ബിജെപി സ്ഥാനാര്‍ഥി ഇല്ല: അമിത് ഷാ തലശ്ശേരിയിലെ പരിപാടി റദ്ദാക്കി; നേതൃത്വം പ്രതിസന്ധിയില്‍

കണ്ണൂര്‍: തലശ്ശേരിയില്‍ ബിജെപി സ്ഥാനാര്‍ഥി ഇല്ലാത്തതിനാല്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപിയിലെ മുതിര്‍ന്ന നേതാവുമായ അമിത് ഷാ തലശ്ശേരിയിലെ പ്രചരണ പരിപാടി ഒഴിവാക്കി.

അതേസമയം, എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് രാത്രി അമിത് ഷാ കൊച്ചിയിലെത്തും. നാളെ രാവിലെ തൃപ്പൂണിത്തുറയിലാണ് അമിത് ഷായുടെ ആദ്യ പൊതു പരിപാടി. പൊന്‍കുന്നത്തും പുറ്റിങ്ങലിലും കഞ്ചിക്കോട്ടും അമിത് ഷാ സംസാരിക്കും.

രാത്രി ഒന്‍പതിന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്ന അമിത് ഷാ നാളെ രാവിലെ നെടുമ്പാശ്ശേരിയില്‍ നിന്നും ഹെലികോപ്റ്ററില്‍ തൃപ്പൂണിത്തുറയിലേത്തും. പത്തരയ്ക്ക് സ്റ്റാച്യു ജംങ്ഷനില്‍ നിന്ന് പൂര്‍ണത്രയീശ ക്ഷേത്ര ജംഗ്ഷനിലേക്കുള്ള റോഡ് ഷോയില്‍ പങ്കെടുക്കും.

തുടര്‍ന്ന് പതിനൊന്നരയോടെ കാഞ്ഞിരപ്പള്ളിയിലെത്തുന്ന അമിത് ഷാ പൊന്‍കുന്നം ശ്രേയസ് പബ്ലിക് സ്‌കൂള്‍ മൈതാനത്ത് പൊതുസമ്മേളനത്തില്‍ പ്രസംഗിക്കും. 2.30 ന് പുറ്റിങ്ങല്‍ ദേവീ ക്ഷേത്ര മൈതാനത്ത് പൊതുസമ്മേളനത്തില്‍ സംസാരിക്കും. തുടര്‍ന്ന് കഞ്ചിക്കോട്ടെ എത്തുന്ന അദ്ദേഹം 4.55 ന് കഞ്ചിക്കോട് മുതല്‍ സത്രപ്പടിവരെ റോഡ് ഷോ. തുടര്‍ന്ന് കോയമ്പത്തൂരിലേക്ക് പോകും.

അതേസമയം, സ്ഥാനാര്‍ഥികളില്ലാതായ ഗുരുവായൂര്‍, തലശേരി മണ്ഡലങ്ങളില്‍ ബദല്‍ മാര്‍ഗങ്ങള്‍ക്കായുള്ള നീക്കം ബിജെപി സജീവമാക്കിയിരിക്കുകയാണ്. ഗുരുവായൂരില്‍ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി സ്ഥാനാര്‍ഥി ദിലീപ് നായരെ പിന്തുണയ്ക്കുന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ തുടങ്ങി. നേരത്തെ എന്‍ഡിഎയുടെ സഖ്യ കക്ഷിയാകാന്‍ ശ്രമിച്ചിരുന്ന പാര്‍ട്ടിയാണ് ഡിഎസ്‌ജെപി. ഇന്നു വൈകീട്ടോ നാളെയോ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന.

തലശ്ശേരിയില്‍ കടുത്ത പ്രതിസന്ധിയാണ് ബിജെപി നേരിടുന്നത്. മണ്ഡലത്തില്‍ ആരെ പിന്തുണയ്ക്കണം എന്ന കാര്യത്തില്‍ ബിജെപി തീരുമാനത്തിലെത്തിയിട്ടില്ല.
തലശ്ശേരിയില്‍ ബിജെപിയുമായി സഖ്യത്തിനില്ലെന്ന് സ്വതന്ത്രന്‍ സിഒടി നസീര്‍ അറിയിച്ചു.

കോണ്‍ഗ്രസും ബിജെപിയും ഒന്നിച്ചാലും ഭയമില്ലെന്ന് എഎന്‍ ഷംസീര്‍ പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടിയും അപരന്മാരും മാത്രമാണ് തലശ്ശേരിയില്‍ ശേഷിക്കുന്നത്. ഗുരുവായൂരില്‍ സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടിയെ പിന്തുണയ്ക്കാനാണ് ബിജെപിയുടെ നീക്കം.

Exit mobile version