‘ഞാന്‍ വന്നതോടെ കൂടുതല്‍ പേര്‍ ബിജെപിയിലേക്കെത്തും, വോട്ട് ഇരട്ടിയാകും’; ഇ ശ്രീധരന്‍

മലപ്പുറം: താന്‍ ബിജെപിയില്‍ ചേരുന്നതോടെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ട് ഇരട്ടിയാകുമെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍. ഞാന്‍ ബിജെപിയില്‍ ചേര്‍ന്ന ഒറ്റ സംഗതി മതി കൂടുതല്‍ ആളുകള്‍ ബിജെപിയിലേക്ക് വരും. കൂടുതല്‍ വോട്ട് ലഭിക്കും’ മാതൃഭൂമി ന്യൂസിനോട് അദ്ദേഹം വ്യക്തമാക്കി.

വളരെ കാലമായി ബിജെപി അനുഭാവിയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി അടുത്ത ബന്ധമുണ്ട്. ബിജെപി തനിക്ക് ഒരു പരിചയമില്ലാത്ത രാഷ്ടീയപാര്‍ട്ടിയല്ല. സത്യസന്ധതയും ധാര്‍മിക മൂല്യങ്ങളുമുള്ള പാര്‍ട്ടിയാണ് ബിജെപി. അതാണ് ബിജെപിയെ തിരഞ്ഞെടുക്കാന്‍ കാരണമെന്നും ശ്രീധരന്‍ പറഞ്ഞു.


നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കേണ്ടി വരും. പാര്‍ട്ടി പറഞ്ഞാല്‍ അതിന് തയ്യാറാണ്. പ്രകടനപത്രികയിലേക്ക് വേണ്ട തന്റെ നിര്‍ദേശങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. കഴിഞ്ഞ 20 വര്‍ഷമായി കേരളത്തിലേക്ക് മികച്ചൊരു വ്യവസായം കടന്നുവരുന്നില്ല. രാജ്യത്തിനും സംസ്ഥാനത്തിനും ഗുണില്ലാത്ത അടിസ്ഥാന സൗകര്യങ്ങളാണ് കേരളത്തില്‍ ഒരുക്കുന്നത്. രാഷ്ട്രീയ നേട്ടം മാത്രമേ നോക്കുന്നുള്ളൂ. സില്‍വര്‍ ലൈന്‍ പദ്ധതി ഇതിന്റെ ഭാഗമാണ്.

ശബരിമല വിഷയത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വളരെ അനീതിയാണ് കാണിച്ചിട്ടുള്ളത്. അതിന്റെ ഫലം അവര്‍ അനുഭവിക്കേണ്ടി വരും. ബിജെപി വര്‍ഗീയ പാര്‍ട്ടിയല്ല. അവര്‍ ദേശത്തെ സ്നേഹിക്കുന്നവരാണ്. ദേശത്തെ സ്നേഹിക്കുന്നത് വര്‍ഗീയതയല്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്ക് കഴിഞ്ഞ തവണത്തേക്കാള്‍ വലിയ വോട്ട് ലഭിക്കുമെന്നും ശ്രീധരന്‍ കൂട്ടിച്ചേര്‍ത്തു. ബിജെപിയില്‍ നിന്ന് വാഗ്ദാനങ്ങളൊന്നും ലഭിച്ചിട്ടില്ല. ഗവര്‍ണര്‍ സ്ഥാനം ലഭിച്ചാലും സ്വീകരിക്കില്ല. ഏത് മണ്ഡലത്തില്‍ നിന്ന് മത്സരിക്കണമെന്ന് പാര്‍ട്ടി നേതൃത്വവുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും ശ്രീധരന്‍ പറഞ്ഞു.

ഉദ്യോഗസ്ഥനായിരിക്കുമ്പോള്‍ ഒരുപക്ഷം പാടില്ല. ഇപ്പോള്‍ തന്റെ കര്‍മങ്ങളെല്ലാം കഴിഞ്ഞു. നാടിന് എന്തെങ്കിലും ചെയ്യണമെന്നുള്ളതുകൊണ്ടാണ് പാലാരിവട്ടം പാലത്തിന്റെ പണി ഏറ്റെടുത്തത്. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, പിണറായി വിജയന്‍ എന്നിവരോട് തനിക്ക് വലിയ ബഹുമാനമുണ്ട്. എന്നാല്‍ പാര്‍ട്ടി എങ്ങനെയെങ്കിലും ഉയര്‍ത്തണമെന്നതില്‍ മാത്രമാണ് അവരുടെ ശ്രദ്ധ. രാജ്യം പടുത്തുയര്‍ത്തണമെന്നില്ല. എന്നാല്‍ ബിജെപിക്ക് രാജ്യത്തെ പടുത്തുയര്‍ത്തുക എന്നതല്ലാതെ മറ്റൊരു ഉദ്ദേശവുമില്ല.

Exit mobile version