ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ ബാലുശേരിയില്‍ മത്സരിക്കില്ല; ധര്‍മ്മജന്‍

കോഴിക്കോട്: രാഷ്ട്രീയ നിലപാടറിയിച്ച് നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി രംഗത്തെത്തിയതിന് പിന്നാലെ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹമുണ്ടെന്നും താരം വ്യക്തമാക്കിയിരുന്നു.

അതേസമയം, പാര്‍ട്ടിയില്‍ ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ ബാലുശേരിയില്‍ മത്സരിക്കില്ലെന്ന് ധര്‍മ്മജന്‍ അറിയിച്ചു. മണ്ഡലത്തില്‍ നിന്ന് പാര്‍ട്ടിക്കാരനായ ഒരാളുടെയെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ മത്സര രംഗത്തുണ്ടാവില്ലെന്നാണ് ധര്‍മജന്റെ നിലപാട്.

മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസുകാരനായ മറ്റൊരാള്‍ക്ക് ബാലുശേരിയില്‍ മത്സരിക്കാന്‍ താത്പര്യമുണ്ടെന്നറിഞ്ഞതോടെയായിരുന്നു ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ പ്രതികരണം.

താന്‍ മത്സരിക്കുന്ന കാര്യം പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. ഒരാളുടെയെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ മത്സരിക്കാനില്ല എന്നതാണ് തന്റെ നിലപാടെന്നും ധര്‍മ്മജന്‍ മീഡിയവണിനോട് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മത്സരിച്ച് അറിയപ്പെടണമെന്ന് ഇപ്പോള്‍ താത്പര്യമില്ല, സിനിമ നടന്‍ എന്ന നിലയില്‍ ലോകത്ത് എവിടെപോയാലും പത്ത് മലയാളികളുണ്ടെങ്കില്‍ അഞ്ച് പേരെങ്കിലും തന്നെ അറിയും. എല്ലാവരുടെയും പിന്തുണയോടെ മത്സരിക്കാനാണ് ആഗ്രഹമെന്നും ധര്‍മ്മജന്‍ പറഞ്ഞു.

എ.ഐ.സി.സി സെക്രട്ടറി പി.വി മോഹനനുമായി ധര്‍മജന്‍ ബോള്‍ഗാട്ടി നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിത്വം ചര്‍ച്ചയായെന്ന് ധര്‍മജന്‍ പറഞ്ഞിരുന്നു.

Exit mobile version