വികസന ബദലായി കേരളം കാണുന്നത് ബിജെപിയെ: യുഡിഎഫും എല്‍ഡിഎഫും പരസ്പരം ലയിക്കണം; മോഡി കഴക്കൂട്ടത്ത്

തിരുവനന്തപുരം: കഴക്കൂട്ടത്തെ തെരഞ്ഞെടുപ്പ് റാലിയില്‍ എല്‍ഡിഎഫിനെയും യുഡിഎഫിനെയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. സാമൂഹ്യ നവോത്ഥാനത്തിന്റെ നഗരമാണ് തിരുവനന്തപുരമെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി പദ്മനാഭസ്വാമി, ആറ്റുകാല്‍, വെള്ളായണി, ആഴിമല അടക്കമുള്ള ക്ഷേത്രങ്ങളും അയ്യങ്കാളി, ചട്ടമ്പിസ്വാമികള്‍, രാജാ രവിവര്‍മ, സ്വാതി തിരുനാള്‍, മാര്‍ത്താണ്ഡവര്‍മ എന്നിവരെയും പ്രസംഗത്തില്‍ പരാമര്‍ശിച്ചു.

മധുരയിലായിരുന്നു ഇന്ന് എന്റെ ആദ്യ തെരഞ്ഞെടുപ്പ് റാലി. പിന്നീട് അയ്യപ്പന്റെ നാട്ടിലെത്തി. അതിന് ശേഷം തമിഴ്‌നാട്ടിലെ കടലോര ഗ്രാമങ്ങളിലെത്തി. പിന്നീട് തിരുവനന്തപുരത്തും. തിരുവനന്തപുരത്തായിരുന്നു ബിജെപി ആദ്യമായി നിയമസഭയില്‍ അക്കൗണ്ട് തുടങ്ങിയത്. കേരളത്തിലും തമിഴ്‌നാട്ടിലും വന്‍ തോതില്‍ എന്‍ഡിഎ അനുകൂലതരംഗമുണ്ടെന്നും മോഡി പറഞ്ഞു.

വികസനത്തിന് ബദലായി കേരളം കണക്കാക്കുന്നത് ബിജെപിയെയാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ വലിയ വിജയം നേടി ബിജെപിയെ അനുഗ്രഹിക്കണമെന്നും മോഡി കൂട്ടിച്ചേര്‍ത്തു.

യുഡിഎഫും എല്‍ഡിഎഫും ഇരട്ടകളെപ്പോലെയാണ്. ദുര്‍ഭരണം, അക്രമം, അഴിമതി, ജാതി, വര്‍ഗീയത, പ്രീണനം എന്നിങ്ങനെ എല്ലാ കാര്യങ്ങളിലും ഒരുപോലെയാണ് ഇടതും വലതും. ബിജെപിക്കെതിരെ ഇടതും കോണ്‍ഗ്രസും പലയിടത്തും ഒരുമിച്ചാണ്. ഇതിനെ സിസിപി അഥവ ‘കോണ്‍ഗ്രസ് കൊമ്രേഡ് പാര്‍ട്ടി’ എന്നു വിളിക്കാമെന്നും മോഡി പറഞ്ഞു.

യുഡിഎഫിന് ഇടതിനെ നേരിടാനുള്ള ശേഷിയില്ല. അതുകൊണ്ട് തന്നെയാണ് ബിജെപിക്ക് ഇത്ര പിന്തുണ വര്‍ദ്ധിക്കുന്നതെന്ന് മോഡി ചൂണ്ടിക്കാട്ടി. എന്‍ഡിഎയ്ക്ക് പിന്തുണ കൂടുന്നത് യുവാക്കളില്‍ നിന്നും സ്ത്രീകളില്‍ നിന്നും പ്രൊഫഷണലുകളില്‍ നിന്നുമാണ്. യുഡിഎഫിനൊപ്പം ഒരിക്കലും പ്രൊഫഷണലുകള്‍ എത്തില്ല. എ- ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള തമ്മിലടിയിലാണ് നമ്പി നാരായണന്റെ ജീവിതം താറുമാറായതെന്നും മോഡി കൂട്ടിച്ചേര്‍ത്തു.

മെട്രോമാന്‍ ഇ ശ്രീധരനെ എന്‍ഡിഎ ബഹുമാനിക്കുന്നു. രാജ്യത്തിന് വേണ്ടി സംഭാവനകള്‍ നല്‍കിയ ഇ ശ്രീധരന് കേരളത്തെ സേവിക്കാന്‍ എന്‍ഡിഎ വേദി നല്‍കി. കേരളത്തില്‍ ഭരണ ഹര്‍ത്താലാണ്. ജനങ്ങള്‍ക്ക് മുന്നില്‍ മികച്ച ആശയങ്ങള്‍ നടപ്പാക്കാന്‍ ബിജെപി മാത്രമേയുള്ളൂവെന്നും മോഡി അഭിപ്രായപ്പെട്ടു.

Exit mobile version