ഇടതുപക്ഷം വീണ്ടും അധികാരത്തില്‍ വന്നാല്‍ 60 വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും പെന്‍ഷന്‍ നല്‍കും; കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: ഇടതുപക്ഷം വീണ്ടും അധികാരത്തില്‍ വന്നാല്‍ ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുമെന്ന് സിപിഎം പിബി അംഗം കോടിയേരി ബാലകൃഷ്ണന്‍. 60 വയസ്സ് കഴിഞ്ഞ പെന്‍ഷനില്ലാത്ത എല്ലാവര്‍ക്കും എല്ലാ വീട്ടമ്മമാര്‍ക്കും പെന്‍ഷന്‍ നല്‍കാനുള്ള പദ്ധതി എല്‍ഡിഎഫ് കൊണ്ടുവരുമെന്നും കോടിയേരി പറഞ്ഞു. വീടുകള്‍ സുരക്ഷിതമാക്കുകയാണ് എല്‍ഡിഎഫിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്‍ഡിഎഫ് കഴക്കൂട്ടം നിയോജക മണ്ഡലം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അസാധ്യമായത് എല്‍ഡിഎഫ് സര്‍ക്കാര്‍ സാധ്യമാക്കി. സമാനതകളില്ലാത്ത വികസനമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയതെന്നും കോടിയേരി പറഞ്ഞു. ദേശീയപാത വികസനത്തിനുള്ള തടസം മാറ്റി. തിരുവനന്തപുരം മുതല്‍ കാസര്‍കോടു വരെയുള്ള ജലപാത യാഥാര്‍ഥ്യമാക്കിയെന്നും അദ്ദേഹം പറഞ്ഞു.

മറ്റുള്ള സംസ്ഥാനങ്ങളില്‍ സര്‍ക്കാരിനെ തകര്‍ത്തതുപോലെ ഇവിടെയും ചെയ്യാനാണ് കേന്ദ്ര ഏജന്‍സികള്‍ റാകി പറക്കുന്നത്. മറ്റു സംസ്ഥാനങ്ങളെ പോലെയല്ല കേരളം എന്ന് അവര്‍ ഓര്‍ക്കണം. ഈ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്ക് ഒരു സീറ്റും കൊടുക്കരുതെന്നും ദയനീയമായി തോല്‍പ്പിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. കഴിഞ്ഞ തവണ നേമത്ത് കോണ്‍ഗ്രസിന്റെ പിന്തുണയോടെ കടന്നുകൂടി. നേമത്തും ഇത്തവണ ബി.ജെ.പി. തോല്‍ക്കും. ബി.ജെ.പി. ഇല്ലാത്ത ഒരു നിയമസഭ അതാണ് കേരളം വിഭാവനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘കാലുമാറ്റം വഴിയും കൂറുമാറ്റം വഴിയും മറ്റ് സംസ്ഥാനങ്ങളില്‍ കടന്നു വരുന്നത് പോലെ ബി.ജെ.പി. കടന്നു വരാതിരിക്കാന്‍ ഇടതുപക്ഷത്തിന്റെ അംഗബലം വര്‍ധിക്കണം. ഇന്ന് ഈ ഗവണ്മെന്റ് തകരാതിരുന്നത് ഇടതുപക്ഷത്തിന് 95 സീറ്റുള്ളതിനാലാണ്. ഈ തിരഞ്ഞെടുപ്പില്‍ 95 പോര. ഇടതുപക്ഷത്തിന് മൂന്നക്ക സംഖ്യയിലേക്ക് എത്തിക്കണം. തിരുവനന്തപുരം ജില്ലയിലെ 14 സീറ്റിലും ജയസാധ്യതയുണ്ട്. അത് ഉപയോഗപ്പെടുത്തണം എന്നും കോടിയേരി പറഞ്ഞു.

Exit mobile version