ബിജെപി ഹര്‍ത്താലില്‍ ജനങ്ങള്‍ക്കൊപ്പം വലഞ്ഞ് ‘ഒടിയനും’! കോഴിക്കോട്ടും തിരുവനന്തപുരത്തും ഷോകള്‍ റദ്ദാക്കി, മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് നിരാശ

പുലര്‍ച്ചെ 4.30ന് മോഹന്‍ലാല്‍ ഫാന്‍സിനായുള്ള ആദ്യ ഷോ നടന്നിരുന്നു.

കോഴിക്കോട്: ബിജെപി ഹര്‍ത്താലില്‍ ജനങ്ങള്‍ക്കൊപ്പം വലഞ്ഞ് മോഹന്‍ലാലിന്റെ പുതുചിത്രമായ ഒടിയനും. അക്രമ സാധ്യതകള്‍ കണക്കിലെടുത്ത് കോഴിക്കോട്ടും തിരുവനന്തപുരത്തും ഷോകള്‍ റദ്ദാക്കി. ജനം ഏറെ കാത്തിരുന്ന ചിത്രമാണ് വെള്ളിയാഴ്ച റിലീസിന് എത്തിയത്. കോഴിക്കോട് അപ്സര തീയ്യേറ്ററിലാണ് ഷോ നിര്‍ത്തി വെച്ചിരിക്കുന്നത്. പുലര്‍ച്ചെ 4.30ന് മോഹന്‍ലാല്‍ ഫാന്‍സിനായുള്ള ആദ്യ ഷോ നടന്നിരുന്നു.

തുടര്‍ന്ന് നടക്കേണ്ടിയിരുന്ന മൂന്ന് ഷോകളാണ് റദ്ദാക്കിയിരിക്കുന്നത്. രാവിലെ 9.55, ഉച്ചയ്ക്ക് 1 മണി, വൈകീട്ട് 4.10 എന്നീ ഷോകളാണ് നിര്‍ത്തിവെച്ചത്. ഇതേത്തുടര്‍ന്ന് കാണികളും മോഹന്‍ലാല്‍ ഫാന്‍സും ഏറെ നിരാശയിലാണ്. ഓണ്‍ലൈനില്‍ മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കും നിരാശരാകേണ്ടി വരുന്ന സാഹചര്യമാണ് ഉള്ളത്. ഷോ നിര്‍ത്തിവെച്ചതിനെത്തുടര്‍ന്ന് തിരുവനന്തപുരം എസ്എല്‍ തീയ്യേറ്ററില്‍ സിനിമ കാണാനെത്തിയവര്‍ പ്രതിഷേധിച്ചു.

പ്രദര്‍ശനം ആറു മണിക്കു ശേഷമേ ഉള്ളൂവെന്ന അറിയിപ്പിനെ തുടര്‍ന്നാണ് പ്രതിഷേധമുണ്ടായത്. ഹര്‍ത്താലിന്റെ പശ്ചാത്തലത്തിലാണ് പ്രദര്‍ശനം മാറ്റി വച്ചതെന്ന് തീയ്യേറ്റര്‍ അധികൃതര്‍ പറയുന്നു. മുന്‍കൂട്ടി അറിയിപ്പ് നല്‍കിയില്ലെന്ന് പറഞ്ഞ് സിനിമ കാണാനെത്തിയവര്‍ ബഹളമുണ്ടാക്കി. ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനെതിരെ തീയ്യേറ്ററില്‍ രാവിലെ ബിജെപി പ്രവര്‍ത്തകര്‍ എത്തി പ്രതിഷേധിച്ചിരുന്നു. ഹര്‍ത്താല്‍ ചിത്രത്തിന്റെ കളക്ഷനെ ബാധിക്കുമെന്ന് സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോന്‍ അഭിപ്രായപ്പെട്ടു.

Exit mobile version