തെരഞ്ഞെടുപ്പ്; എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ ഏപ്രിലിലേക്കു മാറ്റാന്‍ ആലോചന

തിരുവനന്തപുരം: മാര്‍ച്ച് 17നു തുടങ്ങേണ്ട എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ ഏപ്രിലിലേക്കു മാറ്റാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ പൊതുപരീക്ഷകള്‍ നടത്തുന്നത് പ്രായോഗിക തടസ്സങ്ങളുണ്ടാക്കുമെന്ന വിലയിരുത്തലിലാണ് പരീക്ഷകള്‍ ഏപ്രിലിലേക്കു മാറ്റാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.

പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് ഇടത് അധ്യാപക സംഘടനയും പ്രതിപക്ഷ അധ്യാപക സംഘടനകളും ആവശ്യപ്പെട്ടിരുന്നു. അധ്യാപകര്‍ക്കു തിരഞ്ഞെടുപ്പു പരിശീലനമുള്ളതിനാല്‍ പരീക്ഷ മാറ്റിവയ്ക്കണമെന്ന് ഇടത് അധ്യാപക സംഘടനയായ കെഎസ്ടിഎ വിദ്യാഭ്യാസവകുപ്പിനു നിവേദനം നല്‍കി. പരീക്ഷകള്‍ ഏപ്രില്‍മേയ് മാസങ്ങളിലേക്കു മാറ്റണമെന്നു പ്രതിപക്ഷ അധ്യാപക സംഘടനകള്‍ നേരത്തേ തന്നെ ആവശ്യപ്പെട്ടിരുന്നു.

ഏപ്രില്‍ ആറിനാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ്. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍. മാര്‍ച്ച് 12 ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. മാര്‍ച്ച് 19 ന് പത്രിക സമര്‍പ്പിക്കാനുള്ള സമയ പരിധി അവസാനിക്കും. മാര്‍ച്ച് 20 ന് സൂക്ഷ്മ പരിശോധന നടക്കും. മാര്‍ച്ച് 22 ന് പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസമാണ്.

ഒറ്റ ഘട്ടമായാണ് കേരളത്തില്‍ തെരഞ്ഞെടുപ്പ്. കേരളത്തില്‍ 40,711 പോളിങ് സ്റ്റേഷനുകളാണ് ഉണ്ടാവുക. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു തെരഞ്ഞെടുപ്പു നടത്താനാണ് പോളിങ് സ്റ്റേഷനുകളുടെ എണ്ണം കൂട്ടിയത്. അതേസമയം പ്രവാസികള്‍ക്ക് തപാല്‍ വോട്ടിനുള്ള സൗകര്യം ഇത്തവണയില്ല. 80 വയസ്സിന് മുകളിലുള്ളവര്‍ക്ക് തപാല്‍ വോട്ട് വഴി വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം ഒരുക്കും. കൊവിഡ് ബാധിതര്‍ക്കും വോട്ട് ചെയ്യാന്‍ അവസരമൊരുക്കുമെന്നും സുനില്‍ അറോറ അറിയിച്ചു.

Exit mobile version