നടി മേനക സുരേഷ് ബിജെപി സ്ഥാനാര്‍ഥി പട്ടികയില്‍? സുരേഷ് ഗോപിയുടെ കാര്യം കേന്ദ്രം തീരുമാനിക്കും; വി മുരളീധരന്‍ ഉണ്ടാകില്ലെന്ന് സൂചന

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ബിജെപി അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല. സ്ഥാനാര്‍ഥികളെ തീരുമാനിക്കാന്‍ സാധിക്കാത്തത് നേതാക്കള്‍ക്കിടയിലെ പോര് ശക്തമായതുകൊണ്ടാണ് എന്നാണ് വിവരം.

അതേസമയം, കേന്ദ്രസഹമന്ത്രി വി മുരളീധരന്‍ മത്സരരംഗത്ത് ഉണ്ടാകില്ലെന്ന് സൂചന. സ്ഥാനാര്‍ത്ഥി പട്ടികയില്‍ വി മുരളീധരന്റെ പേര് ഉള്‍പ്പെടുത്തണോ എന്ന കാര്യത്തില്‍ ബിജെപി ദേശീയ നേതൃത്വമായിരിക്കും അന്തിമ തീരുമാനം എടുക്കുക.

മെട്രോ മാന്‍ ഇ ശ്രീധരന്‍ പാലക്കാട്ട് മത്സരിക്കും. തൃശ്ശൂരിലും തിരുവനന്തപുരം സെന്‍ട്രലിലും ആണ് സുരേഷ് ഗോപിയെ പരിഗണിക്കുന്നത്. എന്നാല്‍ ഇത് വരെ സുരേഷ് ഗോപി സമ്മതം അറിയിച്ചിട്ടില്ലെന്നാണ് സൂചന. സുരേഷ് ഗോപി മത്സരിക്കുന്ന കാര്യം കേന്ദ്ര നേതൃത്വം തീരുമാനിക്കും.

നടി മേനക സുരേഷും സാധ്യതാ പട്ടികയിലുണ്ട്. പികെ കൃഷ്ണദാസ് കാട്ടാക്കടയിലും കഴക്കൂട്ടത്ത് ടി.പി സെന്‍കുമാറും മത്സരിച്ചേക്കുമെന്നാണ് സൂചന. ബിജെപി സംസ്ഥാന നേതൃത്വം കൈമാറുന്ന പട്ടികയില്‍ കേന്ദ്ര പാര്‍ലമെന്ററി കമ്മറ്റി അന്തിമ തീരുമാനമെടുക്കും.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കോന്നിയില്‍ മത്സരിക്കാന്‍ സാധ്യത. കുമ്മനം രാജശേഖരന്‍ നേമത്തും വിവി രാജേഷ് വട്ടിയൂര്‍ക്കാവിലുമായിരിക്കും മത്സരിക്കുക.

അതേസമയം തൃശൂര്‍ അതിരൂപത ആസ്ഥാനത്ത് കേന്ദ്രമന്ത്രിമാരായ പ്രഹ്‌ളാദ് ജോഷിയും വി മുരളീധരനും ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തുമായി കൂടിക്കാഴ്ച നടത്തി. പൊതുകാര്യങ്ങളാണ് സംസാരിച്ചതെന്നും രാഷ്ട്രീയം ചര്‍ച്ചയായില്ലെന്നും ഇരുകൂട്ടരും വ്യക്തമാക്കി.

Exit mobile version