വിഇ അബ്ദുള്‍ ഗഫൂറിനെ മാറ്റണം: കളമശ്ശേരി ലീഗ് സ്ഥാനാര്‍ഥി പ്രശ്‌നം പരിഹരിക്കാന്‍ എറണാകുളത്തെ ലീഗ് നേതാക്കള്‍ പാണക്കാട്

കൊച്ചി: കളമശ്ശേരി ലീഗിലെ സ്ഥാനാര്‍ഥി വിഇ അബ്ദുള്‍ ഗഫൂറിനെ മാറ്റണമെന്നാവശ്യപ്പെട്ട് എറണാകുളത്തെ ലീഗ് നേതാക്കള്‍ ഹൈദരലി തങ്ങളെ കണ്ടു. എംഎല്‍എ ടിഎ അഹമ്മദ് കബീറിന്റെ നേതൃത്വത്തിലാണ് നേതാക്കള്‍ പാണക്കാട് എത്തിയത്.

പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരമുണ്ടാകുമെന്ന് കൂടിക്കാഴ്ചക്ക് ശേഷം നേതാക്കള്‍ അറിയിച്ചു. പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ മാറ്റുന്ന രീതി മുസ്‌ലിം ലീഗിനില്ലെന്ന് ജനറല്‍ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന പിഎംഎ സലാം പറഞ്ഞു.

പ്രശ്‌ന പരിഹാരമായി പിവി അബ്ദുല്‍ വഹാബിന് പകരം ടിഎ അഹമ്മദ് കബീറിനെ രാജ്യസഭാ പ്രതിനിധിയാക്കണമെന്ന് നേതാക്കള്‍ സംസ്ഥാന അധ്യക്ഷനോട് ആവശ്യപ്പെട്ടുവെന്നാണ് സൂചന.

അതേസമയം, മണ്ഡലത്തില്‍ വിമതനായി മത്സരിക്കുമെന്ന് ടിഎ അഹമ്മദ് കബീര്‍ സൂചന നല്‍കി. ഹൈദരലി ശിഹാബ് തങ്ങളോട് പരാതികളും ആവശ്യവും പറഞ്ഞുവെന്നും പ്രശ്‌നപരിഹാരം ഉടന്‍ ഉണ്ടാകുമെന്നും കൂടിക്കാഴ്ചക്ക് ശേഷം നേതാക്കള്‍ പറഞ്ഞു.

കളമശ്ശേരിയില്‍ ഇബ്രാഹിംകുഞ്ഞിന് പകരം മകന്‍ വിഇ അബ്ദുല്‍ ഗഫൂറിനെ മത്സരിപ്പിക്കാന്‍ നേതൃത്വം തീരുമാനിച്ചതോടെയാണ് എറണാകുളം ജില്ലാ ഭാരവാഹികള്‍ പരസ്യമായി രംഗത്ത് വന്നത്.

അബ്ദുല്‍ ഗഫൂറിനെ മാറ്റിയില്ലെങ്കില്‍ പരാജയം ഉറപ്പാണ് എന്നാണ് ജില്ലാ ലീഗ് നേതാക്കള്‍ പറയുന്നത്. എന്നാല്‍ മണ്ഡലത്തില്‍ പ്രചാരണ പ്രവര്‍ത്തനങ്ങളുമായി മുമ്പോട്ടു പോകുകയാണ് ഗഫൂര്‍.

ഗഫൂറിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ മണ്ഡലത്തില്‍ സേവ് കളമശ്ശേരി എന്ന പേരില്‍ വ്യാപകമായ പോസ്റ്റര്‍ പ്രചരണമുണ്ടായിരുന്നു. പാലാരിവട്ടം പാലത്തിലെ കോടികളുടെ അഴിമതി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇബ്രാഹിംകുഞ്ഞ് ജയിലിലായിരുന്നു. അത് യുഡിഎഫിന് കളമശ്ശേരി, ആലുവ, എറണാകുളം മുഴുവന്‍ മേഖലകളെയും ബാധിക്കുമെന്ന ആശങ്കയിലാണ് യുഡിഎഫ് പ്രവര്‍ത്തകര്‍.

അതിനിടയിലാണ് അദ്ദേഹത്തിന്റെ മകനെ തന്നെ വീണ്ടും സ്ഥാനാര്‍ഥിയാക്കുന്നതോടെ പാലാരിവട്ടം പാലത്തിലെ അഴിമതി വീണ്ടും ചര്‍ച്ചയാക്കുമെന്നാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ തന്നെ പറയുന്നത്.

എന്നാല്‍ ഇബ്രാഹിം കുഞ്ഞിന് മണ്ഡലത്തില്‍ വലിയ സ്വാധീനം ഉണ്ടെന്ന് കരുതി അദ്ദേഹം മുന്നോട്ടുതന്നെ പോകുകയാണ്. ലീഗ് നേതൃത്വത്തിലുള്ള ചിലരുമായുള്ള കച്ചവട ബന്ധങ്ങളിലൂടെയാണ് ഇബ്രാഹിംകുഞ്ഞിന്റെ മകന് കളമശ്ശേരി സീറ്റ് ഉറപ്പായതെന്നും ആരോപണങ്ങളുണ്ട്.

Exit mobile version