കേരളത്തില്‍ ലൗ ജിഹാദുണ്ട്: നിരോധിക്കാന്‍ നിയമം വേണം; ശശി തരൂരിന് മറുപടിയുമായി ശോഭാ സുരേന്ദ്രന്‍

തിരുവനന്തപുരം: കേരളത്തില്‍ ലൗ ജിഹാദില്ലെന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിന്റെ വാദത്തിന് മറുപടിയുമായി ശോഭാ സുരേന്ദ്രന്‍. കേരളത്തില്‍ ലൗ ജിഹാദുണ്ട്. ലൗ ജിഹാദ് നിരോധിക്കാന്‍ നിയമം വേണമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

നിരവധി പെണ്‍കുട്ടികളെ കേരളത്തില്‍ നിന്ന് കാണാതായിട്ടുണ്ട്. ഇതില്‍ ക്രിസ്ത്യന്‍, ഹിന്ദു പെണ്‍കുട്ടികളുണ്ട്. പെണ്‍കുട്ടികളെ പ്രണയം നടിച്ച് വശത്താക്കി നാട്ടില്‍ നിന്ന് കടത്തുന്നത് ശരിയല്ല. ലീഗ് കണ്ണുരുട്ടിയതുകൊണ്ടാണ് ശശി തരൂര്‍ ഇത്തരത്തില്‍ ഒരു നിലപാട് സ്വീകരിച്ചതെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം, കോണ്‍ഗ്രസ് നേതാക്കളുടെ കുത്തൊഴുക്ക് ബിജെപിയിലേക്കുണ്ടാകുമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. പ്രമുഖ നേതാക്കള്‍ താനുമായി ചര്‍ച്ച നടത്തി. ഇ ശ്രീധരന്‍ ബിജെപിയില്‍ ചേരുന്നത് താന്‍ രഹസ്യമാക്കിവയ്ക്കുകയായിരുന്നു.

കഴക്കൂട്ടത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി താന്‍ വ്യക്തിപരമായ ഡീലുണ്ടാക്കി. കഴക്കൂട്ടത്ത് പോരാട്ടം എന്‍ഡിഎയും എല്‍ഡിഎഫും തമ്മിലായിരിക്കും. സര്‍ക്കാര്‍ വിരുദ്ധ വോട്ടുകള്‍ ഉറപ്പാക്കിയിട്ടുണ്ടെന്നും ശോഭാ സുരേന്ദ്രന്‍ വ്യക്തമാക്കി.

കേരളത്തില്‍ ലൗ ജിഹാദില്ലെന്ന് ശശി തരൂര്‍ പറഞ്ഞിരുന്നു. എത്ര ലൗ ജിഹാദ് കേസ് കേരളത്തില്‍ ബിജെപിക്ക് കണ്ടെത്താനായെന്നും അദ്ദേഹം ചോദിച്ചിരുന്നു. ഇത്തരം വര്‍ഗീയ വിഷപ്രചാരണത്തെ തള്ളിക്കളയണമെന്നും ശശി തരൂര്‍ പ്രതികരിച്ചു.

അധികാരത്തിലെത്തിയാല്‍ ലൗ ജിഹാദിനെതിരെ നിയമനിര്‍മാണം നടത്തുമെന്ന് ബിജെപി പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

Exit mobile version