കത്വ കേസില്‍ മുബീന്‍ ഫാറൂഖിക്ക് പങ്കൊന്നുമില്ല; സാക്ഷിവിസ്താരവും വിചാരണയും പൂര്‍ണ്ണമായും നടത്തിയത് പബ്ലിക് പ്രോസിക്യൂട്ടര്‍: അഡ്വ. ദീപിക സിംഗ് രാജാവത്

തൃശ്ശൂര്‍: കത്വകേസ് ഫണ്ട് പിരിവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ യൂത്ത് ലീഗിന്റെ ആരോപണങ്ങളെ പൊളിച്ചടുക്കി അഡ്വ. സുഭാഷ് ചന്ദ്രന്‍. കേസില്‍ ആദ്യം മുതല്‍ ഇടപെട്ട അഡ്വ. ദീപിക സിംഗ് രാജാവതുമായി നടത്തിയ സംഭാഷണത്തില്‍ നിന്ന്:

കത്വ കേസില്‍ അഭിഭാഷകര്‍ക്കായി 9.35 ലക്ഷം രൂപ ചെലവഴിച്ചെന്ന് യൂത്ത് ലീഗ് പറഞ്ഞിരുന്നു. മാത്രമല്ല ഇരയ്ക്കുവേണ്ടി ഹാജരായ അഭിഭാഷകനെന്ന് പറഞ്ഞ് പഞ്ചാബ് സ്വദേശി മുബീന്‍ ഫാറൂഖിയെ യൂത്ത് ലീഗ് പത്രസമ്മേളനത്തില്‍ ഹാജരാക്കുകയും ചെയ്തിരുന്നു.

എന്നാല്‍ പഠാന്‍കോട്ട് കോടതിയില്‍ പ്രോസിക്യൂഷനു വേണ്ടി നിയമയുദ്ധം നടത്തിയ അഭിഭാഷക സംഘത്തിന് ഫീസ് കൊടുക്കുന്നത് സര്‍ക്കാറാണ്. കത്വ കേസിന്റെ വിചാരണയിലെങ്ങും പബ്ലിക് പ്രോസിക്ക്യൂട്ടര്‍മാരല്ലാതെ സ്വകാര്യ അഭിഭാഷകരാരും ഹാജരായിട്ടുമില്ല. വസ്തുതകള്‍ ഇതായിരിക്കെ അഡ്വ. മുബീന്‍ ഫാറൂഖിയുടെയും മുസ്ലിം യൂത്ത് ലീഗിന്റെയും അവകാശവാദങ്ങളുടെ നിജസ്ഥിതി വ്യക്തമാക്കുകയാണ് അഡ്വ. സുഭാഷ് ചന്ദ്രന്‍.

കത്വകേസ് ഫണ്ട് പിരിവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കൊടുമ്പിരികൊള്ളുന്നതിനിടയിലാണ് കേസ് നടത്തിപ്പിനായി മുസ്ലിം യൂത്ത് ലീഗ് ചുമതലപ്പെടുത്തിയതെന്നവകാശപ്പെട്ട് അഡ്വ. മുബീന്‍ ഫാറൂഖി കേരളത്തിലെത്തി വാര്‍ത്താ സമ്മേളനം നടത്തിയത്. വിവാദങ്ങളുടെ ആദ്യനാള്‍ മുതല്‍ മനസ്സില്‍ ഉയര്‍ന്നുവന്ന നിരവധി ചോദ്യങ്ങളുണ്ടായിരുന്നു.

കത്വ കേസിലെ ഇരയുടെ നീതി ഉറപ്പാക്കാന്‍ ആദ്യഘട്ട പോരാട്ടത്തിനു നേതൃത്വം നല്‍കിയത് സാമൂഹ്യ പ്രവര്‍ത്തക കൂടിയായ അഡ്വ.ദീപിക സിംഗ് രാജാവത് ആയിരുന്നു. ജമ്മു ഹൈക്കോടതിയിലും സുപ്രീം കോടതിയിലും അവര്‍ നടത്തിയത് സൗജന്യ നിയമപോരാട്ടമാണ്. സുപ്രീം കോടതി ഉത്തരവുപ്രകാരം കേസിന്റെ വിചാരണ പഠാന്‍കോട്ട് അതിവേഗ കോടതിയിലേക്കു മാറ്റുകയും ദൈനം-ദിന വിചാരണ നടപടികള്‍ക്കൊടുവില്‍ പ്രതികളെ പഠാന്‍കോട്ട് കോടതി ശിക്ഷിക്കുകയും ചെയ്തു.

