വാഹന പണിമുടക്ക്; കെഎസ്ആര്‍ടിസി ഭാഗികമായി സര്‍വീസ് മുടക്കും; സ്വകാര്യ ബസ്, ഓട്ടോ, ടാക്‌സി എന്നിവയും നിരത്തിലിറങ്ങില്ല

തിരുവനന്തപുരം: ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകള്‍ നാളെ ആഹ്വാനം ചെയ്ത വാഹന പണിമുടക്കില്‍ കെഎസ്ആര്‍ടിസി ബസുകള്‍ ഭാഗികമായി സര്‍വീസ് മുടക്കും. ഓട്ടോ, ടാക്‌സികള്‍ നിരത്തിലിറങ്ങില്ലെന്ന് സംയുക്ത സമരസമിതി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കെഎസ്ആര്‍ടിസി യൂണിയനുകളും സ്വകാര്യ ബസ് സംഘടനകളും സഹകരിക്കുമെന്നും സമരസമിതി നേതാക്കള്‍ അറിയിച്ചു. ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ രാവിലെ ആറുമണിമുതല്‍ വൈകീട്ട് ആറുവരെയാണ് വാഹന പണിമുടക്ക്. ബിഎംഎസ് ഒഴികെ എല്ലാ ട്രേഡ് യൂണിയനുകളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

വാഹന പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ നാളത്തെ ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷ മാറ്റിവച്ചു. എട്ടാം തീയതിയിലേക്കാണ് പരീക്ഷ മാറ്റിയത്. എംജി സര്‍വകലാശാല നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. സാങ്കേതിക സര്‍വകലാശാല (കെടിയു) നാളത്തെ പരീക്ഷകള്‍ മാറ്റി.

Exit mobile version