ഇ ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കിയതിൽ കേന്ദ്രത്തിന് അതൃപ്തി; അങ്ങനെ പറഞ്ഞിട്ടില്ലെന്ന് മലക്കം മറിഞ്ഞ് സുരേന്ദ്രൻ; മുഖ്യമന്ത്രി പദം ആഗ്രഹിക്കുന്നില്ലെന്ന് മെട്രോമാൻ!

e-sreedharan-

തിരുവനന്തപുരം: ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി മെട്രോമാൻ ഇ ശ്രീധരനെ തിടുക്കപ്പെട്ട് പ്രഖ്യാപിച്ച സംഭവത്തിൽ കൂട്ടമലക്കം മറിച്ചിൽ. ഇ ശ്രീധരൻ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുമെന്ന് വിജയയാത്രയ്ക്കിടെ കെ സുരേന്ദ്രനാണ് പ്രഖ്യാപിച്ചത്. പിന്നാലെ വി മുരളീധരൻ ഇക്കാര്യം ട്വീറ്റും ചെയ്തിരുന്നു. പക്ഷെ രാത്രിയോടെ കാര്യങ്ങൾ മാറി മറിയുകയും മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഇ ശ്രീധരനെ പ്രഖ്യാപിച്ചിട്ടില്ലെന്ന് വി മുരളീധരൻ വ്യക്തമാക്കുകയും ചെയ്തു. പിന്നാലെ ഇന്ന് രാവിലെ നടത്തിയ വാർത്താസമ്മേളനത്തിൽ കെ സുരേന്ദ്രനും മലക്കംമറിഞ്ഞു. ഒപ്പം ഇ ശഅരീധരനും തന്റെ നിലപാട് തിരുത്തി രംഗത്തെത്തി.

ഇന്നലെ നടത്തിയ പ്രസ്താവന നിഷേധിച്ച കെ സുരേന്ദ്രൻ, ഇ ശ്രീധരൻ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാണെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം മുന്നിൽ നിന്ന് നയിക്കണമെന്ന് ജനങ്ങളും പാർട്ടിയും ആഗ്രഹിക്കുന്നുണ്ടെന്നുമാണ് പറഞ്ഞതെന്നും വ്യക്തമാക്കി.

ഇതിനിടെ മുഖ്യമന്ത്രി പദം ആഗ്രഹിക്കുന്നില്ലെന്ന് തുറന്ന് പറഞ്ഞ് മെട്രോമാൻ ഇ ശ്രീധരൻ രംഗത്തെത്തിയതും ശ്രദ്ധേയമായി. പാർട്ടി അത്തരമൊരു നിർദേശം വെച്ചാൽ സ്വീകരിക്കും. ഇപ്പോഴത്തെ വിവാദങ്ങളിൽ വിഷമമില്ല. ജനസേവനം മാത്രമാണ് തന്റെ ലക്ഷ്യം. ഒരു പദവിയും ആഗ്രഹിച്ചല്ല ബിജെപിയിൽ ചേർന്നതെന്നും ഇ ശ്രീധരൻ സ്വകാര്യചാനൽ അഭിമുഖത്തിൽ വ്യക്തമാക്കി.

അതേസമയം, ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ശ്രീധരനെ പ്രഖ്യാപിച്ചതിൽ കേന്ദ്ര നേതൃത്വത്തിന് അതൃപ്തിയുണ്ടെന്നാണ് സൂചന. ഔദ്യോഗിക പ്രഖ്യാപനം വരും മുൻപ് സുരേന്ദ്രൻ തിടുക്കം കാട്ടിയെന്നാണ് വിമർശനം. പ്രഖ്യാപനത്തിന് മുൻപ് ആലോചന നടന്നില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള പ്രഹ്ലാദ് ജോഷി ബിജെപി കേന്ദ്ര നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് നടക്കുന്ന ഒരു സംസ്ഥാനത്തും ബിജെപി സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയിട്ടില്ലെന്നും കേന്ദ്ര നേതൃത്വം വ്യക്തമാക്കുന്നു. നേരത്തെ, കേന്ദ്ര നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥി പ്രഖ്യാപനമെന്നായിരുന്നു സംസ്ഥാന നേതാക്കളുടെ നിലപാട്.

കഴിഞ്ഞദിവസം, വിജയയാത്രക്കിടെ തിരുവല്ലയിൽ വെച്ചായിരുന്നു ശ്രീധരനായിരിക്കും പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്ന് കെ സുരേന്ദ്രൻ പ്രഖ്യാപിച്ചത്. കേന്ദ്ര മന്ത്രി വി മുരളീധരൻ ആദ്യം ഇത് ശരിവെച്ചെങ്കിലും മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചില്ലെന്ന് പറഞ്ഞ് വൈകീട്ട് തിരുത്തി.

Exit mobile version