രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് തന്നെ ; പിജെ ജോസഫിന് വീണ്ടും തിരിച്ചടി, അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളി

കൊച്ചി: രണ്ടില ചിഹ്നം സംബന്ധിച്ച കേസില്‍ പി ജെ ജോസഫിന് വീണ്ടും തിരിച്ചടി. രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവച്ചു. സിംഗിള്‍ ബെഞ്ച് വിധിക്കെതിരായി പിജെ ജോസഫ് സമര്‍പ്പിച്ച അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളി.

നേരത്തെ രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അനുവദിച്ചിരുന്നു. ഇതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. ഈ ഉത്തരവിനെതിരെ പിജെ ജോസഫ് ഡിവിഷന്‍ ബെഞ്ചില്‍ നല്‍കിയ അപ്പീലിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ഇപ്പോള്‍ വിധി പുറപ്പെടുവിച്ചത്.

സംസ്ഥാന സമിതി അംഗങ്ങളുടെ എണ്ണം ശരിയായി പരിശോധിക്കാതെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ചത് എന്നായിരുന്നു പിജെ ജോസഫിന്റെ വാദം. ഇക്കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു അപ്പീല്‍ നല്‍കിയത്.

തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവച്ചതോടെ പിജെ ജോസഫിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്.

Exit mobile version