ചര്‍ച്ച വിജയകരം: എല്‍ജിഎസ് ഉദ്യോഗാര്‍ത്ഥികള്‍ സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ പിഎസ്സി എല്‍ജിഎസ് ഉദ്യോഗാര്‍ത്ഥികള്‍ സമരം അവസാനിപ്പിച്ചു. മന്ത്രി എകെ ബാലനുമായി നടത്തിയ ചര്‍ച്ചയില്‍ അനുകൂല തീരുമാനം ഉണ്ടായതിനെ തുടര്‍ന്നാണ് പിഎസ്സി ഉദ്യോഗാര്‍ത്ഥികള്‍ സമരം അവസാനിപ്പിച്ചത്.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ തെര. കമ്മീഷനുമായി ആലോചിച്ച ശേഷം ആവശ്യങ്ങള്‍ നടപ്പാക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയെന്ന ഉദ്യോഗാര്‍ത്ഥികളുടെ പ്രതിനിധികള്‍ പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് നിയമമന്ത്രി എകെ ബാലനും ഉദ്യോഗാര്‍ഥികളും തമ്മില്‍ ഞായറാഴ്ച രാവിലെ ചര്‍ച്ച നടന്നത്.

നൈറ്റ് വാച്ച്മാന്‍ തസ്തികയുടെ ജോലിസമയം എട്ട് മണികൂറാക്കി ക്രമീകരിച്ച് കൂടുതല്‍ അവസരം സൃഷ്ടിക്കും എന്ന് മന്ത്രി ഉറപ്പ് നല്‍കി. നിലവിലെ റാങ്ക് ലിസ്റ്റില്‍ നിന്ന് ഈ ഒഴിവുകള്‍ നികത്തുമെന്നും ചര്‍ച്ചയില്‍ തീരുമാനമായി.

അതേസമയം, സിപിഒ ഉദ്യോഗാര്‍ത്ഥികളുടെ സമരം തുടരും. സമരം ശക്തമായി തുടരുമെന്ന് ഉദ്യോഗാര്‍ത്ഥികള്‍ അറിയിച്ചു. ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ടെങ്കിലും സിപിഒ ഉദ്യോഗാര്‍ത്ഥികളുടെ കാര്യത്തില്‍ ഇനി ഒന്നും ചെയ്യാനില്ലെന്ന നിലപാട് തുടരുകയാണ് സര്‍ക്കാര്‍.

Exit mobile version