യൂട്യൂബറെ കൈയ്യേറ്റം ചെയ്ത കേസ്; ഭാഗ്യലക്ഷ്മിക്കും കൂട്ടര്‍ക്കും ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം

കൊച്ചി: അശ്ലീല യൂ ട്യൂബര്‍ വിജയ് പി നായരെ കൈയ്യേറ്റം ചെയ്ത സംഭവത്തില്‍ മൂന്ന് പേര്‍ക്ക് ഹൈകോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഡബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ശ്രലക്ഷ്മി അറക്കല്‍, ദിയ സന എന്നിവര്‍ക്കാണ് കോടതി ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

ഭാഗ്യലക്ഷ്മിയുടേയും മറ്റു പ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് വിജയ് പി നായര്‍ ഹൈകോടതിയില്‍ ഹരജി നല്‍കിയിരുന്നു. തന്റെ മുറിയില്‍ അതിക്രമിച്ച് കയറി സാധനങ്ങള്‍ മോഷ്ടിക്കുകയും തന്നെ മര്‍ദ്ദിക്കുകയും ചെയ്ത പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ അത് തെറ്റായ സന്ദേശം നല്‍കുമെന്നാണ് വിജയ് പി നായരുടെ വാദം.

നേരത്തെ ജാമ്യാപേക്ഷ പരിഗണിച്ച കോടതി മൂവരെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. നിയമം കൈയ്യിലെടുക്കുമ്പോള്‍ അതിന്റെ പ്രത്യാഘാതം അനുഭവിക്കാന്‍ തയ്യാറാവണം എന്ന് നേരത്തെ ജാമ്യാപേക്ഷയില്‍ കോടതി പരാമര്‍ശിച്ചിരുന്നു. ശേഷം വിധി പറയല്‍ മാറ്റി വെച്ചിരിക്കുകയായിരുന്നു.

സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തില്‍ അശ്ലീല പദപ്രയോഗങ്ങള്‍ നടത്തിക്കൊണ്ടുള്ള യൂട്യൂബ് ചാനല്‍ നടത്തിയ വിജയ് പി നായരെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും കൂട്ടരും ചേര്‍ന്ന് മര്‍ദ്ദിക്കുകയും ഇയാളുടെ മുഖത്ത് കരിമഷി ഒഴിച്ച് പ്രതിഷേധിക്കുകയും ചെയ്യുകയായിരുന്നു. ശേഷം അറസ്റ്റുണ്ടാകുമെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്ക് സമര്‍പ്പിച്ചത്. മുന്‍കൂര്‍ ജാമ്യാപേക്ഷ കളില്‍ തീരുമാനമെടുക്കും വരെ മൂന്നു പ്രതികളെയും അറസ്റ്റ് ചെയ്യുന്നത് ഹൈകോടതി തടഞ്ഞിരുന്നു.

Exit mobile version