യുഡിഎഫ് പരിഗണിച്ചിരുന്ന പിജെ ജോസഫിന്റെ മരുമകൻ ജോ ജോസഫ് ട്വന്റി-ട്വന്റി സ്ഥാനാർത്ഥിയായി; തെരഞ്ഞെടുപ്പിന് മുൻപേ കോതമംഗലത്ത് പൊട്ടിത്തെറി

kothamangalam

കോതമംഗലം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമസ്ഥാനാർത്ഥി പട്ടിക പുറത്തെത്തും മുൻപെ കോതമംഗലം യുഡിഎഫിൽ പൊട്ടിത്തെറി. കോതമംഗലത്തേക്ക് യുഡിഎഫ് പരിഗണിച്ചിരുന്ന സ്ഥാനാർത്ഥികളിൽ ഒരാളായ ഡോ. ജോ ജോസഫ് എംഡി ട്വന്റി-ട്വന്റിയുടെ സ്ഥാനാർത്ഥിയായി പട്ടികയിൽ ഇടംപിടിച്ചതോടെയാണ് യുഡിഎഫ് ക്യാംപ് പുകയാൻ ആരംഭിച്ചത്. യുഡിഎഫ് കേരള കോൺഗ്രസ് എം(ജോസഫ് വിഭാഗം)ന് നൽകുമെന്ന് കരുതുന്ന കോതമംഗലം മണ്ഡലത്തിൽ പിജെ ജോസഫിന്റെ മകളുടെ ഭർത്താവായ ഡോ.ജോ ജോസഫ് സ്ഥാനാർത്ഥിയായേക്കുമെന്നായിരുന്നു ഉയർന്നുകേട്ട വാർത്തകൾ.

എന്നാൽ പേയ്‌മെന്റ് സീറ്റായി വ്യവസായി ആയ മറ്റൊരാൾക്ക് സ്ഥാനാർത്ഥിത്വം നൽകാനുള്ള കേരള കോൺഗ്രസിന്റെ തീരുമാനമാണ് പിജെ ജോസഫിന്റെ മരുമകനായ ജോ ജോസഫിനെ ട്വന്റി20 ക്യാമ്പിൽ എത്തിച്ചതെന്നാണ് പ്രവർത്തകർ പറയുന്നത്.

കളമശ്ശേരി മെഡിക്കൽ കോളേജിൽ ഡോക്ടറായിരുന്ന ജോ ജോസഫ് സ്ഥാനാർത്ഥിത്വത്തിൽ ഉറപ്പ് ലഭിച്ചതിന്റെ ഭാഗമായി ജോലിയിൽ നിന്നും വിആർഎസ് എടുക്കുകയും കോതമംഗലം നഗരമധ്യത്തിലെ കെട്ടിടം തെരഞ്ഞെടുപ്പ് ഓഫീസായി പ്രവർത്തിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ അപ്രതീക്ഷിതമായുണ്ടായ സ്ഥാനാർത്ഥിത്വത്തിലെ മാറ്റം ജോ ജോസഫിനെ ട്വന്റി-ട്വന്റിയിലേക്ക് ചേക്കേറാൻ പ്രേരിപ്പിക്കുയായിരുന്നു.

പിജെ ജോസഫിന്റെ അറിവോടെ തന്നെയാണ് ബന്ധുവായ ജോ ജോസഫ് ട്വന്റി-ട്വന്റി സ്ഥാനാർത്ഥിയായിരിക്കുന്നത് എന്നും പ്രാദേശിക നേതാക്കൾ ബലമായി തന്നെ സംശയിക്കുന്നുണ്ട്. അതേസമയം, ഔദ്യോഗിക സ്ഥാനാർത്ഥിയിൽ നിന്നും കൈപ്പറ്റേണ്ടതൊക്കെ കൈപ്പറ്റിയ ശേഷം കേരള കോൺഗ്രസ് പിന്നിൽ നിന്നും കുത്തുകയാണെന്ന് സ്ഥാനാർത്ഥിയായി പരിഗണിക്കപ്പെടുന്ന ഷിബു തെക്കുംപുറത്തിന്റെ അനുകൂലിക്കുന്നവർ കുറ്റപ്പെടുത്തുന്നത്.

യുഡിഎഫിന്റെ ഉറച്ച മണ്ഡലങ്ങളിൽ ഒന്നായിരുന്നെങ്കിലും കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പിൽ ചരിത്രം തിരുത്തി കോതമംഗലത്ത് ഇടതുപക്ഷം വെന്നിക്കൊടി പാറിച്ചിരുന്നു. തുടർച്ചയായി മൂന്നാം വിജയം ലക്ഷ്യമിട്ടിറങ്ങിയ കേരള കോൺഗ്രസി(എം)ന്റെ ടിയു കുരുവിളയെ പരാജയപ്പെടുത്തി എസ്എഫ്‌ഐ നേതാവായിരുന്ന ആന്റണി ജോണാണ് മണ്ഡലം പിടിച്ചത്. 19,282 വോട്ടിന്റെ വൻവിജയമാണ് ആന്റണി ജോൺ കഴിഞ്ഞ തവണ നേടിയത്.

