സംസ്ഥാനത്ത് മദ്യവില ഉടനെ കുറഞ്ഞേക്കും; 100 വരെ കുറയ്ക്കും; എക്‌സൈസ് വകുപ്പ് ധനവകുപ്പിന് കത്തെഴുതി

liquor | kerala news

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ വർധിപ്പിച്ച മദ്യത്തിന്റെ വില ഉടൻ കുറഞ്ഞേക്കും. സംസ്ഥാനത്ത് മദ്യവില കുറയ്ക്കാൻ എക്‌സൈസ് വകുപ്പ് തീരുമാനിച്ചു. കോവിഡ് കാലത്ത് കൂട്ടിയ നികുതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് എക്‌സൈസ് വകുപ്പ് ധനവകുപ്പിന് കത്ത് അയച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിൽ വരുന്നതിന് മുമ്പ് തീരുമാനമുണ്ടായേക്കുമെന്നാണ് വിവരം.

മദ്യവില വർധന ബാറുകളിലേയും ബെവ്‌കോ, കൺസ്യൂമർഫെഡ് ഔട്‌ലെറ്റുകളിലെ വിൽപ്പനയേയും ബാധിക്കുന്ന സാഹചര്യത്തിൽ അധിക നികുതി വേണ്ടെന്നു വെക്കാനാണ് നീക്കം.

കഴിഞ്ഞ ഒരു വർഷത്തിനിടയിൽ സംസ്ഥാനത്ത് രണ്ട് തവണയാണ് മദ്യ വില കൂട്ടിയത്. കോവിഡ് കാലത്തെ വരുമാന നഷ്ടം പരിഹരിക്കുന്നതിന് മേയ് മാസത്തിൽ മദ്യത്തിന്റെ എക്‌സൈസ് നികുതി 35 ശതമാനം കൂട്ടിയിരുന്നു. 212 ശതമാനമായിരുന്ന നികുതി 247 ശതമാനമായാണ് ഉയർത്തിയത്. ജനപ്രിയ ബ്രാൻഡുകൾക്ക് നൂറു രൂപ വരെ വില കൂടി.

പ്രധാന ബ്രാൻഡുകൾക്ക് ഒരു വർഷത്തിനിടെ 150 മുതൽ 200 രൂപ വരെ വർധനവുണ്ടായി. ബാറുകളിൽ പാഴ്‌സൽ വിൽപ്പന ഒഴിവാക്കുകയും ചെയ്തു. അതേസമയം, അടുത്ത മന്ത്രിസഭായോഗത്തിൽ അധിക നികുതി കുറക്കുന്നതിൽ തീരുമാനമുണ്ടായേക്കും എന്നാണ് സൂചന.

Exit mobile version