പഞ്ചാബില്‍ കൊവിഡിന്റെ യുകെ വകഭേദം വ്യാപിക്കുന്നു; ജനിതക പരിശോധന നടത്തിയ സാമ്പിളുകളില്‍ 81 ശതമാനവും അതിവേഗ വൈറസ്, യുവാക്കള്‍ക്കും വാക്‌സിന്‍ നല്‍കണമെന്ന് മുഖ്യമന്ത്രി

ചണ്ഡീഗഢ് : പഞ്ചാബില്‍ കൊവിഡിന്റെ യു.കെ വകഭേദം വ്യാപിക്കുകയാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. പഞ്ചാബില്‍ ജനിതക ശ്രേണീകരണത്തിന് അയച്ച 401 സാമ്പിളുകളില്‍ 81 ശതമാനവും ബ്രിട്ടനിലെ അതിവേഗ വൈറസെന്ന് കണ്ടെത്തല്‍. ജനുവരി ഒന്നുമുതല്‍ മാര്‍ച്ച് 10 വരെ ജനിതക ശ്രേണീകരണത്തിന് വേണ്ടി അയച്ച സാമ്പിളുകളിലാണ് ഞെട്ടിക്കുന്ന ഫലം.

യു.കെ വകഭേദം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ വാക്‌സിന്‍ വിതരണത്തിലെ പ്രായപരിധി ഒഴിവാക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പറഞ്ഞു. യുകെ വകഭേദ വൈറസിന് കോവിഷീല്‍ഡ് ഫലപ്രദമാണെന്ന് യുകെ അധികൃതര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതു കൊണ്ട് യുവാക്കള്‍ക്കും അടിയന്തരമായി വാക്‌സിന്‍ നല്‍കണമെന്ന് അമരിന്ദര്‍ സിങ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

പഞ്ചാബില്‍ അടുത്തിടെ വീണ്ടും കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. 24 മണിക്കൂറിനിടെ 2,229 പുതിയ കേസുകളാണ് പഞ്ചാബില്‍ റിപ്പോര്‍ട്ട് ചെയ്തത്. 58 ആളുകളാണ് ഒറ്റ ദിവസം സംസ്ഥാനത്ത് മരിച്ചത്. മഹാരാഷ്ട്രയുള്‍പ്പെടെ മറ്റ് ഏഴ് സംസ്ഥാനങ്ങളിലും ഇത്തരത്തില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നുണ്ട്. രാജ്യത്തെ കൊവിഡിന്റെ രണ്ടാം തരംഗമായാണ് ഇതിനെ കണക്കാക്കുന്നത്.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടിയില്‍ രാജ്യത്ത് 40,715 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 199 പേര്‍ കൂടി മരിച്ചു കൊവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 29,785 പേരാണ് രോഗ മുക്തി നേടിയത്.

ഇന്നലെ 40,715 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ കേസുകളുടെ എണ്ണം 1,16,86,796 ആയി. ഇതില്‍ 1,11,81,253 പേര്‍ രോഗമുക്തി നേടി. ആകെ 1,60,166 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ 3,45,377 ആക്ടീവ് കേസുകള്‍ രാജ്യത്ത് ഉണ്ടെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു.

ഇതുവരെയായി 4,84,94,594 പേര്‍ പ്രതിരോധ കുത്തിവയ്പ്പ് നടത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇറക്കിയ കണക്കുകള്‍ വ്യക്തമാക്കുന്നു.

Exit mobile version