17 വയസുമുതൽ ലോട്ടറി ടിക്കറ്റെടുക്കൽ പതിവ്; ഒടുവിൽ സമ്മാനം ലഭിച്ചത് 64ാം വയസിൽ; മാളയിലെ കോടീശ്വരനായി അബ്ദുൾഖാദർ

abdulkhader-mala_

മാള: ഭാഗ്യമിത്ര ലോട്ടറിയുടെ അഞ്ചാമത്തെ കോടീശ്വരനേയും തിരിച്ചറിഞ്ഞു. മാളയിൽ വിറ്റ ഭാഗ്യമിത്ര ലോട്ടറിയിലൂടെ ഒരു കോടി രൂപ സമ്മാനമായി ലഭിച്ച ഭാഗ്യവാനെയാണ് ഇപ്പോൾ തിരിച്ചറിഞ്ഞിരിക്കുന്നത്. മാളയിലെ മസ്ജിദിന് സമീപം ബാർബർഷോപ്പ് നടത്തുന്ന മാളപള്ളിപ്പുറം ആനന്ദനാത്ത് അബ്ദുൾഖാദർ (64) ആണ് അഞ്ച് കോടീശ്വരന്മാരിൽ ഒരാൾ.

മാളയിലെ ‘ധനശ്രീ’ ലോട്ടറി ഏജൻസിയിൽനിന്നു വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനങ്ങളിലൊന്നായ ഒരു കോടി രൂപ ലഭിച്ചതെന്ന് കഴിഞ്ഞദിവസം അറിഞ്ഞിരുന്നുവെങ്കിലും ഭാഗ്യവാനെ കണ്ടെത്താനായിരുന്നില്ല. തിങ്കളാഴ്ച പതിവുപോലെ കട തുറന്നശേഷം പത്രത്തിൽ ഫലം പരിശോധിച്ചപ്പോഴാണ് താനെടുത്ത ടിക്കറ്റിനാണ് ഒരു കോടി രൂപ സമ്മാനം ലഭിച്ചതെന്നറിയുന്നത്.

സമ്മാനാർഹമായ ടിക്കറ്റ് ഉടനെ ബാങ്കിൽ ഏൽപ്പിക്കുകയും ചെയ്തു. 17ാം വയസ്സുമുതൽ ടിക്കറ്റെടുക്കുന്നതാണ് അബ്ദുൾ ഖാദർ. രണ്ട് തവണ 10,000 രൂപ വീതം പ്രോത്സാഹന സമ്മാനം ലഭിച്ചിട്ടുമുണ്ട്. ഇതുവരെ കിട്ടിയതിൽ ഏറ്റവും വലിയ തുക ഇതുതന്നെയാണ്. അതേസമയം, 17ാം വയസുമുതൽ ഇതുവരെ എത്ര രൂപ ടിക്കറ്റെടുക്കാൻ ചെലവാക്കിയിട്ടുണ്ടെന്നത് അബ്ദുൾ ഖാദറിന് തന്നെ നിശ്ചയമില്ല.

ഒമ്പത് വർഷമായി മസ്ജിദിന് സമീപമുള്ള വാടകമുറിയിൽ ബാർബർ ഷോപ്പ് നടത്തി വരികയാണ്. സ്വന്തമായി ഒരു കടമുറിയും മകൻ അസ്‌കറിന് സ്വന്തമായി വരുമാനമാർഗവും വേണമെന്നാണ് അബ്ദുൾഖാദറിന്റെ ആഗ്രഹം. മകൻ ടൗണിലെ ഒരു കടയിൽ സെയിൽസ്മാനാണ്. എട്ട് സെന്റ് സ്ഥലവും ചെറിയ വീടുമാണ് ആകെയുള്ള സമ്പത്ത്. ഭാര്യ: സബിയ.

Exit mobile version