‘പിണറായിയെ കാണണം’;എൽഡിഎഫ് പൊതുയോഗത്തിനിടെ വിതുമ്പി മൂന്ന് വയസുകാരി; സ്ഥാനാർത്ഥിയുടെ ഫോണിൽ ലൈവായി പിണറായിയെ കണ്ട് സങ്കടം മാറ്റി ഈ ‘കുഞ്ഞുആരാധിക’

pinarayi and sreyamskumar

കൽപറ്റ: കൽപ്പറ്റ മണ്ഡലത്തിലെ നെടുങ്ങാട്ടെ എൽഡിഎഫ് പൊതുയോഗത്തിന് വീട്ടുകാരുടെ ഒപ്പം ഈ മൂന്നുവയസുകാരി എത്തിയത് തന്നെ ടിവിയിൽ കണ്ട് ചിരപരിചിതനായ മുഖ്യമന്ത്രി പിണറായി വിജയനെ കാണാനാണ്. നെടുങ്ങാട്ടെ വോട്ടർമാരോട് സംസാരിക്കാൻ തുടങ്ങിയ എൽഡിഎഫ് സ്ഥാനാർത്ഥി എംവി ശ്രേയാംസ് കുമാറിന്റെ അടുത്തെത്തിയ മൂന്നുവയസ്സുകാരി നവേന്ദബാലയ്ക്ക് അറിയേണ്ടത് ‘പിണറായി വരുമോ..?’ എന്നായിരുന്നു. ഓടിയെത്തി ചേർത്തുപിടിച്ച് ശ്രേയാംസിനോടുള്ള നവേന്ദബാലയുടെ ചോദ്യത്തിന് മറുപടി പിണറായി വരില്ല എന്നായിരുന്നു.

ഇല്ലെന്ന് പറഞ്ഞതും കുഞ്ഞ് കരയാൻതുടങ്ങി. കുറച്ചപ്പുറത്തായി നിൽക്കുന്ന ചെറുപ്പക്കാരനെ ചൂണ്ടിക്കൊണ്ട് കുട്ടി പറഞ്ഞു, ആ മാമനും പറഞ്ഞു വരില്ലെന്ന്… ഇതോടെ ചുറ്റും കൂടിയവർക്കും സ്ഥാനാർത്ഥിക്കും വിഷമമായി. പിഞ്ചുകുഞ്ഞിന്റെ വിഷമം കണ്ട് കരച്ചിലടക്കാൻ ഒപ്പമുള്ളവരും പാടുപെടുന്നതിനിടെ സ്ഥാനാർത്ഥി എംവി ശ്രേയാംസ് കുമാർ മൊബൈലെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് ലൈവ് പരിപാടി കാണിച്ചു കൊടുത്തു. അതോടെ കുട്ടിയുടെ കരച്ചിലിന് ആക്കമായി.

‘സാധാരണക്കാരന് ആശ്വാസവും കരുതലും പകരുന്ന നേരിന്റെ ഹൃദയവികാരമാണ് പിണറായിയെന്നതിന് ഇതിൽപ്പരം മറ്റൊരുതെളിവ് വേണ്ടെന്ന്’ എംവി ശ്രേയാംസ് കുമാറും പ്രതികരിച്ചു. തന്റെ സാമൂഹികമാധ്യമത്തിലെ പേജിലും അദ്ദേഹം ഈ അനുഭവം പങ്കുവെച്ചിട്ടുണ്ട്.

എംവി ശ്രേയാംസ്‌കുമാർ എഫ്ബി പോസ്റ്റ്:

ഇന്ന് നെടുങ്ങോട് തിരഞ്ഞെടുപ്പ് പര്യടനത്തിനെത്തിയപ്പോള്‍ അസാധാരണമായൊരു അനുഭവമുണ്ടായി. നെടുങ്ങാട്ടെ വോട്ടര്‍മാരോട് സംസാരിക്കാന്‍ തുടങ്ങവെ ഒരു കൊച്ചുകുട്ടി എന്റെയടുത്ത് വന്നു. നവേന്ദ ബാലയെന്നാണ് മൂന്ന് വയസ്സുകാരിയായ മോളുടെ പേര്.

ഞാനവളോട് കുശലങ്ങള്‍ ചോദിക്കാന്‍ തുടങ്ങവെ അവളൊറ്റ ചോദ്യം- പിണറായി വരുമോ..? @pinarayivijayan ഞാന്‍ ഇല്ലെന്ന് പറഞ്ഞതും അവള്‍ കരയാന്‍ തുടങ്ങി. കുറച്ചപ്പുറത്തായി നില്‍ക്കുന്ന ചെറുപ്പക്കാരനെ കണ്ണീരാല്‍ കുതിര്‍ന്ന കണ്ണുകളോടെ നോക്കിക്കൊണ്ട് അവള്‍ പറഞ്ഞു- ആ മാമനും പറഞ്ഞു വരില്ലെന്ന്…

ഞാന്‍ വല്ലാതെയായി. എങ്ങനെയാണ് അവളുടെ കരച്ചിലടക്കുകയെന്നറിയാതെ ഞാന്‍ കുഴങ്ങി. ഒടുവില്‍ മൊബൈലെടുത്ത് ഫേസ്ബുക്കില്‍ പിണറായി വിജയന്റെ ലൈവ് പരിപാടി കാണിച്ചപ്പോഴാണ് അവള്‍ കരച്ചില്‍ നിര്‍ത്തിയത്. നിറസ്‌നേഹത്തോടെ അവള്‍ പിണറായി വിജയന്റെ പ്രസംഗം കാണുന്നത് നോക്കിക്കൊണ്ടിരിക്കെ മനസ്സ് പറഞ്ഞു- ”പിണറായി ഒരു വികാരമാകുന്നു. കേരളത്തിലെ സാധാരണക്കാര്‍ക്ക് ആശ്വാസവും കരുതലും പകരുന്ന നേരിന്റെ ഹൃദയവികാരം…”

വെറുതെയാണോ ആ മനുഷ്യനെയൊന്ന് കാണാനും കേള്‍ക്കാനും ജനസഹസ്രങ്ങള്‍ രാഷ്ട്രീയഭേദ്യമന്യേ ഓടിയെത്തുന്നത്…!

Exit mobile version