അരൂരില്‍ ഊഞ്ഞാലില്‍ കഴുത്ത് കുരുങ്ങി 11 കാരന്‍ മരിച്ചു; സമാന രീതിയില്‍ കോലഞ്ചേരിയില്‍ ഷാള്‍ കഴുത്തില്‍ കുരുങ്ങി ഒമ്പത് വയസുകാരനും മരണം

അരൂര്‍/കോലഞ്ചേരി: കളിച്ചുകൊണ്ടിരിക്കെ വീട്ടിനകത്തെ ഊഞ്ഞാലില്‍ കഴുത്ത് കുരുങ്ങ് 11 വയസുകാരന് ദാരുണാന്ത്യം. സമാന രീതിയില്‍ ഷാള്‍ കഴുത്തില്‍ കുരുങ്ങി ഒമ്പത് വയസുകാരനും മരണപ്പെട്ടു. അരൂക്കുറ്റി ഒമ്പതാം വാര്‍ഡില്‍ കാവുകാട്ട് വിപിന്‍ദാസിന്റേയും ബീനയുടേയും മൂത്തമകന്‍ വൈഷ്ണവ് ആണ് ഊഞ്ഞാലില്‍ കഴുത്ത് കുരുങ്ങി മരണപ്പെട്ടത്. നദുവത്ത്‌നഗര്‍ എന്‍ഐ യുപിഎസ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു.

ബുധനാഴ്ച വൈകീട്ടാണ് വൈഷ്ണവ് ഊഞ്ഞാലില്‍ കുരുങ്ങിയത്. ഊഞ്ഞാലിലിരുന്ന് കളിക്കുകയും ടിവി കാണുകയും ചെയ്യുകയായിരുന്നു. ഇതിനിടെ കുട്ടിയുടെ കഴുത്ത് കയറില്‍ കുരുങ്ങിപ്പോവുകയായിരുന്നു. കൂട്ടുകാര്‍ വന്ന് നോക്കുമ്പോഴാണ് ഊഞ്ഞാലില്‍ കുരുങ്ങിയനിലയില്‍ കണ്ടത്. അരൂരിലെയും പിന്നീട് കൊച്ചിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം സംസ്‌കരിച്ചു. അനുജന്‍ ആദിത്യന്‍.

സമാന രീതിയില്‍, കോലഞ്ചേരി കുറിഞ്ഞി വട്ടേക്കാട്ട് കോളനിയില്‍ ജോണ്‍സന്റെയും സുമയുടെയും മകന്‍ അരുണ്‍ (9) ആണ് ഷാളില്‍ കുരുങ്ങി മരണപ്പെട്ടത്. കുറിഞ്ഞി ഗവ. എല്‍പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അരുണ്‍. ശ്വാസംമുട്ടിയതിനെ തുടര്‍ന്ന് കുഴഞ്ഞുവീണ കുട്ടിയെ വടവുകോട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.50-ഓടെയാണ് സംഭവം. ജോണ്‍സണ്‍-സുമ ദമ്പതിമാരുടെ നാല് കുട്ടികളില്‍ മൂന്നാമത്തെ കുട്ടിയാണ് അരുണ്‍.

Exit mobile version