ഭാഗ്യലക്ഷ്മിയെ അപകീര്‍ത്തിപ്പെടുത്തിയ കേസ്: സംവിധായകന്‍ ശാന്തിവിള ദിനേശന്‍ അറസ്റ്റില്‍

തിരുവനന്തപുരം: ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ പരാതിയില്‍ സംവിധായകന്‍ ശാന്തിവിള ദിനേശന്‍ അറസ്റ്റില്‍. ഭാഗ്യലക്ഷ്മിയുടെ രണ്ടാം പരാതിയില്‍ സൈബര്‍ പോലീസാണ് ദിനേശനെ അറസ്റ്റ് ചെയ്തത്.

നവമാധ്യമങ്ങളിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന ഭാഗ്യലക്ഷ്മിയുടെ പരാതിയില്‍ ഇന്നലെയായിരുന്നു അറസ്റ്റ്. തുടര്‍ന്ന് ജാമ്യത്തില്‍ വിട്ടയച്ചു. തന്നെ പറ്റി അപവാദ പരാമര്‍ശമുള്ള വീഡിയോ യൂട്യൂബില്‍ അപ്ലോഡ് ചെയ്തെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് ഭാഗ്യലക്ഷ്മി പരാതി നല്‍കിയിരുന്നത്.

ഭാഗ്യലക്ഷ്മിയുടെ മൊഴിയെടുത്ത പോലീസ് ശാന്തിവിള ദിനേശിനെ വിളിച്ചുവരുത്തി താക്കീത് നല്‍കിയിരുന്നു. തന്റെ സ്വകാര്യ ജീവിതത്തെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ ദിനേശ് സമൂഹമാധ്യമങ്ങളില്‍ നടത്തിയെന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ പരാതി. തുടര്‍ന്ന് വീഡിയോ നീക്കം ചെയ്തിരുന്നു.

ഭാഗ്യലക്ഷ്മിയുടെ രണ്ടാം പരാതിയിലാണ് ശാന്തിവിള ദിനേശനെ പോലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ നല്‍കിയ പരാതിയില്‍ മ്യൂസിയം പോലീസ് കേസെടുത്തിരുന്നു. ഈ കേസില്‍ ശാന്തിവിള ദിനേശ് കോടതിയില്‍ പോയി മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു.

നേരത്തെ യൂടൂബര്‍ വിജയ് പി നായരെ മര്‍ദ്ദിച്ച കേസില്‍ ഭാഗ്യലക്ഷ്മി ഉള്‍പ്പെടെയുള്ളവര്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു. ഹൈക്കോടതിയാണ് ഭാഗ്യലക്ഷ്മി ഉള്‍പ്പടെ മൂന്ന് പേര്‍ക്കു മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ഡബ്ബിങ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റ് ദിയ സന, ശ്രീലക്ഷമി അറയ്ക്കല്‍ എന്നിവര്‍ക്കാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

Exit mobile version