ബൈക്കില്‍ സഞ്ചരിച്ച യാത്രികനെ വിരണ്ടോടിയ കാള കുത്തിവീഴ്ത്തി; നെഞ്ചില്‍ കൊമ്പ് കുത്തിയിറക്കി! കാളയെ പിടിക്കാനായി ബൈക്കില്‍ വന്ന മൂന്നു പേര്‍ക്കെതിരെ കേസ്

കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെ വടകരപ്പതി പഞ്ചായത്ത് ഓഫീസിനു സമീപത്ത് വെച്ചാണ് അപകടമുണ്ടായത്.

പാലക്കാട്: രാത്രിയില്‍ ബൈക്കില്‍ സഞ്ചരിക്കവെ യുവ ദന്തഡോക്ടര്‍ക്ക് വിരണ്ട് ഓടിയ കാളയുടെ കുത്തേറ്റ് ദാരുണാന്ത്യം. കൊഴിഞ്ഞാമ്പാറ മുട്ടിമാമ്പള്ളം കുളപ്പുര വീട്ടില്‍ മോഹനന്റെ മകന്‍ ഡോ. ലക്ഷ്മി ജയകൃഷ്ണന്‍ (23) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെ വടകരപ്പതി പഞ്ചായത്ത് ഓഫീസിനു സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. കോയമ്പത്തൂര്‍ ആവാരംപാളയം ഡെന്റല്‍ കോളേജില്‍ ഹൗസ് സര്‍ജന്‍സി ചെയ്ത് വരികയായിരുന്നു ജയകൃഷ്ണന്‍. അവധിക്കു വീട്ടിലെത്തി താമസ സ്ഥലത്തേക്കു തിരിച്ചുപോകുമ്പോഴായിരുന്നു അപകടം. സംഭവത്തില്‍ കാളയെ പിടിക്കാനായി ബൈക്കില്‍ വന്ന മൂന്ന് പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. വിരണ്ട് ഓടിയ കാളെ പിടിക്കാനായി ബൈക്കുകളിലായി മൂന്ന് പേര്‍ വന്നിരുന്നു. ഇവര്‍ക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്.

വിരണ്ടോടിയ കാള എതിരെ ബൈക്കില്‍ വരുകയായിരുന്ന ലക്ഷ്മി ജയകൃഷ്ണനെ കുത്തിവീഴ്ത്തുകയായിരുന്നു. ശേഷം നെഞ്ചില്‍ കൊമ്പ് കുത്തിയിറക്കി. സാരമായി പരിക്കേറ്റ ജയകൃഷ്ണന്‍ ആശുപത്രിയില്‍ എത്തിക്കുന്നതിനു മുമ്പേ മരണപ്പെട്ടു. ബൈക്കിന്റെ ശബ്ദം കേട്ടതോടെ കാള ഒന്നു കൂടി ഭയപ്പെട്ട് ഓടി. ആ സമയത്താണ് ജയകൃഷ്ണന്‍ അതുവഴി വന്നത്. ഉടനെ ആക്രമിക്കുകയായിരുന്നു. അമ്മ: അംബിക, സഹോദരന്‍: അരുണ്‍രാജ്.

Exit mobile version