പ്രശ്‌നം ഒത്തുതീര്‍പ്പായി: സുരേന്ദ്രന്റെ വിജയ യാത്രയ്ക്ക് ഊര്‍ജ്ജം പകര്‍ന്ന്, താരപ്രചാരകയായി ശോഭ സുരേന്ദ്രന്‍

കണ്ണൂര്‍: ശോഭാ സുരേന്ദ്രനും സംസ്ഥാന നേതൃത്വവും തമ്മിലുള്ള തര്‍ക്കം ഒടുവില്‍ ഒത്തു തീര്‍പ്പിലേക്ക്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ നേതൃത്വത്തി നടക്കുന്ന വിജയ യാത്രയില്‍ സജീവ സാന്നിധ്യമായി ശോഭ സുരേന്ദ്രന്‍.

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുത്ത വിജയ യാത്രയുടെ ഉദ്ഘാടന ദിനത്തില്‍ കാസര്‍ഗോഡും രണ്ടാം ദിനത്തില്‍ കണ്ണൂരും സജീവമായി ശോഭാ സുരേന്ദ്രന്‍ പങ്കെടുത്തു.

വിജയ യാത്രയുടെ ഉദ്ഘാടനത്തില്‍ ശോഭ എത്തില്ലെന്നായിരുന്നു രാഷ്ട്രീയ എതിരാളികള്‍ കരുതിയത്. എന്നാല്‍ പ്ര ചാരണങ്ങളെ എല്ലാം അപ്രസക്തമാക്കി യോഗി ആദിത്യനാഥിന് ആറന്മുള കണ്ണാടി സമ്മാനിക്കാന്‍ ശോഭ വേദിയില്‍ എത്തി. പാര്‍ട്ടിയില്‍ ആരുമായും പിണക്കമില്ലെന്ന് പ്രഖ്യാപിച്ചായിരുന്നു ശോഭയുടെ വരവ്.

വിജയ യാത്ര ഇരുട്ടിയില്‍ എത്തിയപ്പോള്‍ തീപ്പൊരി പ്രസംഗവുമായി ശോഭ നിറഞ്ഞു. മോഡിയുടെ വികസന നേട്ടങ്ങള്‍ എണ്ണി പറഞ്ഞ് വിമര്‍ശിക്കല്‍. കെ സുരേന്ദ്രന്റെ യാത്രയ്ക്ക് ആവേശം വിതറി ബിജെപിയുടെ താര പ്രചാരകയാവുകയാണ് ശോഭാ സുരേന്ദ്രന്‍ വീണ്ടും.

സംസ്ഥാന നേതൃത്വവുമായി പരസ്യ വിയോജിപ്പ് പ്രകടിപ്പിച്ച് വിട്ടു നിന്ന ശോഭാ സുരേന്ദ്രന്‍ 9 മാസങ്ങള്‍ക്ക് ശേഷമാണ് പാര്‍ട്ടി പരിപാടികളില്‍ സജീവമായി പങ്കെടുക്കുന്നത്. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ജാഥയില്‍ തന്നെ സജീവമായി പങ്കെടുക്കുന്നത് പാര്‍ട്ടിയിലെ ഒത്തു തീര്‍പ്പ് ചര്‍ച്ചകള്‍ക്ക് ശേഷമാണ് സംഭവിച്ചത്.

എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്ന് വിട്ടു നില്‍ക്കരുതെന്ന ദേശീയ നേതൃത്വത്തിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ശോഭ വിജയ യാത്രയില്‍ പങ്കെടുത്തതെന്നാണ് ശോഭയുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

നേരത്തെ, താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ശോഭ സുരേന്ദ്രന്‍ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഏത് മണ്ഡലത്തിലാണ് ശോഭാ സുരേന്ദ്രന്‍ മത്സരിക്കുന്നത്? എവിടെയാണ് ശോഭയ്ക്ക് സീറ്റ് കിട്ടാന്‍ പോകുന്നത് എന്ന ഒരു കാര്യത്തിനും കൗതുകമുണ്ടാകേണ്ട കാര്യമില്ല. ഞാന്‍ മത്സരരംഗത്ത് ഉണ്ടാകില്ല എന്ന് സംസ്ഥാന ഘടകത്തെയും അഖിലേന്ത്യാ ഘടകത്തെയും വളരെ നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്,’ എന്നായിരുന്നു ശോഭ സുരേന്ദ്രന്റെ പ്രതികരണം.

പാര്‍ട്ടിയുടെ പ്രചാരണ രംഗത്തുണ്ടാകുമെന്നും ബിജെപിക്ക് മികച്ച വിജയം ഉണ്ടാകുമെന്നും ശോഭ പറഞ്ഞിരുന്നു. ശോഭയുടെ പരസ്യ പ്രതികരണം നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിരുന്നു.

കേരളത്തിലെ സംഘടനാ പ്രശ്നത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ശോഭാ സുരേന്ദ്രന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കണ്ടിരുന്നെങ്കിലും പ്രശ്‌നത്തില്‍ തീരുമാനമായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി കേരളത്തില്‍ എത്തിയപ്പോള്‍ പ്രശ്നത്തെ കുറിച്ച് ചര്‍ച്ച നടത്തിയിരുന്നു.

പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ കാരണം പൊതുവേദിയില്‍ നിന്ന് മാറിനിന്ന ശോഭാ സുരേന്ദ്രന്‍ കഴിഞ്ഞയാഴ്ചയാണ് ജെപി നദ്ദ പങ്കെടുത്ത ബിജെപി ഭാരവാഹി യോഗത്തില്‍ പങ്കെടുത്തത്. അന്ന് സംഘടനാ പ്രശ്നവുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തിന് ശോഭാ സുരേന്ദ്രന്‍ മറുപടി നല്‍കിയിരുന്നില്ല. ദേശീയ അധ്യക്ഷന്‍ പറഞ്ഞതില്‍ കൂടുതലൊന്നും വിഷയത്തില്‍ തങ്ങള്‍ക്ക് പറയാനില്ലെന്നാണ് ശോഭാ സുരേന്ദ്രന്‍ അന്ന് പറഞ്ഞിരുന്നത്.

Exit mobile version