കേരളത്തില്‍ സ്ത്രീധനത്തിന്റെ പേരില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ കൂടി വരുന്നു; സ്ത്രീധന നിരോധന നിയമം ഫലപ്രദമായി നടപ്പാക്കുന്നതില്‍ സംസ്ഥാനം വീഴ്ച വരുത്തിയെന്ന് ഭരണപരിഷ്‌കരണ കമ്മീഷന്‍

സംസ്ഥാന ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കില്‍ 2008 മുതല്‍ 2017 വരെ കേരളത്തില്‍ ഈ നിയമപ്രകാരം ആകെയെടുത്തത് 49 കേസ് മാത്രമാണ്

സ്ത്രീധന നിരോധന നിയമം ഫലപ്രദമായി നടപ്പാക്കണമെങ്കില്‍ സ്ത്രീധനം കൊടുക്കുന്നവരെ കുറ്റവാളികളായല്ലാതെ ഇരകളായി കണക്കാക്കണമെന്ന് ഭരണപരിഷ്‌കരണ കമ്മീഷന്‍. മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ അധ്യക്ഷനായ കമ്മീഷന്‍ ഇത് സംബന്ധിച്ച് സര്‍ക്കാരിന് ശുപാര്‍ശ ചെയ്തു. സ്ത്രീധന നിരോധന നിയമം നടപ്പാക്കുന്നതില്‍ കേരളം പൂര്‍ണപരാജയമാണെന്നും കമ്മീഷന്‍ വ്യക്തമാക്കി.

സംസ്ഥാന ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കില്‍ 2008 മുതല്‍ 2017 വരെ കേരളത്തില്‍ ഈ നിയമപ്രകാരം ആകെയെടുത്തത് 49 കേസ് മാത്രമാണ്. എന്നാല്‍, ഇക്കാലയളവില്‍ സ്ത്രീധനപീഡനത്തില്‍ മരിച്ചത് 233 സ്ത്രീകളാണെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

സ്ത്രീധനം നല്‍കുന്നവരെയും കുറ്റവാളികളായിക്കാണുന്നതിലെ വൈരുധ്യമാണ് നിയമം പരാജയപ്പെടാന്‍ കാരണങ്ങളിലൊന്നെന്ന് കമ്മീഷന്‍ വിലയിരുത്തുന്നു. സ്ത്രീധനം നല്‍കേണ്ടിവരുന്നവരാണ് ഇതിനെതിരെ പരാതിപ്പെടേണ്ടത്. പരാതിപ്പെട്ടാല്‍, അവര്‍ കുറ്റവാളികളാവും. ഇതാണ് കേസുകള്‍ കുറയാന്‍ കാരണം.

സ്ത്രീധനത്തിന്റെ പേരില്‍ മരണത്തിലും ആത്മഹത്യയിലും എത്താവുന്ന ഒട്ടേറെ സംഭവങ്ങള്‍ നടക്കുമ്പോഴും തുടക്കത്തിലേ പരാതിപ്പെടാന്‍ ആരും തയ്യാറല്ല. വിവാഹമോചനക്കേസില്‍ വാദം കേള്‍ക്കുമ്പോള്‍ കുടുംബകോടതികളാണ് ചുരുക്കം കേസുകളെങ്കിലും കൈമാറുന്നത്. പരാതിപ്പെടുന്നവര്‍ കുറവാണെന്നും കമ്മീഷന്‍ പറയുന്നു.

1961-ലാണ് നിയമം നിലവില്‍വന്നത്. ഇതിലൂടെ സ്ത്രീധനസമ്പ്രദായം ഇല്ലാതാക്കാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല, ഈ തിന്മ സമൂഹത്തില്‍ കൂടുതല്‍ വ്യവസ്ഥാപിതമാകുകയാണ് ചെയ്തതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വിവാഹസമയത്ത് ആവശ്യപ്പെടാതെ കിട്ടുന്ന സമ്മാനങ്ങളുടെ പട്ടിക തയ്യാറാക്കണമെന്ന് നിയമത്തിലുണ്ട്. ഇത് സമ്മാനമെന്ന പേരില്‍ സ്ത്രീധനത്തെ വെള്ളപൂശുകയാണെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു.

സ്ത്രീധനം കൊടുക്കുകയോ വാങ്ങുകയോ ഇതിനായി പ്രേരിപ്പിക്കുകയോ ചെയ്താല്‍ അഞ്ചുവര്‍ഷത്തില്‍ കുറയാത്ത തടവും 15,000 രൂപയോ, സ്ത്രീധനത്തിന്റെ മൂല്യമോ ഏതാണ് വലുത് അത്രയുംവരെ പിഴയോ ആണ് ശിക്ഷ. വ്യക്തമായ കാരണമുണ്ടെങ്കില്‍ ആറുമാസം മുതല്‍ രണ്ടുവര്‍ഷംവരെയായി കോടതികള്‍ക്ക് ശിക്ഷകുറയ്ക്കാം.

വി.എസ്. അച്യുതാനന്ദനെ അധ്യക്ഷനാക്കുന്നതിനെ ചൊല്ലിയുണ്ടായ വിവാദങ്ങള്‍ക്കുശേഷം രൂപംകൊണ്ട ഭരണപരിഷ്‌കരണ കമ്മീഷന്‍ ഇതിനകം മൂന്ന് റിപ്പോര്‍ട്ടുകള്‍ നല്‍കിയെങ്കിലും സര്‍ക്കാര്‍ ഒന്നില്‍പ്പോലും നടപടിയെടുത്തിട്ടില്ല.

Exit mobile version