ടോറസ് ലോറിക്ക് അടിയില്‍പ്പെട്ടു, ശരീരം ചിതറിത്തെറിച്ചു; ഭാര്യ നിഷയുടെ അതിദാരുണ മരണം നേരില്‍ കണ്ട് പ്രകാശ്! തോരാകണ്ണീര്‍

കോട്ടയം: ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യവെ യുവതി തെറിച്ച് വീണ് ടോറസ് ലോറി കയറി മരിച്ചു. നഗമ്പടം മീനച്ചിലാര്‍ പാലത്തിലേയ്ക്ക് പ്രവേശിക്കുന്ന ഭാഗത്താണ് അതിദാരുണമായ അപകടം നടന്നത്. കഴിഞ്ഞ ദിവസം രാവിലെ 9.20ഓടെയായിരുന്നു നടുക്കുന്ന അപകടം നടന്നത്. നട്ടാശേരി പുത്തേട്ട് വൈശാഖ് ഭവനില്‍ പ്രകാശ് ഗോപിയുടെ ഭാര്യ നിഷ പ്രകാശ് (43) ആണ് മരിച്ചത്. ഭര്‍ത്താവ് പ്രകാശ് ഗോപി നോക്കി നില്‍ക്കെയാണ് അപകടം.

റോഡിന്റെ മറ്റൊരു വശത്തേയ്ക്ക് വീണുപോയ പ്രകാശിന് പരുക്കുകളില്ല. മരണ ശേഷം നടത്തിയ പരിശോധനയില്‍ നിഷയ്ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. നിഷയുടെ ഭര്‍ത്താവ് പ്രകാശ് ഗോപി ആയുര്‍വേദ തെറപ്പിസ്റ്റാണ്. മക്കള്‍: അംഷ (മൈക്രോബയോളജി വിദ്യാര്‍ഥിനി, എസ്എംഇ ഗാന്ധിനഗര്‍), അംഷിത്ത് (ഒന്നാം വര്‍ഷം ബിരുദ വിദ്യാര്‍ഥി, കഞ്ഞിക്കുഴി).

നിഷയുടെ മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംസ്‌കാരം നടത്തി. അപകടത്തില്‍ ഗാന്ധിനഗര്‍ പോലീസ് കേസെടുത്തു. അപകടത്തെത്തുടര്‍ന്ന് ഒരു മണിക്കൂറോളം എംസി റോഡില്‍ ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. സ്‌കൂട്ടറിനു പിന്നിലിരുന്നു സംസാരിച്ചിരുന്ന ഭാര്യ നിഷയുടെ ശരീരം ചിതറിത്തെറിക്കുന്ന ഭീകരമായ കാഴ്ചയാണ് പ്രകാശ് ഗോപി കണ്ടത്. ആരോടും സംസാരിക്കാതെ കണ്ണീര്‍ പൊഴിക്കുകയാണ് പ്രകാശ്.

എംഡി കമേഴ്‌സ്യല്‍ സെന്ററിലെ ലെവല്‍ 10 തുണിക്കടയിലെ ജീവനക്കാരിയായ നിഷയെ പതിവായി ജോലി സ്ഥലത്തേക്കു സ്‌കൂട്ടറില്‍ കൊണ്ടുവിടുന്നത് ഭര്‍ത്താവ് പ്രകാശ് ആണ്. സ്‌കൂട്ടര്‍ നാഗമ്പടം മീനച്ചിലാര്‍ പാലത്തില്‍ കയറിയപ്പോള്‍ വലതുവശത്ത് ഒരു ടോറസ് ഉണ്ടായിരുന്നു. അല്‍പം മുന്നോട്ടു നീങ്ങിയപ്പോള്‍ വാഹനത്തിരക്ക് കൂടി. ടോറസ് സ്‌കൂട്ടറിനോട് ചേര്‍ന്നു പോകുന്ന സ്ഥിതിയായി.

ബ്രേക്ക് ചെയ്തപ്പോള്‍ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. പ്രകാശ് ഇടതുഭാഗത്തേക്കാണ് വീണത്. പിന്നില്‍ ഇടതു വശത്തേക്ക് ചരിഞ്ഞ് ഇരുന്ന നിഷ പിന്നിലേക്ക് വീണു. ടോറസിന്റെ പിന്‍ ടയറിന്റെ അടിയിലേക്കാണ് നിഷ വീണത്. നിമിഷ നേരം കൊണ്ട് ടോറസ് ലോറി നിശയുടെ ശരീരത്തിലൂടെ കയറി ഇറങ്ങി. ഒന്നും ചെയ്യാന്‍ സാധിക്കാതെ ഒരു നിമിഷം സ്തംഭിച്ച അവസ്ഥയായിരുന്നു പ്രകാശിന്. പോലീസ് എത്തിയതോടെ പ്രകാശിനെ അവര്‍ പോലീസ് ജീപ്പിലേക്ക് മാറ്റുകയും ചെയ്തു.

Exit mobile version