വലിയ തുകകള്‍ കുറവാണ്, ചെറിയ തുകകളാണ് കൂടുതല്‍: സിനിമയ്ക്ക് വേണ്ടി ഇനിയും ഭിക്ഷ യാചിക്കാന്‍ തയ്യാറാണ്; സംവിധായകന്‍ അലി അക്ബര്‍

കോഴിക്കോട്: മലബാര്‍ കലാപം പശ്ചാത്തലമാക്കിയുള്ള തന്റെ ചിത്രമായ ‘1921: പുഴ മുതല്‍ പുഴ വരെ’യുടെ നിര്‍മ്മാണ ചിലവിനായി കൂടുതല്‍ സാമ്പത്തിക സഹായം അഭ്യര്‍ഥിച്ച് സംവിധായകന്‍ അലി അക്ബര്‍.

സിനിമാ സഹായത്തിനായുള്ള ‘മമധര്‍മ്മ’ എന്ന തന്റെ അക്കൗണ്ടിലേക്ക് ലഭിക്കുന്ന സാമ്പത്തിക സഹായം വളരെ കുറവാണെന്നും ചെറിയ തുകകളാണ് കൂടുതലെന്നും അലി അക്ബര്‍ പറയുന്നു. വലിയ തുകകള്‍ വന്നിരിക്കുന്നത് കുറവാണ്. ഇനിയും സിനിമയ്ക്ക് വേണ്ടി ഭിക്ഷ യാചിക്കാന്‍ തയ്യാറാണ്. തന്റെ ഫേസ്ബുക്ക് ലൈവിലാണ് അദ്ദേഹം സഹായം അഭ്യര്‍ഥിച്ചത്.

സാധാരണ ജനങ്ങള്‍ തന്ന ചെറിയ തുകയുടെ ബലത്തിലാണ് സിനിമ മുന്നോട്ട് പോകുന്നത്. അതുകൊണ്ട് തന്നെ ഈ ചിത്രം കോടിക്കണക്കിന് ജനങ്ങള്‍ കാണും. ശരീരം കൊണ്ടും മനസുകൊണ്ടും പൂര്‍ത്തീകരിക്കുന്ന ചരിത്രത്തിലെ ആദ്യത്തെ സിനിമയായിരിക്കും പുഴ മുതല്‍ പുഴ വരെ. ചിത്രത്തില്‍ അഭിനയിച്ച തലൈവാസല്‍ വിജയ്, ജോയ് മാത്യു എന്നിവരും മറ്റുള്ളവരും മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. അലി അക്ബര്‍ പറഞ്ഞു.

സിനിമയുടെ ആദ്യ ഷെഡ്യൂള്‍ വയനാട്ടില്‍ പൂര്‍ത്തിയായി. ആദ്യ ഷെഡ്യൂളിലെ എഡിറ്റിംഗ് പരിപാടികള്‍ ഉടന്‍ തന്നെ ആരംഭിക്കും. വയനാട്ടിലെ എല്ലാ ഭാഗത്തും ചിത്രീകരണം നടത്തിയിരുന്നു. കേരളത്തിലെ തിരഞ്ഞെടുപ്പിന് ശേഷമാകും ഇനി രണ്ടാമത്തെ ഷെഡ്യൂള്‍ ആരംഭിക്കുക. വയനാട്ടില്‍ ചിത്രീകരണത്തിനിടെ സഹായിച്ച എല്ലാ നാട്ടുകാര്‍ക്കും അലി അക്ബര്‍ ഫേസ്ബുക്ക് ലൈവിലൂടെ തന്റെ നന്ദി അറിയിക്കുകയും ചെയ്തു.

ഇതേ വിഷയം കൈകാര്യം ചെയ്യുന്ന സിനിമയുടെ കാര്യം ആഷിഖ് അബു പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അലി അക്ബറും തന്റെ സിനിമയെ കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്. സിനിമയുടെ ചിത്രീകരണാവശ്യങ്ങള്‍ക്കായി തന്റെ വീട്ടുമുറ്റത്ത് ഒരുക്കിയ 900 സ്‌ക്വയര്‍ ഫീറ്റ് ഫ്‌ലോറിന്റെ ചിത്രങ്ങളും തോക്ക് ഉള്‍പ്പെടെയുള്ള ഉപകരണങ്ങളുടെ ചിത്രങ്ങളും അലി അക്ബര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.

Exit mobile version