പഠാന്‍കോട്ട് കോടതിയില്‍ പ്രോസിക്യൂഷനു വേണ്ടി നിയമയുദ്ധം നടത്തിയത് നാലോളം വരുന്ന അഭിഭാഷക സംഘമാണ്; ഇവര്‍ക്ക് ഫീസ് കൊടുക്കുന്നതാകട്ടെ സര്‍ക്കാരാണ്. കത്വ കേസിന്റെ വിചാരണയിലെങ്ങും പബ്ലിക് പ്രോസിക്ക്യൂട്ടര്‍മാരല്ലാതെ സ്വകാര്യ അഭിഭാഷകരാരും ഹാജരായിട്ടുമില്ല. വസ്തുതകള്‍ ഇതായിരിക്കെ അഡ്വ. മുബീന്‍ ഫാറൂഖിയുടെയും മുസ്ലിം യൂത്ത് ലീഗിന്റെയും അവകാശവാദങ്ങള്‍ മുഖവിലക്കെടുത്താല്‍ തന്നെ യൂത്ത് ലീഗ് മറുപടി പറയേണ്ട ചില ചോദ്യങ്ങളുണ്ട്.

1.അഡ്വ. മുബീന്‍ ഫാറൂഖി വന്‍തുക ഫീസ് നല്‍കി മുസ്ലിം യൂത്ത് ലീഗ് ചുമതലപ്പെടുത്തിയ പ്രകാരം ഇരയുടെ കുടുംബത്തിനു വേണ്ടി വിചാരണ നടപടികളില്‍ പങ്കെടുത്തിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ സാന്നിധ്യമോ (appearance) വാദങ്ങളോ (submissions) വിചാരണ കോടതി രേഖകളില്‍ കാണേണ്ടതല്ലേ ?

2. ഇരുപത്തയ്യായിരം രൂപയിലധികം വരുന്ന തുക വ്യക്തികള്‍ തമ്മില്‍ പണമായി കൈമാറാന്‍ പാടില്ലെന്നിരിക്കെ മുസ്ലിം യൂത്ത് ലീഗ് അഡ്വ. മുബീന്‍ ഫാറൂഖിക്ക് ഫീസായി നല്‍കിയെന്നു പറയുന്ന വന്‍തുക ബാങ്ക് ട്രാന്‍സ്ഫര്‍ വഴി ആകുമല്ലോ ?

പതിനായിരങ്ങള്‍ വിമാനത്തുകയായി മുടക്കി ഫാറൂഖിയെ പഞ്ചാബില്‍ നിന്നും കേരളത്തിലേക്ക് ആനയിച്ചു വാര്‍ത്താ സമ്മേളനം നടത്തി വിശദീകരിക്കുന്നതിനു പകരം പൊതുസമക്ഷമുള്ള കോടതി വിധിയും മുസ്ലിം യൂത്ത് ലീഗ് കൈവശമുള്ള ബാങ്ക് സ്റ്റേറ്റ്‌മെന്റും കേരളീയ സമൂഹത്തിനു മുന്നില്‍ പരസ്യപ്പെടുത്തിയാല്‍ തീരുന്നതല്ലേ കത്വ കേസ് സംബന്ധിച്ച വിവാദങ്ങള്‍. എന്നിട്ടും അതിനു മുതിരാതെ വാര്‍ത്താ സമ്മേളനങ്ങളില്‍ നിന്നും വാര്‍ത്താ സമ്മേളനങ്ങളിലേക്ക് ഓടേണ്ട ഗതികേട് യൂത്ത് ലീഗ് നേതൃത്വത്തിന് വന്നതെന്തേ?

