പരീക്ഷാ പേടി എന്ന ചെറു വൈറസിനെ ഭയക്കേണ്ട; കോവിഡ് എന്ന ‘വലിയ വൈറസിനോട്’ പടപൊരുതിയവരാണ് നമ്മളെന്ന് ഓർത്താൽ മതി; വൈറലായി എംഎൽഎയുടെ കുറിപ്പ്

ib sathish

കാട്ടാക്കട: ഇന്ന് സംസ്ഥാനത്ത് ആരംഭിച്ച എസ്എസ്എൽസി, പ്ലസ്ടു വിദ്യാർത്ഥികളുടെ വാർഷിക പരീക്ഷയ്ക്ക് ആശംസയും കുട്ടികളുടെ പരീക്ഷാ ഭയത്തെ അകറ്റാനുള്ള ലളിതമായ പ്രചോദനവുമായി എത്തിയിരിക്കുകയാണ് യുവഎംഎൽഎയായ ഐബി സതീഷ്. വളരെ വ്യത്യസ്തമായ അക്കാഡമിക് രീതികളിലൂടെ കടന്നുപോയവരാണ് പരീക്ഷ ഹാളുകളിലേക്ക് പോകുന്ന വിദ്യാർത്ഥിസമൂഹം.

കൂട്ടുകാരെയും അധ്യാപകരെയും ഒന്ന് നേരിട്ട് കാണാൻപോലും കഴിയാതിരുന്ന മഹാമാരി തിമിർത്താടിയ ആ ദിനങ്ങൾ. ഈ അദ്ധ്യയനവർഷം അവർ ഏറെയും പഠനം നടത്തിയത് ടിവിയുടെയും, ലാപ്പ്‌ടോപ്പിന്റെയും മുന്നിലിരുന്നാണ്; എങ്കിലും ‘അതിജീവനം’ എന്ന ഏറ്റവും വലിയ പാഠം പഠിക്കുവാനുള്ള അവസരങ്ങൾ മാത്രമായിരുന്നു എന്ന് കാണുവാനുള്ള ഉൾക്കാഴ്ച നിങ്ങൾക്കുണ്ടാകട്ടെയെന്ന് വിദ്യാർത്ഥികളെ എംഎൽഎ ഓർമ്മിപ്പിക്കുകയാണ്.

സ്വന്തം മണ്ഡലമായ കാട്ടാക്കടയിൽ ജലസമൃദ്ധിയെന്ന പേരിൽ കുടിവെള്ള പദ്ധതി നടപ്പാക്കി ജലക്ഷാമം പരിഹരിച്ച വാട്ടർമാൻ എന്നറിയപ്പെടുന്ന എംഎൽഎയാണ് ഐബി സതീഷ്. ഇദ്ദേഹത്തിന്റെ വാക്കുകൾ പരീക്ഷാ ഹാളിലേക്ക് എത്തുന്ന ഒമ്പത് ലക്ഷത്തോളം വരുന്ന വിദ്യാർത്ഥികൾക്ക് പ്രചോനമാവുകയാണ്. സോഷ്യൽമീഡിയയിൽ എംഎൽഎ കുറിച്ച കുറിപ്പ് വിദ്യാർത്ഥികളും യുവാക്കളും ഏറ്റെടുത്തു കഴിഞ്ഞു.

എംഎൽഎ ഐബി സതീഷിന്റെ ഫേസ്ബുക്ക് കുറിപ്പ്:

