്കൽ കോളേജ് പാട്ടും ഡാൻസും ചെയ്യാനുള്ള സ്ഥലമല്ലെന്നും ഏറെ ശ്രദ്ധയും അധ്വാനവും ആവശ്യമുള്ള മേഖലയാണെന്നും പാട്ടിന്റേയും ഡാൻസിന്റേയും അസുഖമുള്ളവർ ടിസി വാങ്ങി വല്ല ആർട്‌സ് കോളേജിലും പോയി ചേരണമെന്ന് പറഞ്ഞ് അധിക്ഷേപിക്കുന്ന കമന്റ് ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് മതവിദ്വേഷം തുളുമ്പുന്ന പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്.

വിദ്യാർതഥികൾക്ക് പിന്തുണയുമായി എത്തുന്നവരും കുറവല്ല. എന്തൊരു വൃത്തികെട്ട മനസാണ് ഇത്തരം കമന്റിടുന്നവരുടേതെന്നും രണ്ടു മെഡിക്കൽ വിദ്യാർത്ഥികൾ ഒരുമിച്ച് മനോഹരമായ ഒരു ഡാൻസ് കളിച്ചത് ആസ്വദിക്കുന്നതിന് പകരം ഇമ്മാതിരി വൃത്തികേട് ചിന്തിക്കുന്നവരോട് എന്തുപറയാനാണെന്നാണ് ഇവർ ചോദിക്കുന്നത്. ഡോക്ടർമാരായ ഷിംന അസീസ്, ജിനേഷ് പിഎസ് അടക്കമുള്ളവർ വിദ്വേഷപ്രചരണത്തിനെതിരെ സോഷ്യൽമീഡിയയിൽ പ്രതികരിച്ചിട്ടുണ്ട്.

Exit mobile version