ഈ ചോദ്യങ്ങള്‍ക്കുള്ളക്കുള്ള ഉത്തരം യൂത്ത് ലീഗ് നേതൃത്വത്തിന് ഇല്ലെന്നറിയാവുന്നതു കൊണ്ടാണ് കത്വ ഇരയ്ക്കു നീതി ഉറപ്പാക്കാന്‍ കേസില്‍ ആദ്യാവസാനം ഇടപെട്ടിരുന്ന അഡ്വ. ദീപിക സിംഗ് രാജാവതിനെ ബന്ധപ്പെട്ടത്.

അഡ്വ. ദീപിക തന്ന മറുപടി ഇങ്ങനെ : ”വിചാരണ നടത്തിയത് പബ്ലിക് പ്രോസിക്യൂട്ടര്‍ ആണ്, എല്ലാവര്‍ക്കും അറിയാവുന്നതുപോലെ പബ്ലിക് പ്രോസിക്യൂട്ടര്‍ക്കു പണം നല്‍കേണ്ട കാര്യമില്ല.മുബീന്‍ ഫാറൂഖിയെന്നു പേരുള്ള , യഥാര്‍ത്ഥത്തില്‍ വിചാരണ നടപടികളില്‍ പങ്കെടുക്കാത്ത ഒരു വക്കീല്‍ എല്ലാവരോടും പറയുന്നത് അദ്ദേഹം വിചാരണയില്‍ പങ്കെടുത്തു എന്നാണ്. വിചാരണ പൂര്‍ണ്ണമായും നടത്തിയത് പബ്ലിക് പ്രോസിക്യൂട്ടര്‍ ആണ്; ഞാന്‍ വളരെ വ്യക്തമായും ശക്തമായും പറയുന്നു – ഒരു സ്വകാര്യ അഭിഭാഷകനും വിചാരണ നടപടികളില്‍ പങ്കെടുത്തിട്ടില്ല. എനിക്കറിയാം എങ്ങിനെയാണ് വിചാരണ നടന്നതെന്ന്; ഒരു സ്വകാര്യ അഭിഭാഷകനും വാദങ്ങളിലോ സാക്ഷി വിസ്താരത്തിലോ മറ്റേതെങ്കിലും നടപടികളിലോ രക്ഷിതാക്കളെ പ്രതിനിധീകരിച്ചു പങ്കെടുത്തിട്ടില്ല.ഇതെല്ലാം കോടതി രേഖകളുടെ ഭാഗമാണ്, നിങ്ങള്ക്ക് ആരില്‍നിന്നും പരിശോധിക്കാവുന്നതാണ്. പഠാന്‍കോട്ട് കോടതിയില്‍ നിയമയുദ്ധം നടത്തിയത് പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ മാത്രമായിരുന്നു”

സമൂഹ മനസാക്ഷിയെ പിടിച്ചുലക്കുന്ന കുറ്റകൃത്യങ്ങളിലും ഭരണഘടനാ ലംഘനങ്ങളും പോലീസ് അതിക്രമങ്ങളുമെല്ലാം ഉണ്ടാകുമ്പോള്‍ പണം വാങ്ങാതെ സൗജന്യ നിയമസഹായം വാഗ്ദാനം ചെയ്യുന്ന ഒരുപറ്റം അഭിഭാഷകരുള്ള നാടാണ് നമ്മുടേത്. ഗോസംരക്ഷണത്തിന്റെ പേരില്‍ നടന്ന അതിക്രമങ്ങള്‍, JNU-Jamia കേസുകള്‍, CAA കേസുകള്‍, ഡല്‍ഹി കലാപ കേസുകള്‍, കര്‍ഷക പ്രക്ഷോഭം സംബന്ധിച്ച കേസുകള്‍ തുടങ്ങി സമീപ ഭൂതകാലത്തെ ശ്രദ്ധേയമായ നിരവധി കേസുകളില്‍ ലക്ഷങ്ങള്‍ പ്രതിഫലം പറ്റുന്ന സുപ്രീം കോടതിയിലെ എണ്ണം പറഞ്ഞ സീനിയര്‍ അഭിഭാഷകര്‍ ഹാജരായിരുന്നത് ഒരുരൂപ പോലും പ്രതിഫലം വാങ്ങാതെയാണ്. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കു വേണ്ടി സുപ്രീംകോടതിയില്‍ ഉഥഎക സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയില്‍ വര്‍ഷങ്ങളോളം മുതിര്‍ന്ന അഭിഭാഷകരുള്‍പ്പടെ ഹാജരായിരുന്നത് സൗജന്യമായായിരുന്നു. അതിനിടയിലാണ്, ചണ്ഡീഗഡ് ഹൈക്കോടതി പോട്ടെ, പഠാന്‍കോട്ട് ബാറില്‍ പോലും ചിരപരിചിതനല്ലാത്ത അഡ്വ. മുബീന്‍ ഫാറൂഖിക്ക് വന്‍തുക ഫീസ് കൊടുത്തു കേസ് നടത്തിയെന്ന യൂത്ത് ലീഗിന്റെ അവകാശവാദം.

പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച വിചാരണ കോടതി നടപടി പോരെന്നും വധശിക്ഷ നല്‍കണമെന്നുമാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ അപ്പീലിനു പുറമെ കത്വ കേസിലെ ഇരയുടെ പിതാവ് ഹൈകോടതിയെ സമീപിച്ച വാര്‍ത്ത നിരവധി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രസ്തുത വാര്‍ത്തകളിലെല്ലാം ഇരയുടെ കുടുംബത്തിന്റെ അഭിഭാഷകരായി സൂചിപ്പിച്ചിരിക്കുന്നത് Adv.RS Bains, Adv.Utsav Bains തുടങ്ങിയവരെയാണ്; ഒരൊറ്റ വാര്‍ത്തയില്‍പോലും അഡ്വ. മുബീന്‍ ഫാറൂഖിയെ കണ്ടില്ല.

https://www.tribuneindia.com/news/archive/j-k/kathua-victim-s-father-seeks-death-penalty-for-convicts-800155#:~:text=In%20the%20appeal%20filed%20through%20counsel%20Rajvinder%20Singh,a%20community%20by%20killing%20and%20raping%20a%20

Court assures Kathua victim’s father of justice, issues notice to convicts, J&K govt

https://indianexpress.com/article/india/kathua-rape-murder-victim-father-moves-hc-death-for-main-convicts-5824525/

ഇനി അഡ്വ. മുബീന്‍ ഫാറൂഖി തന്നെയാണ് ഇരയുടെ കുടുംബത്തിന്‍െ അഭിഭാഷകന്നെന്നു കരുതുക. എന്നാലും 2020 ജനുവരി 23 നു വന്ന വാര്‍ത്ത ഗൗരവതരവും അസ്വസ്ഥജനകവുമാണ്.

ശിക്ഷിക്കപ്പെട്ട പ്രതികള്‍ സമര്‍പ്പിച്ച അപ്പീലില്‍ എതിര്‍ഭാഗം അഭിഭാഷകര്‍ ഹാജരാകുന്നില്ലെന്നും ഈ നില തുടര്‍ന്നാല്‍ അമിക്കസ് ക്യൂറിയെ നിയമിക്കേണ്ടിവരുമെന്നും വരെ ഹൈക്കോടതിക്കു പറയേണ്ടി വന്നു. വന്‍തുക ഫീസ് വാങ്ങുക മാത്രമല്ല, സമയത്തു കോടതിയില്‍ ഹാജരായി പ്രതികളുടെ അപ്പീലിനെ എതിര്‍ക്കലും താങ്കളുടെ ജോലിയാണെന്ന് യൂത്ത് ലീഗ് നേതൃത്വം അഡ്വ. മുബീന്‍ ഫാറൂഖിയെ ഓര്മപ്പെടുത്തിയിരുന്നോ എന്തോ ?
https://indianexpress.com/…/kathua-gangrape-case-no…/
ചുരുക്കിപ്പറഞ്ഞാല്‍ ആയിരക്കണക്കിനു വിശ്വാസികള്‍ മനമറിഞ്ഞു തന്ന പണം ദുരുപയോഗം ചെയ്തിട്ടുണ്ടെങ്കില്‍ സത്യം പുറത്തുവരും വരെ കത്വ ഇരയുടെ ആത്മാവ് നിങ്ങളെ വേട്ടയാടിക്കൊണ്ടിരിക്കുക തന്നെ ചെയ്യും.
അഡ്വ. സുഭാഷ് ചന്ദ്രന്‍ കെ ആര്‍

Exit mobile version