മൂത്തയാള്‍ കാല്‍ വഴുതി വീണതോടെ രക്ഷപ്പെടുത്താന്‍ ഇളയ സഹോദരങ്ങളും ഇറങ്ങി; ആലത്തൂരില്‍ സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

പാലക്കാട്: ആലത്തൂരില്‍ മൂന്ന് സഹോദരങ്ങള്‍ പാറക്കുളത്തില്‍ മുങ്ങി മരിച്ചു. കുനിശേരി കുതിരപ്പാറ പള്ളിമേട്ടില്‍ ഓട്ടോറിക്ഷാഡ്രൈവര്‍ ജസീറിന്റെയും റംലയുടെയും മക്കളായ ജിന്‍ഷാദ് (12), റിന്‍ഷാദ് (7), റിഹാഷ് (3) എന്നിവരാണ് മരിച്ചത്.

ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കരിയംകോട് പള്ളിക്ക് സമീപം കളിക്കുകയായിരുന്നു കുട്ടികള്‍. ഇതിനിടയില്‍ മാങ്ങയുടെ കറ കഴുകിക്കളയാന്‍ കുളത്തിലിറങ്ങിയപ്പോഴാണ് ദാരുണമായ അപകടമുണ്ടായത്.

അയല്‍വാസിയായ മറ്റൊരു പെണ്‍കുട്ടി കൂടി ഒപ്പമുണ്ടായിരുന്നു. കളിക്കിടെ സമീപത്തെ മാവില്‍ നിന്നു പച്ചമാങ്ങാ പറിച്ചിരുന്നു. മാങ്ങാ പറിച്ചപ്പോള്‍ കറ കയ്യില്‍ പറ്റിയതിനെ തുടര്‍ന്ന് കുട്ടികളില്‍ ഒരാള്‍ കുളത്തിലിറങ്ങി കൈ കഴുകി. ഇതിനിടയില്‍ കുളത്തിലേക്ക് കാല്‍ വഴുതി വീഴുകയായിരുന്നു.

മൂത്ത കുട്ടി കാല്‍ വഴുതി വീഴുന്നത് കണ്ട് ജിന്‍ഷാദ് കുളത്തിലേക്ക് ഇറങ്ങി. എന്നാല്‍ ജിന്‍ഷാദും മുങ്ങിതാഴ്ന്നു. ഇത് കണ്ട് നിന്ന ഇളയകുട്ടിയും വെള്ളത്തിലേക്ക് ചാടി. മൂന്നു പേരും കുളത്തില്‍ മുങ്ങിത്താഴുന്നത് കണ്ട് ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടി നിലവിളിച്ചു കൊണ്ട് ഓടി വീട്ടിലെത്തി വിവരം പറയുകയായിരുന്നു.

വീട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും കുട്ടികളുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാര്‍ കുളത്തില്‍ നിന്നും മൂന്നു പേരെയും മുങ്ങിയെടുത്തെങ്കിലും ജീവന്‍ നഷ്ടപ്പെട്ടിരുന്നു. പിന്നീട് ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും അവിടെ നിന്നും താലൂക്കാശുപത്രിയിലേക്ക് കൊണ്ടു പോകുകയും ചെയ്തു.

കുറ്റിയംകോട് കുളം കൃഷിയാവിശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതാണ്. ആദ്യമായാണ് ഇവിടെ മുങ്ങിമരണം ഉണ്ടാകുന്നത്. ജസീറിനും റംലയ്ക്കും ആകെയുണ്ടായിരുന്ന മൂന്ന് കുട്ടികളാണ് കുളത്തില്‍ മുങ്ങി മരിച്ചത്.

Exit mobile version