ഇന്ധന വിലവർധനവിന് എതിരെ ഒറ്റയാൾ പോരാട്ടവുമായി നൗഷാദ്; തൃശ്ശൂരിൽ നിന്നും വയനാട്ടിലേക്ക് തനിച്ച് സൈക്കിൾ സഞ്ചാരം; പ്രതിരോധത്തിന് കൈയ്യടിച്ച് മലയാളികൾ

noushad mohamed

തൃശ്ശൂർ: വടക്കേക്കാട് എന്ന ഗ്രാമത്തിൽ നിന്നും വയനാട്ടിലേക്ക് സൈക്കിളിൽ യാത്ര ചെയ്യുക എന്നത് ചിന്തിക്കുന്നതിനും അപ്പുറം സാഹസികമാണ്. പക്ഷെ, അടിക്കടി ഉണ്ടാകുന്ന ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് തൃശ്ശൂരിലെ വടക്കേക്കാട് മുതൽ വയനാട്ടിലെ മേപ്പാടിയിലേക്ക് സൈക്കിളിൽ സഞ്ചരിച്ച് ഒറ്റയാൾ പോരാട്ടം നടത്തുകയാണ് വടക്കേക്കാട് സ്വദേശിയായ നൗഷാദ് മുഹമ്മദ്. സൈക്കിളിൽ ഒരു കൊടിയും പ്രതിഷേധ ബാനറും പ്രദർശിപ്പിച്ചാണ് നൗഷാദിന്റെ യാത്ര. ഇദ്ദേഹത്തിന്റെ യാത്ര സോഷ്യൽമീഡിയയിലും വലിയ ചർച്ചയാവുകയാണ്.

പതിനാറാം തീയതി ആരംഭിച്ച സൈക്കിൽ യാത്ര 160ലേറെ കിലോമീറ്റർ പിന്നിട്ട് വയനാട്ടിലെത്തിയിരിക്കുകയാണ്. 17ാം തീയതി വൈകുന്നേരത്തോടെയാണ് നൗഷാദ് മേപ്പാടിയിൽ എത്തിച്ചേർന്നത്. വയനാട്ടിലേക്ക് പ്രവേശിച്ച നൗഷാദിന് സിപിഎം പ്രവർത്തകരും പൊതുജനങ്ങളും ചേർന്ന് സ്വീകരണവും ഒരുക്കി. യാത്ര പുറപ്പെട്ട നൗഷാദ് ഇടയ്ക്ക് മലപ്പുറത്ത് വെച്ചാണ് അൽപ്പസമയം വിശ്രമിക്കാനെടുത്തത്. തുടർന്ന് യാത്ര തുടർന്ന നൗഷാദ് ബുധനാഴ്ച വൈകുന്നേരം വയനാട് ചുരവും താണ്ടി മേപ്പാടിയിലെത്തിച്ചേരുകയായിരുന്നു. വയനാട്ടിൽ വിശ്രമിച്ച ശേഷം നൗഷാദ് രണ്ടുദിവസത്തിനകം മടങ്ങും. ഒറ്റയാൾ പോരാട്ടത്തിന്റെ വീര്യം ഉൾക്കൊണ്ടുകൊണ്ട് മടക്കവും സൈക്കിളിൽ തന്നെയായിരിക്കുമെന്ന് നൗഷാദ് ബിഗ്‌ന്യൂസ് ലൈവിനോട് പ്രതികരിച്ചു.

ഒരു മാസത്തോളമായി സംസ്ഥാനത്ത് ദിവസവും ഇന്ധനവില കുതിക്കുകയാണ്. രാജ്യത്ത് പലയിടത്തും പെട്രോൾവില 100 കടന്നു. ഇതോടെ മൂന്നക്കം കാണിക്കാനുള്ള സൗകര്യമില്ലാത്ത പെട്രോൾ പമ്പുകളിലെ മെഷീനുകളെല്ലാം മാറ്റാനും നീക്കങ്ങൾ തുടങ്ങിയിട്ടുണ്ട്.

രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഇന്ധന വില സകലസീമകളും ലംഘിച്ച് ഇത്രയേറെ ഉയരം താണ്ടുന്നത്. പക്ഷെ, മുമ്പ് പലതവണ സംഭവിച്ചതുപോലെ ഇന്ധനവിലവർധനവിൽ വേണ്ടവിധത്തിൽ പ്രതിഷേധങ്ങൾ ഇത്തവണ ഉയർന്നുകാണുന്നില്ല. ഇതാണ് നൗഷാദിനെ വേറിട്ട പ്രതിഷേധമെന്ന ചിന്തയിലേക്ക് നയിച്ചത്. തനിച്ച് സൈക്കിൾ യാത്ര നടത്തി നൗഷാദ് കേന്ദ്ര സർക്കാരിനോട് പ്രതിഷേധം രേഖപ്പെടുത്തുകയായിരുന്നു.

ഈ പ്രതിഷേധം കൊണ്ട് ഫലമുണ്ടാകുമോ എന്നതല്ല താൻ ചിന്തിക്കുന്നതെന്നും മറിച്ച് സാധാരണക്കാർക്ക് ഇരുട്ടടിയായി പെട്രോൾ-ഡീസൽ വില കുതിക്കുമ്പോൾ തനിക്കാവും വിധത്തിൽ അമർഷം രേഖപ്പെടുത്തുകയാണ് ഈ പ്രതിഷേധ യാത്രയിലൂടെ ലക്ഷ്യം വെയ്ക്കുന്നതെന്ന് നൗഷാദ് ബിഗ്‌ന്യൂസ് ലൈവിനോട് പറഞ്ഞു.

Exit mobile version