മാന്നാർ: സ്വന്തം നാട്ടിൽ ഒരു വോട്ട് ചെയ്യണമെന്ന തന്റെ സ്വപ്‌നം പൂവണിഞ്ഞതിന്റെ സന്തോഷത്തിലാണ് ഷംസുദ്ദീൻ. അറുപത്തിമൂന്നാം വയസിലാണ് ഷംസുദ്ദീന് കന്നിവോട്ട് രേഖപ്പെടുത്താനുള്ള ഭാഗ്യമുണ്ടായത്. മാന്നാർ കുരട്ടിക്കാട് വാഹിദാ മൻസിലിൽ കെഎം ഷംസുദ്ദീന്റെ ജീവിതത്തിലെ അവിസ്മരണീയ ദിവസമായിരുന്നു ഇന്നത്തെ പോളിങ് ദിനം.
ഏറെ കാത്തിരുന്ന് തന്റെ അറുപത്തിമൂന്നാമത്തെ വയസിലാണ് ഷംസുദ്ദീന് വോട്ടു ചെയ്യാൻ അവസരം ലഭിച്ചത്. 40 വർഷമായി അബുദാബിയിൽ ജോലി ചെയ്യുന്ന ഷംസുദീന് മിക്ക തെരഞ്ഞെടുപ്പു കാലങ്ങളിലും നാട്ടിൽ വരാൻ കഴിഞ്ഞിരുന്നില്ല. ഇതാണ് കന്നിവോട്ട് ഇത്രയേറെ കാലങ്ങൾ നീണ്ടുപോയത്.
മുമ്പ് രണ്ടുതവണ തെരഞ്ഞെടുപ്പ് കാലത്ത് നാട്ടിൽ ഉണ്ടായിരുന്നെങ്കിലും വോട്ടർ പട്ടികയിൽ പേരില്ലാതിരുന്നതു കാരണം വോട്ടു ചെയ്യാനായില്ല. ഈ തെരഞ്ഞെടുപ്പിന് ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത്. പിന്നീട് പട്ടികയിൽ പേരുണ്ടെന്ന് ഉറപ്പാക്കി കുരട്ടിക്കാട് ഈസ്റ്റ് വെൽഫെയർ സ്‌കൂളിലെ ബൂത്തിലാണ് ഷംസുദ്ദീൻ വോട്ട് ചെയ്തത്.
ഇദ്ദേഹത്തിന്റെ കൂടെ ഭാര്യ വാഹിദ, ഭാര്യാമാതാവ് ജമീല എന്നിവരും വോട്ടു ചെയ്തു. മക്കളായ ഷബന, ഷഹന എന്നിവർ വിദേശത്തായതിനാൽ വോട്ടു ചെയ്യാനായില്ല.