ചക്ക് തിരിച്ച് സ്‌നേഹത്തിന്റെ എണ്ണ കിനിയിച്ച് കണ്ണന്‍! വീട്ടില്‍ ആദ്യമായുണ്ടായ കാളക്കുട്ടനെ വിട്ട് കളയാന്‍ മനസ്സുവന്നില്ല; അവന് വേണ്ടി ചക്ക് നിര്‍മ്മിച്ച് സതീഷും കുടുംബവും

കുന്നംകുളം: വീട്ടില്‍ വളര്‍ത്തുന്ന അരുമമൃഗങ്ങളെ വീട്ടിലെ അംഗത്തെപ്പോലത്തന്നെയാണ്. അത്രമേല്‍ അവരെ സ്‌നേഹിക്കുകയും ലാളിയ്ക്കുകയുമൊക്കെ ചെയ്യാറുമുണ്ട്. വീട്ടിലെ കാളക്കുട്ടനെ വിട്ട് കളയാന്‍ മനസ്സുവരാതെ അവനുവേണ്ടി ചക്ക് നിര്‍മ്മിച്ചിരിക്കുകയാണ് തൃശ്ശൂര്‍ സ്വദേശി.

വെള്ളിത്തിരുത്തി കണ്ടംപുള്ളി സതീഷിന്റെയും ജിഷയുടെയും വീട്ടിലെ അരുമയാണ് കണ്ണന്‍ എന്ന കാളക്കുട്ടന്‍. കോടാലിയില്‍ നിന്ന് വാങ്ങിയ പശുവിന്റെ ആദ്യത്തെ കുട്ടിയാണ്. ഒന്നര വയസ്സായപ്പോള്‍ വില്‍ക്കേണ്ട സമയമായെങ്കിലും മനസ്സുവന്നില്ല. കാളക്കുട്ടനെ വിറ്റാല്‍ മാംസത്തിനാണ് ഉപയോഗിക്കുക. വീട്ടുകാര്‍ക്കിത് ചിന്തിക്കാന്‍ കൂടി വയ്യ.

പിന്നെ അവനെ പിടിച്ചുനിര്‍ത്താനുള്ള വഴികള്‍ ആലോചിച്ചു. അങ്ങനെയാണ് മരച്ചക്ക് എന്ന ആശയം ഉരുത്തിരിഞ്ഞത്. പണ്ട് എണ്ണക്കുരുക്കളില്‍ നിന്ന് എണ്ണയെടുക്കാന്‍ കാളയെ ഉപയോഗിച്ചുള്ള മരച്ചക്ക്. തിരൂര്‍ ഗാന്ധിയന്‍ പ്രകൃതിഗ്രാമത്തിലെ ഡോ. പിഎ രാധാകൃഷ്ണനാണ് കണ്ണനുവേണ്ടി മരച്ചക്ക് നിര്‍മിക്കാമെന്ന ആശയം നിര്‍ദേശിച്ചത്.

കാളയെ ഉപയോഗിച്ചുള്ള ചക്കുകള്‍ പ്രചാരത്തിലില്ലാത്തതിനാല്‍ പഴയ ചിത്രങ്ങളും വീഡിയോകളും ശേഖരിച്ചായിരുന്നു നിര്‍മാണം. താമരയൂര്‍ സ്വദേശി തൈക്കാട്ടില്‍ സോമന്റെ നേതൃത്വത്തിലാണ് ചക്ക് നിര്‍മിച്ചത്. നാലുലക്ഷം രൂപ ചെലവായി. പണികള്‍ പുരോഗമിച്ചതിനൊപ്പം കണ്ണനും പരിശീലനം നല്‍കി.
”കണ്ണനിപ്പോള്‍ മൂന്നു വയസ്സായി. നുകം കഴുത്തില്‍ വെച്ചാല്‍ നടത്തം തുടങ്ങും. വരുന്നതിനും പോകുന്നതിനും മുമ്പ് പഴം നല്‍കണം. അതും ശീലമായി.” – സതീഷും ജിഷയും പറഞ്ഞു. ഇവരുടെ വീട്ടില്‍ നാല് പശുക്കളും ഒരു കാളക്കുട്ടിയുമാണുള്ളത്.

ഇപ്പോള്‍ സതീഷിന്റെയും വീട്ടുകാരുടെയും സ്‌നേഹം കൊണ്ടൊരുക്കിയ ചക്ക് തിരിച്ച് എണ്ണ കിനിയിക്കുകയാണ് കണ്ണന്‍. ചക്കില്‍ ആറ് കിലോഗ്രാം കൊപ്ര എണ്ണയാക്കി മാറ്റാന്‍ 45 മിനിറ്റ് വേണം.

Exit mobile version