70 ഞങ്ങള്‍ക്ക് വേണ്ട, 35 സീറ്റ് മാത്രം മതി! ബിജെപി സര്‍ക്കാറുണ്ടാക്കും: വെല്ലുവിളി ആവര്‍ത്തിച്ച് കെ സുരേന്ദ്രന്‍

തൃശൂര്‍: കേരളം ഭരിക്കാന്‍ ബിജെപിയ്ക്ക് 35 സീറ്റു മതിയെന്ന് ആവര്‍ത്തിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. ഒരു സീറ്റുമില്ലാത്ത പുതുച്ചേരിയില്‍ ബിജെപിക്ക് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ആകുമെങ്കില്‍ ഇവിടെയും അതിനാകുമെന്ന് അദ്ദേഹം പറഞ്ഞു.

‘സര്‍ക്കാറുണ്ടാക്കാന്‍ ആവശ്യമായ സീറ്റ് ഞങ്ങള്‍ക്ക് കിട്ടും. 35 സീറ്റു കിട്ടിയാലും ഞങ്ങള്‍ സര്‍ക്കാറുണ്ടാക്കും. അതില്‍ ഒരു സംശയവുമില്ല. ത്രിപുരയെ കുറിച്ച് എന്താണ് പറഞ്ഞത്. പുതുച്ചേരിയില്‍ ഞങ്ങള്‍ക്ക് ഒരു സീറ്റുമില്ലല്ലോ. അവിടെ ഞങ്ങള്‍ക്ക് ഗവണ്‍മെന്റുണ്ടാക്കാന്‍ കഴിയുമെങ്കില്‍ കേരളത്തിലും ഉണ്ടാക്കും. എഴുപത് ഞങ്ങള്‍ക്ക് വേണ്ട. ഞങ്ങളെ സംബന്ധിച്ച് 30-35 സീറ്റുണ്ടെങ്കില്‍ ഗവണ്‍മെന്റുണ്ടാക്കും’ -സുരേന്ദ്രന്‍ പറഞ്ഞു.

സ്ഥാനാര്‍ത്ഥി പട്ടിക വൈകിയിട്ടില്ല. നാമനിര്‍ദേശ പത്രിക കൊടുക്കാനുള്ള സമയമാകുമ്പോഴേക്കും പട്ടിക പുറത്തു വരും. സ്ഥാനാര്‍ത്ഥി പട്ടിക ഒന്നോ രണ്ടോ ദിവസത്തിനകം വരും. സര്‍പ്രൈസ് സ്ഥാനാര്‍ത്ഥികളുണ്ടാകും. പട്ടിക തയ്യാറാക്കിയിട്ടുണ്ട് കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച നടത്തി അനുമതി വാങ്ങേണ്ട സാങ്കേതിക തടസ്സം മാത്രമേയുള്ളൂ’ – സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ബിജെപി സംസ്ഥാന നേതാക്കള്‍ കേന്ദ്രനേതൃത്വവുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. നാളെയാണ് തെരഞ്ഞെടുപ്പ് സമിതി യോഗം. സുരേന്ദ്രന്‍ കോന്നിയില്‍ മത്സരിക്കുമെന്നാണ് സൂചന. വട്ടിയൂര്‍ക്കാവില്‍ വിവി രാജേഷിനെയും നേമത്ത് കുമ്മനം രാജശേഖരനെയും പരിഗണിക്കുന്നു. തൃശൂരില്‍ സുരേഷ് ഗോപിയുടെയും കാട്ടാക്കടയില്‍ പികെ കൃഷ്ണദാസിന്റെയും പേരുകളാണ് പട്ടികയിലുള്ളത്.

Exit mobile version