ജനകീയമായ ഇടപെടലുകളും എൽഡിഎഫ് സർക്കാരിന്റെ വികസന പ്രവർത്തനങ്ങളും മണ്ഡലത്തിൽ നടപ്പിലാക്കുക വഴി കൂടുതൽ ജനകീയനായ ആന്റണി ജോണിനെ തന്നെ സ്ഥാനാർത്ഥിയാക്കി മണ്ഡലം നില നിർത്താനുള്ള പ്രവർത്തനങ്ങളുമായി ഇടതുപക്ഷം ഇതിനകം തന്നെ ബഹുദൂരം മുന്നിലാണ്. കഴിഞ്ഞ യുഡിഎഫ് അനുകൂല സമീപനം പുലർത്തിയിരുന്ന യാക്കോബായ വിഭാഗത്തിനിടയിൽ, പള്ളി തർക്ക വിഷയത്തിൽ പിണറയായി സർക്കാർ എടുത്ത സമീപനങ്ങൾ ഇടതുപക്ഷത്തിന് അനുകൂലമാക്കിയിട്ടുണ്ട് എന്നതും ആന്റണിയുടെ സാധ്യത കൂട്ടുന്നതാണ്.

ഇതിനിടെയാണ് മുന്നണിയിലും പാർട്ടിയിലും പൊട്ടിത്തെറികൾ സംഭവിച്ചിരിക്കുന്നതും തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ യുഡിഎഫ് പരാജയം സമ്മതിക്കുന്നതിനു തുല്യമാണെന്ന് പ്രവർത്തകർ നിരാശപ്പെടുന്നുണ്ട്. മണ്ഡലം കേരളാ കോൺഗ്രസിന് ഉറപ്പാണെന്ന വിശ്വാസത്തിൽ പിജെ ജോസഫ് തയ്യാറാക്കിയ അവസാന വട്ട സ്ഥാനാർത്ഥി പട്ടിക പ്രകാരം കോതമംഗലത്ത് വ്യവസായിയായ ഷിബു തെക്കുംപുറമാണ് സ്ഥാനാർത്ഥിയാവുക എന്നാണ് സൂചന. ഫ്രാൻസിസ് ജോർജിന് കോതമംഗലം സീറ്റിൽ താത്പര്യമുണ്ടെങ്കിലും അദ്ദേഹത്തെ റോഷി അഗസ്റ്റിനെതിരെ ഇടുക്കിയിൽ മത്സരിപ്പിക്കാനും കോതമംഗലത്ത് ഷിബു തെക്കുംപുറത്തെ തന്നെ പരിഗണിക്കാനുമാണ് തീരുമാനം.

കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിലെ ജില്ല പ്രസിഡന്റാണെങ്കിലും സീറ്റിൽ കണ്ണ് വെച്ചിരിക്കുന്ന പ്രമുഖരായ പല സംസ്ഥാന നേതാക്കളെയും തഴഞ്ഞ് ഷിബു തെക്കുംപുറം സ്ഥാനാർത്ഥി ആവുന്നതിന്റെ മുറുമുറുപ്പ് സജീവമാണെങ്കിലും പണത്തിനു മീതെ പരുന്തും പറക്കില്ല എന്നത് കൊണ്ട് തന്നെ അതൊക്കെ കെട്ടടങ്ങുമെന്ന് ഷിബു വിഭാഗവും പറയുന്നു. കൊള്ളപലിശക്കാരനായ ഷിബുവിനെ പണം വാങ്ങി പാർട്ടി സ്ഥാനാർത്ഥിയാക്കിയതാണെന്നും ജനവികാരം ഷിബു തെക്കുംപുറത്തിന് എതിരാണെന്നാണ് മറ്റൊരുവിഭാഗത്തിന്റെ ആരോപണം.

ഒരു ഭാഗത്ത് കോൺഗ്രസ് സീറ്റ് ഏറ്റെടുക്കണം എന്ന ആവശ്യവും മണ്ഡലത്തിൽ വീണ്ടും സജീവമാകുകയും ചെയ്യുന്നുണ്ട്. കോൺഗ്രസ് തന്നെ കൈവശം വച്ചേക്കുമെന്നും അഭ്യൂഹങ്ങൾ പരക്കുന്നതിനിടെ മാത്യു കുഴൽനാടനെ സ്ഥാനാർത്ഥിയാക്കി ഉയർത്തി കാട്ടി യുഡിഎഫിന്റെ പോസ്റ്ററുകൾ കോതമംഗലത്ത് പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നാലെ സ്ഥാനാർത്ഥിത്വത്തിനുമുൻപ് തന്നെ ഷിബു തെക്കുംപുറത്തിനായി ചുമരെഴുത്തുമായി അനുകൂലികൾ രംഗത്തിറങ്ങി. സമൂഹമാധ്യമങ്ങളിലെ പോസ്റ്റർ യുദ്ധവും നടക്കുന്നുണ്ട്.

സീറ്റ് ചർച്ചകൾ പ്രകാരം സാധ്യത ഷിബുവിനാണെങ്കിലും കേരള കോൺഗ്രസ് നേതൃത്വം ഉറപ്പ് പറഞ്ഞിട്ടുമില്ല. സ്ഥാനാർത്ഥിത്വം അനിശ്ചിതത്വത്തിലായതിന് പിന്നാലെ മുൻ എംഎൽഎ ടിയു കുരുവിളയുടെ എതിർപ്പും കൂടിയായതോടെ യുഡിഎഫിന് വലിയ തലവേദനയാവുകയാണ് കോതമംഗലം.

Exit mobile version