മിനിറ്റുകള്‍ക്കുള്ളില്‍ രണ്ട് തവണ കൊവിഡ് വാക്‌സിന്‍ കുത്തിവെച്ചു; പിന്നാലെ കടുത്ത പനിയും തലവേദനയും ശ്വാസം മുട്ടും! പരാതിയുമായി കോഴിക്കോട്ടുകാരി മധ്യവയസ്‌ക

Covid vaccine | Bignewslive

കോഴിക്കോട്: മിനിറ്റുകള്‍ക്കുള്ളില്‍ രണ്ട് തവണ കൊവിഡ് വാക്‌സിന്‍ കുത്തിവെച്ചുവെന്ന പരാതിയുമായി കോഴിക്കോട് കെട്ടാങ്ങല്‍ സ്വദേശിയായ മധ്യവയസ്‌ക. വാക്‌സിന്‍ നല്‍കിയതിന് പിന്നാലെ കടുത്ത പനിയും തലവേദനയും ശ്വാസം മുട്ടലും അനുഭവപ്പെട്ടതിന് തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു.

സംഭവത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ് ഇവര്‍. കെട്ടാങ്ങല്‍ കളന്തോട് കോഴിശേരികുന്നുമ്മല്‍ പ്രസീതയ്ക്കാണ് രണ്ട് ഡോസ് കൊവിഡ് വാക്‌സിന് മിനിറ്റുകള്‍ക്കുള്ളില്‍ നല്‍കിയത്. കഴിഞ്ഞ വെള്ളിയാഴ്ച കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ വച്ചാണ് ഒരു ഡോസ് വാക്‌സിന് എടുത്ത ഉടനെ അടുത്ത ഡോസും ഉടനടി കുത്തിവെച്ചത്.

ആശുപത്രിയിലെ നഴ്‌സിന് പറ്റിയ അബദ്ധമാണിതെന്ന് പ്രസീത കൂട്ടിച്ചേര്‍ത്തു. ഒരു ഡോസ് വാക്‌സിന്‍ എടുത്ത് 28 ദിവസം കഴിഞ്ഞ ശേഷമാണ് അടുത്ത ഡോസ് സ്വീകരിക്കേണ്ടത്. കടുത്ത പനിയും തലവേദനയും ശ്വാസതടസവും അനുഭവപ്പെട്ടതോടെ ഇവര്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് ഉടന്‍ ചികിത്സ തേടാന്‍ നിര്‍ദേശിക്കുകയായിരുന്നു. ആശുപത്രിയിലെ അലംഭാവത്തിനെതിരെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ് പ്രസീത.

Exit mobile version