ഉദ്യോഗാര്‍ഥികളുടെ കാലില്‍ വീഴേണ്ടതും മാപ്പ് പറയേണ്ടതും ഉമ്മന്‍ചാണ്ടി: നിയമന നിരോധന ശുപാര്‍ശ മറന്നുപോയോ എന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: ഉദ്യോഗാര്‍ഥികളുടെ കാലില്‍ വീഴേണ്ടത് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. താനാണ് ഇതിനെല്ലാം ഉത്തരവാദിയെന്ന് ഏറ്റുപറയണം. എങ്കില്‍ അവരോട് അല്‍പമെങ്കിലും നീതി പുലര്‍ത്തിയെന്ന് പറയാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. നിയമന നിരോധനം ശുപാര്‍ശ ചെയ്തവരാണ് യുഡിഎഫ്. അക്കാലത്തെ യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ ചാണ്ടിയാണെന്നും പിണറായി ചൂണ്ടിക്കാട്ടി.

കാലാഹരണപ്പെട്ട റാങ്ക് ലിസ്റ്റ് പുനരുജ്ജീവിപ്പിക്കാന്‍ ഏതെങ്കിലും നിയമവും സാധ്യതയും നാട്ടിലുണ്ടോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഇതൊന്നും അറിയാത്തവരല്ല നാട് ഭരിച്ച മുന്‍മുഖ്യമന്ത്രിയും കൂട്ടരും. യുവജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് രാഷ്ട്രീയനേട്ടം കൊയ്യാമോയെന്നാണ് പ്രതിപക്ഷ നേതാക്കള്‍ നോക്കുന്നത്. സമരത്തെ മുന്‍ മുഖ്യമന്ത്രി തന്നെ പിന്തുണയ്ക്കുന്നത് അസാധാരണമെന്നും അദ്ദേഹം പറഞ്ഞു.

2002ല്‍ കോവളത്ത് ചേര്‍ന്ന യുഡിഎഫ് ഏകോപന സമിതി തസ്തിക വെട്ടിക്കുറയ്ക്കലും നിയമന നിരോധനവും അന്നത്തെ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തതാണ്. അന്ന് ഉമ്മന്‍ചാണ്ടിയായിരുന്നു യുഡിഎഫ് കണ്‍വീനര്‍. അതിനെ തുടര്‍ന്നാണ് കേരളത്തില്‍ 32 ദിവസം നീണ്ട സമരം നടക്കാനിടയായത്.

ഉദ്യോഗാര്‍ഥികളോട് സര്‍ക്കാരിന് അനുകമ്പ മാത്രമേയുള്ളു. ചെയ്യാന്‍ കഴിയാവുന്നതിന്റെ പരമാവധി ചെയ്യുക എന്നതാണ് സര്‍ക്കാര്‍ സമീപനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കുട്ടികളെ എന്നും സൗജന്യമായി പഠിപ്പിക്കാമെന്ന് ആരും വ്യാമോഹിക്കണ്ട എന്നാണ് അന്ന് ഉമ്മന്‍ചാണ്ടി പ്രസ്താവന നടത്തിയത്. ആ നിലപാടൊക്കെ ഇപ്പോഴുമുണ്ടോ ഇപ്പോള്‍ ആറ് ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ ഈ സര്‍ക്കാര്‍ കാലയളവില്‍ പൊതുവിദ്യാലയങ്ങളിലേക്ക് പുതുതായി വന്നു ചേര്‍ന്നു.

യുവജനങ്ങളെ തെറ്റിധരിപ്പിക്കാനും വഞ്ചിചിക്കാനുമുള്ള നടപടികളാണ് യുഡിഎഫ് ബോധപൂര്‍വം സ്വീകരിച്ച് വരുന്നത്. യൂണിഫോമിട്ട സേനകളിലേക്കുള്ള റാങ്ക് ലിസ്റ്റിന്റെ കാലവധി മൂന്ന് വര്‍ഷത്തില്‍ നിന്ന് ഒരു വര്‍ഷമായി കുറച്ചത് 2014 ജൂണിലാണ്. അതിനായി അന്നത്തെ പിഎസ് സി ചെയര്‍മാന് അന്നത്തെ ആഭ്യന്തരമന്ത്രി കത്തെഴുതുകയും ചെയ്തു. എന്‍ജെഡി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയാത്തതും ആരുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. ഇതിനൊക്കെ യുഡിഎഫ് ഉദ്യോഗാര്‍ഥികളോട് മറുപടി പറയണം.

ലാസ്റ്റ് ഗ്രേഡിന് കൂടുതല്‍ തസ്തികകള്‍ വേണമെന്ന് പറഞ്ഞ് ഇപ്പോള്‍ സമരം ചെയ്യുന്ന കോണ്‍ഗ്രസ് കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുമ്പോഴാണ് ലാസ്റ്റ് ഗ്രേഡില്‍ നിയമനം തന്നെ പാടില്ലെന്ന് പറഞ്ഞ് പ്രത്യേക സര്‍കുലര്‍ ഇറക്കിയത്. അത് മറന്നുപോയോ, ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ നിയമന നിരോധനത്തിന്റെ ഭാഗമായി 8 ലക്ഷത്തിലധം തൊഴിലവസരങ്ങളാണ് യുവാക്കള്‍ക്ക് ഇല്ലാതായത്. എന്നാല്‍ ഇത്തരം നയങ്ങള്‍ക്കെതിരെ ഒരക്ഷരം ഉരിയാടാത്തവരാണ് തെരഞ്ഞെടുപ്പ് അടുത്തതോടെ പുതിയ തട്ടിപ്പുമായി രംഗത്ത് വന്നിരിക്കുന്നത്.

മൂന്ന് ലക്ഷം താല്‍കാലികക്കാരെ സര്‍ക്കാര്‍ സ്ഥിരപ്പെടുത്തിയെന്ന പ്രതിപക്ഷ പ്രചരണവുംം തെറ്റാണ്. സംസ്ഥാനത്താകെ അഞ്ചരലക്ഷത്തോളം ജീവനക്കാര്‍ മാത്രമാണ്. ഇഷ്ടാനുസരണം ആരെയും സര്‍ക്കാര്‍ സ്ഥിരപ്പെടുത്തിയില്ല. 10 വര്‍ഷമായി സര്‍വീസില്‍ ഉള്ളവര്‍ക്കാണ് സ്ഥിരനിയമനം നല്‍കിയത്. പിഎസ്‌സി നിയമനത്തെ ഈ സ്ഥിരപ്പെടുത്തല്‍ ഒരുതരത്തിലും ബാധിക്കില്ല.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 5910 താല്‍കാലിക ജീവനക്കാരെയാണ് സ്ഥിരപ്പെടുത്തിയത്. ഇതില്‍ പലരും രണ്ട് വര്‍ഷം മാത്രം ജോലി ചെയ്യുന്നവരുമായിരുന്നു. ഒരു മാനദണ്ഡവും പാലിക്കാതെയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സ്ഥിരപ്പെടുത്തല്‍ നടത്തിയത്.

ഈ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമേ റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് തൊഴില്‍ ഉറപ്പാക്കൂ. ഉദ്യോഗാര്‍ഥികളോടൊപ്പം എല്ലാക്കാലത്തും സര്‍ക്കാര്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Exit mobile version