കേരളത്തിന്റെ ഐശ്വര്യം നഷ്ടപ്പെട്ടിട്ട് അഞ്ചുവര്‍ഷമായി: യുഡിഎഫ് വന്നാല്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകും; ധര്‍മ്മജന്‍

തിരുവനന്തപുരം: ‘ശരിക്കും കേരളത്തിന് ഐശ്വര്യം നഷ്ടപ്പെട്ടിട്ട് അഞ്ചുവര്‍ഷമായെന്ന് നടന്‍ ധര്‍മ്മജന്‍. നിപയും രണ്ട് പ്രളയവും കൊവിഡും ഒക്കെയായി കേരളത്തിന് ഐശ്വര്യം നഷ്ടപ്പെട്ടു. അന്ധവിശ്വാസം കൊണ്ട് പറയുകയല്ല. പക്ഷേ എവിടെയൊക്കെയോ എന്തൊക്കെയോ സത്യമില്ലേ എന്നാണ് ഞാന്‍ ആലോചിക്കുന്നത്.’-ധര്‍മ്മജന്‍ പറഞ്ഞു.

പിഎസ്‌സി നിയമനം ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികളെ സന്ദര്‍ശിച്ച് പ്രതികരിക്കുകയായിരുന്നു ധര്‍മ്മജന്‍. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഷാഫി പറമ്പില്‍, ശബരിനാഥന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ധര്‍മ്മജന്‍ നടത്തിയത്. ഉദ്യോഗാര്‍ത്ഥികളുടെ വേദന കാണാനുള്ള മന:സാക്ഷി ഇവിടുത്തെ ഭരണാധികാരികള്‍ക്ക് ഇല്ലെന്നായിരുന്നു ധര്‍മ്മജന്‍ പറഞ്ഞത്. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകുമെന്നും ധര്‍മ്മജന്‍ പറഞ്ഞു.

കേരളം എപ്പോഴും ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് റൈറ്റ് എന്നാണ്. ഇനി നമ്മള്‍ റൈറ്റിലേക്ക് കടക്കേണ്ട സമയമാണ്. റൈറ്റ് ആയാലെ ഈ രാജ്യം നന്നാകുള്ളു. കേരളത്തിന് ഐശ്വര്യമുണ്ടാകുള്ളു. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഈ പ്രശ്‌നങ്ങള്‍ക്ക് എല്ലാം പരിഹാരമുണ്ടാകുമെന്നും ധര്‍മ്മജന്‍ പറഞ്ഞു.

അതേസമയം പി.എസ്.സി ഉദ്യോഗാര്‍ഥികളുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ ഉദ്യോഗസ്ഥതല ചര്‍ച്ച വൈകിട്ട് നടക്കും. സി.പി.ഒ, എല്‍.ജി.എസ് ഉദ്യോഗാര്‍ഥികളുമായാണ് ചര്‍ച്ച.

ആഭ്യന്തര വകുപ്പ് സെക്രട്ടറി ടി.കെ ജോസും എ.ഡി.ജി.പി മനോജ് എബ്രഹാമുമാണ് ചര്‍ച്ച നടത്തുക. ചര്‍ച്ചക്കുള്ള കത്ത് സര്‍ക്കാര്‍ ഉദ്യോഗാര്‍ഥികള്‍ക്ക് കൈമാറി. സി.പി.ഒ, എല്‍.ജി.എസ് വിഭാഗങ്ങളിലെ മൂന്ന് പേരെ വീതമാണ് ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരിക്കുന്നത്. ചര്‍ച്ചയില്‍ തങ്ങളുടെ ആവശ്യങ്ങളുന്നയിക്കുമെന്ന് സമരക്കാര്‍ പറഞ്ഞു.

Exit mobile version