പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കാതിരിക്കാന്‍ ആവില്ല: ആദ്യ സിനിമ ചെയ്തപ്പോഴുണ്ടായ അതേ അങ്കലാപ്പുണ്ട്; സ്ഥാനാര്‍ഥിത്വത്തെ കുറിച്ച് സംവിധായകന്‍ രഞ്ജിത്

കോഴിക്കോട്: ആദ്യ സിനിമ ചെയ്തപ്പോള്‍ ഉണ്ടായ അതേ അങ്കലാപ്പാണ് രാഷ്ട്രീയത്തിലേക്കിറങ്ങുമ്പോഴുമെന്ന് സംവിധായകന്‍ രഞ്ജിത്. ആദ്യ സിനിമ ചെയ്തപ്പോള്‍ എന്താകുമെന്ന അങ്കലാപ്പ് ഉണ്ടായിരുന്നു, അതേ അവസ്ഥയാണിപ്പോഴുമെന്ന് രഞ്ജിത് പറയുന്നു.

കോഴിക്കോട് നോര്‍ത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകുമോയെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു രഞ്ജിത്ത്. സിപിഎം പോലുള്ള പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കാതിരിക്കാന്‍ ആവില്ല. തന്റെ സാമൂഹ്യ പശ്ചാത്തലം അങ്ങനെയാണ്. ചുറ്റും ആളുണ്ടെങ്കില്‍ മത്സരിക്കാന്‍ തയ്യാറാണ് അദ്ദേഹം പറയുന്നു.

ഒരു സ്ഥാനാര്‍ഥിയാകാന്‍ ഞാന്‍ യോഗ്യനാണോ എന്നറിയില്ല. എ പ്രദീപ് കുമാര്‍ കോഴിക്കോട് നോര്‍ത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ നമുക്കറിയാം. പ്രദീപ് കുമാറിനെപ്പോലെ ഒരാളെ കോഴിക്കോട് കാണാന്‍ കിട്ടില്ല. അത്രയും പ്രാപ്തനായൊരു എംഎല്‍എയായിരുന്നു പ്രദീപ് കുമാറെന്ന് രഞ്ജിത് പറഞ്ഞു.

രഞ്ജിത്തിന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളായ എംവി ശ്രേയാംസ് കുമാറാണ് എല്‍ഡിഎഫില്‍ ഇങ്ങനെയൊരു നിര്‍ദ്ദേശം മുന്നോട്ടു വച്ചതെന്നാണ് വിവരം. സിനിമാ – നാടക – സാംസ്‌കാരിക പരിസരങ്ങളില്‍ സജീവ സാന്നിധ്യമായ രഞ്ജിത്തിന് കോഴിക്കോട്ട് വലിയ സൗഹൃദ വലയമുണ്ട്. അത് ഗുണകരമാകുമെന്ന വിലയിരുത്തലിലാണ് ഇടതുമുന്നണി.

കഴിഞ്ഞ കുറച്ചു കാലങ്ങളായി ഇടതുപക്ഷ വേദികളില്‍ സജീവമായിരുന്നു സംവിധായകന്‍ രഞ്ജിത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് കോര്‍പ്പറേഷനില്‍ ഇടതു സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെ തുടര്‍ച്ചയായി പ്രശംസിച്ചിരുന്നു. കോഴിക്കോട് നോര്‍ത്തില്‍ മത്സരിക്കാന്‍ സിപിഎം ആവശ്യപ്പെട്ടെങ്കിലും കൃത്യമായ മറുപടി നല്‍കാന്‍ രഞ്ജിത്ത് അന്ന് തയ്യാറായിരുന്നില്ല. സിപിഎം ജില്ലാ സെക്രട്ടറി പി മോഹനനെയും മുന്‍ കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രനെയും നോര്‍ത്തില്‍ പരിഗണിച്ചിരുന്നു.

Exit mobile version