ലോക്കറിലെ പണം ശിവശങ്കറിന് മുഖ്യമന്ത്രി നൽകിയതാണെന്ന് പറയണം; എങ്കിൽ മാപ്പ് സാക്ഷിയാക്കാം; സ്വപ്നയെ നിർബന്ധിച്ചത് ഇഡി ഡിവൈഎസ്പി രാധാകൃഷ്ണൻ

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് വരുത്തിക്കാൻ എൻഫോഴ്‌സ്‌മെന്റ് കടുത്ത സമ്മർദ്ദം ചെലുത്തിയെന്നതിന്റെ തെളിവുകൾ പുറത്ത്. പ്രതിയായ സ്വപ്‌ന സുരേഷിനോട് മുഖ്യമന്ത്രിയുടെ പേര് പറഞ്ഞാൽ മാപ്പുസാക്ഷിയാക്കാമെന്ന് എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് വാഗ്ദാനം നൽകിയെന്നാണ് പുതിയ വെളിപ്പെടുത്തൽ.

മുഖ്യമന്ത്രിയുടെ പേര് പറയിക്കാൻ സ്വപ്‌നയുടെ മേൽ ഇഡി ഡിവൈഎസ്പി രാധാകൃഷ്ണൻ സമ്മർദ്ദം ചെലുത്തിയെന്നാണ് സ്വപ്‌നയ്ക്ക് പാറാവ് നിന്നിരുന്ന സിവിൽ പോലീസ് ഓഫീസർ റെജിമോൾ മൊഴി നൽകിയിരിക്കുന്നത്.

‘ആഗസ്ത് 13 ന് രാത്രിയിലെ ചോദ്യം ചെയ്യലിൽ ഇഡി, ഡിവൈഎസ്പി രാധാകൃഷ്ണനാണ് ലോക്കറിലെ തുക ശിവശങ്കർ തന്നതാണെന്ന് പറയണം. ആ തുക മുഖ്യമന്ത്രി ശിവശങ്കറിന് നൽകിയതാണെന്നും പറയണം. ഇങ്ങനെ പറഞ്ഞാൽ മാപ്പുസാക്ഷിയാക്കാം- എന്ന് സ്വപ്‌നയോട് വാഗ്ദാനം ചെയ്തത്. പലപ്പോഴും പുലർച്ചെ നാലുമണി വരെ ചോദ്യം ചെയ്‌തെന്നും സ്വപ്നയുടെ എസ്‌കോർട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫീസർ റെജിമോൾ മൊഴി നൽകി. സ്വപ്നയുടെ ശബ്ദരേഖാ കേസ് അന്വേഷിക്കുന്ന സംഘത്തിനാണ് മൊഴി നൽകിയത്. പോലീസ് ഓഫീസറുടെ മൊഴിപ്പകർപ്പ് സോഷ്യൽമീഡിയയിൽ പ്രചിരിക്കുന്നുണ്ട്.

Exit mobile version