പരീക്ഷക്ക് തയ്യാറെടുക്കുന്ന കൊച്ചു കൂട്ടുകാരോട്…
സംസ്ഥാനത്ത് നാളെ മുതൽ പത്താം ക്ലാസ്, പ്ലസ് ടൂ പൊതുപരീക്ഷ ആരംഭിക്കുകയാണ്… ആർക്കും ഇതേവരെ പരിചിതമല്ലാത്ത, വളരെ വ്യത്യസ്തമായ അക്കാഡമിക് രീതികളിലൂടെ കടന്നുപോയവരാണ് നാളെ മുതൽ പരീക്ഷഹാളുകളിലേക്ക് പോകുന്ന വിദ്യാർത്ഥിസമൂഹം… കൂട്ടുകാരെയും അധ്യാപകരെയും ഒന്ന് നേരിട്ട് കാണാൻപോലും കഴിയാതിരുന്ന മഹാമാരി തിമിർത്താടിയ ആ ദിനങ്ങൾ…
ഈ അദ്ധ്യയനവർഷം അവർ ഏറെയും പഠനം നടത്തിയത് ടിവിയുടെയും, ലാപ്പ്‌ടോപ്പിന്റെയും മുന്നിലിരുന്ന്…
പ്രിയകൂട്ടുകാരേ…
പ്രതിസന്ധികൾ, പ്രതിബന്ധങ്ങൾ ഇതെല്ലാം ജീവിതമെന്ന മഹാപാഠപുസ്തകത്തിലെ ‘അതിജീവനം’ എന്ന ഏറ്റവും വലിയ പാഠം പഠിക്കുവാനുള്ള അവസരങ്ങൾ മാത്രമായിരുന്നു എന്ന് കാണുവാനുള്ള ഉൾക്കാഴ്ച നിങ്ങൾക്കുണ്ടാകട്ടെ… എന്റെ കൊച്ചുകൂട്ടുകാരിലാരെങ്കിലും പരീക്ഷാ പേടി എന്ന ‘ചെറുവൈറസിലൂടെ’ കടന്നുപോകുന്നുണ്ടോ… ഒന്നോർക്കുക കോവിഡ് എന്ന ‘വലിയവൈറസിനോട്’ പടപൊരുതി ഇവിടെവരെ എത്തിയവരാണ് നമ്മൾ… പിന്നെ ഒരുകാര്യം കൂടി…
ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷയെയാണ് നിങ്ങൾ നേരിടുവാൻ പോകുന്നത് എന്ന് അത്യാകാംഷയുടെ പുറത്ത് ആരെങ്കിലും പറഞ്ഞു തന്നിട്ടുണ്ടെങ്കിൽ ഒരു ചെറുപുഞ്ചിരിയോടെ അതിനെ മറക്കുക… ജീവിതവീഥികളിൽ വിജയം വരിക്കുന്നതിനായി ഭാവിയിലെ എത്രയോ വലിയ പരീക്ഷകൾ നേരിടാനൊരുങ്ങുന്ന മിടുക്കീമിടുക്കൻമാരാണ് നിങ്ങൾ… ആ പരീക്ഷകൾക്ക് മുന്നിലുള്ള പരിശീലനക്കളരിയായി മാത്രം ഇതിനെ കാണുക… അപ്പോ… ഇതുവരെ പഠിച്ചതെല്ലാം ഒന്ന് നന്നായി റിവൈസ് ചെയ്യണമിന്ന്…
രാത്രി ഭക്ഷണമൊക്കെ കഴിച്ച് നന്നായി ഉറങ്ങണം… രാവിലെ എഴുന്നേറ്റ് മാതാപിതാകളുടെയും ഗുരുക്കൻമാരുടെയും സ്‌നേഹാശിർവാദങ്ങളോടെ മിടുക്കീമിടുക്കൻമാരായി സ്‌കൂളിലേക്ക് പുറപ്പെടണം… എന്റെ മനസും നിങ്ങൾക്കൊപ്പം തന്നെ… അവസാനമായി അവരെ പരീക്ഷക്ക് തയ്യാറെടുപ്പിച്ച രക്ഷകർത്താക്കളോടും അധ്യാപകരോടും ഒരുവാക്ക്… ടെൻഷൻ വേണ്ട… നിങ്ങളുടെ കരുതലും സ്‌നേഹവും മാത്രം മതി… അവർ വിജയം വരിച്ച് തിരിച്ചെത്തും… ‘#ഉറപ്പാണ്’…
ഏവർക്കും വിജയാശംസകൾ…

Exit mobile version