കേരളത്തിലും കുറവല്ല, 18 വയസിന് താഴെയുള്ള പെണ്‍കുട്ടികളുടെ വിവാഹം കൂടിവരുന്നു; വിവരം കൈമാറിയാല്‍ 2500 രൂപ പാരിതോഷികം

child marriage | Bignewslive

തിരുവനന്തപുരം: ശൈശവ വിവാഹങ്ങള്‍ക്ക് തടയിടാന്‍ പുതിയ തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍. കേരളത്തിലും ശൈശവ വിവാഹം കൂടിവരുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. വിവാഹം നടക്കുന്ന വിവരം അറിയിക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കാനാണ് തീരുമാനം. അതും 2500 രൂപ നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്.

ചില പ്രത്യേക പ്രദേശങ്ങളില്‍ ആകെ നടക്കുന്ന വിവാഹങ്ങളില്‍ 17 ശതമാനവും 18 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളുടേതാണെന്ന് സാമൂഹിക നീതിവകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍ അറിയിക്കുന്നു. എവിടെയങ്കിലും ശൈശവവിവാഹം നടന്നാല്‍ അത് അധികൃതരുടെ ശ്രദ്ധയില്‍പ്പെടാന്‍ ഇപ്പോള്‍ തടസ്സങ്ങളുണ്ട്.

ബന്ധുക്കളോ, നാട്ടുകാരോ വേണം അറിയിക്കാന്‍. അങ്ങനെ അറിയിക്കാന്‍ തയ്യാറാവുന്നവര്‍ വിരളം. ആരെങ്കിലും വിവരം നകിയാലും വകുപ്പിന് നേരിട്ട് കണ്ടെത്താനും കഴിയുന്നില്ല. അധികൃതരുടെ കണ്ണുവെട്ടിക്കാന്‍ മറ്റു സംസ്ഥാനങ്ങളില്‍ക്കൊണ്ടുപോയി കുട്ടികളെ വിവാഹം കഴിപ്പിക്കുന്ന രീതിയും വ്യാപിക്കുന്നുവെന്ന് ബിജു പ്രഭാകര്‍ കൂട്ടിച്ചേര്‍ത്തു.

ഈ സാഹചര്യത്തിലാണ് വിവരം നല്‍കാന്‍ തയ്യാറാകുന്നവരെ പ്രേത്സാഹിപ്പിക്കാന്‍ പാരിതോഷികം നല്‍കുന്നത്. വനിതാ ശിശുക്ഷേമ വകുപ്പ് ഡയറക്ടര്‍ ഇതിനായി നല്‍കിയ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു. അറിയിപ്പ് നല്‍കുന്ന വ്യക്തികളുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. വിവരം നല്‍കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററും ഹെല്‍പ് ലൈനും രൂപവത്കരിക്കും.

Exit mobile version