ലോക്ക്ഡൗൺ കാലം മുതൽ ഇതുവരെ ഇന്ധനത്തിന് വിലകൂടിയത് 20 രൂപ; വാഹന പണിമുടക്കിനെ പിന്തുണച്ച് ജനങ്ങളും

crude oil

കൊച്ചി: സംസ്ഥാന വ്യാപകമായി സ്വകാര്യ-ടാക്‌സി വാഹനങ്ങളും തൊഴിലാളി സംഘടനകളും പണിമുടക്കുമ്പോൾ പിന്തുണയുമായി ജനങ്ങളും എത്തിയിരിക്കുകയാണ്. കണക്കുകൾ പരിശോധിച്ചാൽ ലോക്ക്ഡൗൺ കാലം മുതലുള്ള ഒരു വർഷത്തിനിടെ പെട്രോളിനും ഡീസലിനും വില കൂടിയത് ലിറ്ററിന് 20 രൂപയ്ക്ക് മുകളിലാണ്. ഗാർഹിക ആവശ്യത്തിനുള്ള പാചകവാതകത്തിന് ആറുമാസത്തിനുള്ളിൽ 238 രൂപയും വർധിച്ചു. കഴിഞ്ഞദിവസം 25 രൂപ വർധിപ്പിച്ചതോടെ പാചകവാതകത്തിന് 825 രൂപയാണ് നിലവിൽ ഓരോ ഉപഭോക്താവും നൽകേണ്ടത്.

ഡീസൽ വിലയ്ക്കനുസരിച്ച് വാഹനവാടക കൂടുന്നതോടെ പച്ചക്കറിയടക്കമുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലയും കുതിച്ചുയരുന്നുണ്ട്. ദിനംപ്രതി എണ്ണവില ഉയരുന്നതിനിടെ കോവിഡ് പ്രതിസന്ധി വന്നതോടെ 2020 മാർച്ച് മുതൽ ആഗോള എണ്ണവില ഇടിയാൻ തുടങ്ങിയിരുന്നു. തുടർന്ന് നേരിയ തോതിൽ രാജ്യത്തും ഇന്ധനവില കുറഞ്ഞിരുന്നു. മാർച്ച് പകുതിയോടെ കേരളത്തിൽ പെട്രോളിന് 70-72 രൂപയായും ഡീസലിന് 65-67 രൂപയായും കുറഞ്ഞെങ്കിലും അൺലോക്ക് ആരംഭിച്ചതോടെ കാര്യങ്ങൾ തകിടം മറിഞ്ഞു.

ജൂൺ മുതൽ വീണ്ടും ഇന്ധനവില ഉയരാൻ തുടങ്ങി. 2020 ഡിസംബർ ആദ്യത്തോടെ 82-84ൽ എത്തുകയും പിന്നീട് 90 കടക്കുകയും ചെയ്തു. രാജ്യത്ത് ആദ്യമായി പെട്രോൾ വില 100 കടന്നതും ഈ ഫെബ്രുവരിയിലാണ്. ഈ വർഷം ജനുവരി മുതലുള്ള രണ്ടുമാസത്തിനിടെ മാത്രം പെട്രോളിന് 7.50 രൂപയും ഡീസലിന് എട്ടുരൂപയും വർധിച്ചിരിക്കുകയാണ.് എന്നാൽ ജനങ്ങളുടെ പ്രതിഷേധം കണക്കിലെടുക്കാതെ കേന്ദ്രസർക്കാർ എണ്ണവില ഉയരാൻ കാരണം സംസ്ഥാന സർക്കാരുകൾ ആണെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

ഇതിനിടെ, ഇന്ധനവിലവർധനയിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് പ്രഖ്യാപിച്ച മോട്ടോർവാഹനമേഖലയിലെ സംഘടനകളുടെ പണിമുടക്ക് പുരോഗമിക്കുകയാണ്. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് പണിമുടക്ക്. കെഎസ്ആർടിസി, സ്വകാര്യബസുകൾ, ഓട്ടോ, ടാക്‌സി, ട്രക്കർ എന്നിവ പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്.

ഐഎൻടിയുസി, സിഐടിയു, എഐടിയുസി തുടങ്ങിയ യൂണിയനുകളെല്ലാം പണിമുടക്കുന്നുണ്ട്. ബിഎംഎസ് മാത്രമാണ് വിട്ടുനിൽക്കുന്നത്. വ്യാപാരസ്ഥാപനങ്ങൾ തുറക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി അറിയിച്ചു.

Exit mobile version